Apr 17, 2010

ഡിട്രോയിറ്റ് നദിക്കരയില്‍ - ഭാഗം -1

അമേരിക്കയിലും പിന്നീട് ലോകം മുഴുവനും കഴിഞ്ഞ വര്‍ഷം പടര്‍ന്നുപിടിച്ച ഒരു രോഗമായിരുന്നു കടുത്ത സാമ്പത്തിക മാന്ദ്യം . ഈ ആഗോള പ്രതിഭാസത്തില്‍ പെട്ട് അമേരിക്കയിലെ ചില സ്കൂളുകളും കോളേജ്കളും സ്ഥിരമായോ ചിലത് താല്‍ക്കാലികമായോ അടച്ചിടപ്പെട്ടു .അങ്ങനെ അടച്ചിടപ്പെട്ട ഒരു കോളേജാണ് ബ്ലോഗേര്‍സ് കോളേജ് .ചില വിദ്യാര്‍ഥികളും  വാദ്ധ്യാന്മാരും,  കാത്തിരുന്ന ഒരവസരം എന്ന കണക്കെ സ്ഥിരമായി കുറ്റി മാറ്റി കെട്ടപ്പെടുകയോ , തൊഴുത്തുകള്‍ മാറുകയോ ചെയ്തു . എന്നാല്‍ ബാപ്പ ഊ ... ഉസ്കൂള്‍ തുറന്നത് എന്ന ചോദ്യം പോലെ ഇത്രയും ബുദ്ധിമുട്ടി കഷ്ടപ്പെട്ട് ബൂലോകത്ത് ബൂലോകര്‍ക്കായി ഒരു കോളേജ് സ്ഥാപിച്ചത് ? എന്ന് ഞാന്‍ ചോദിക്കുകയാണ് കുട്ടികളെ !!.ബൂലോകരുടെ നഷ്ടപ്പെട്ട ബുദ്ധിസ്ഥിരത , ഊര്‍ജ്ജസ്വലത എന്നിവ തിരികെ കൊണ്ടുവരിക എന്നതായിരുന്നുവല്ലോ നമ്മുടെ ആത്യന്തികമായ ലക്‌ഷ്യം .ആ ലക്‌ഷ്യം നിറവേറ്റപ്പെടുവാനായി അവസാന കുട്ടി ക്ലാസ്സില്‍ കയറി ഇരിക്കുന്നത് വരെ ക്ലാസ്സ്‌ എടുക്കണം എന്നതാണ് മാനേജ്‌മന്റ്‌ തീരുമാനം .ആ തീരുമാനത്തില്‍ നിന്നും വ്യതിചലിക്കുവാന്‍ എനിക്ക് കഴിയില്ല എന്ന് മനസിലാക്കി , സാമ്പത്തിക പ്രയാസങ്ങള്‍ , ബുദ്ധിമുട്ടുകള്‍ എന്നിവ ഉണ്ടായിരുന്നിട്ടു കൂടി വീണ്ടും ക്ലാസ്സുകള്‍ ആരംഭിക്കുവാന്‍ കോളേജിന്റെ വൈസ് പ്രിന്‍സി എന്ന നിലയില്‍ ഞാന്‍ ആലോചിക്കുകയാണ് .

രാഷ്ട്രീയത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ വരും എന്ന പ്രധാനമന്ത്രി ശ്രീ .മന്‍മോഹന്‍ സിംഗിന്റെ പ്രസ്താവന വരുന്നതിന് മുന്‍പ് തന്നെ സ്വന്തം ജീവിതത്തില്‍ നാമെല്ലാം മനസിലാക്കിയ ഒരു കാര്യമാണ് .ഒരിക്കല്‍ സ്വാമിയായിരിക്കുന്ന ആളാകും പിന്നെ ജയില്‍ പുള്ളിയും ആസാമിയും ആയി മാറുന്നത് .അല്ലെങ്കില്‍ രാജാവാകും ദാസനായി മാറുന്നത് . നമ്മുടെ സന്തോഷ്മാധവന്‍ ഇപ്പോള്‍ ജയിലില്‍ ജോലി ചെയ്തു തുടങ്ങിയിരിക്കുന്നു . വിദേശകാര്യ മന്ത്രി തരൂര്‍ ചിലപ്പോള്‍ നാളെ വെറും എം പി ആയി മാറാം . കാലത്തിന്‍ ഗതി ആരാല്‍ നിശ്ചയിക്കുവാന്‍ കഴിയും . ഉയര്‍ച്ചകളും താഴ്ചകളും ഇല്ലാത്ത ജീവിതമുണ്ടോ ? ഏതായാലും തരൂര്‍ സാറിന്റെ കാറ്റ് സോണിയാജിയുടെ കോണ്‍ഗ്രസ്‌ ഊരിവിടുമോ എന്ന് കണ്ടറിയണം .ക്ലാസ്സില്‍ രാഷ്ട്രീയം പറയരുത് എന്നാണ് ലിഖിത നിയമം.
 നമ്മുടെ വിഷയത്തിലേക്ക് കടക്കുന്നതിന് ആ പ്രസ്താവനയും ആവശ്യം എന്ന് തോന്നിയത് കൊണ്ടാണ് എഴുതിയത് .

തരൂറിനെ പോലെ തന്നെ കുട്ടിക്കാലത്ത് തന്നെ എനിക്കും ഒരു മോഹമുണ്ടായിരുന്നു . ആ മോഹം വളരുമ്പോള്‍ കൊച്ചിക്ക്‌ വേണ്ടി ഒരു ക്രിക്കെറ്റ് ടീം സ്വന്തമായി വാങ്ങണം എന്നതായിരുന്നില്ല . എന്‍റെ മോഹം തീരെ ചെറിയ മോഹമായിരുന്നു . വളരുമ്പോള്‍ എസ്.കെ പൊറ്റക്കാട് സാറിനെ പോലെ യാത്രാക്കുറിപ്പുകള്‍ എഴുതി ജ്ജാനപീഠം അവാര്‍ഡ്‌ വാങ്ങണം എന്ന തീരെ ചെറിയ മോഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ . അതുകൊണ്ട് തന്നെ തീരെ ചെറുപ്പത്തിലെ തന്നെ യാത്രാ കുറിപ്പുകള്‍ ഞാന്‍ എഴുതുവാന്‍ തുടങ്ങി . ദിവസവും രാവിലെ സ്കൂളില്‍ പോകുന്ന വഴിയും തിരികെ ഉള്ള വഴിയിലെയും കാഴ്ചകള്‍ അനുഭവങ്ങള്‍ , അന്നെന്റെ കയ്യില്‍ ക്യാമറ ഇല്ലാത്തത് കൊണ്ട്‌ കാഴ്ചകള്‍ വരയിലും ഞാന്‍ ഒതുക്കി എന്‍റെ ആഗ്രഹ പൂര്‍ത്തികരണത്തിന്റെ വഴികള്‍ തേടിയിരുന്നു . ഒരു നാള്‍ ക്ലാസ്സിലെ അമ്മിണി ടീച്ചര്‍ എന്‍റെ കുറിപ്പുകള്‍ കാണുവാന്‍ ഇടയായി .കുറിപ്പുകള്‍ കണ്ട അമ്മിണി ടീച്ചര്‍ക്ക്‌ എന്നോട് വളരെയധികം ഇഷ്ടം തോന്നിയത് കൊണ്ടാകാം , ആ പേപ്പറുകള്‍ മുഴുവന്‍ കീറിക്കളഞ്ഞു . എന്നിട്ട് നീളന്‍ ചൂരല്‍ എടുത്ത് സ്നേഹത്തോടെ എന്‍റെ ചന്തിക്ക് പെടയും ചീത്തവിളിയും , ക്ലാസ്സിനു പുറത്താക്കലും .പിന്നീട് ആലോചിച്ചപ്പോഴാണ് എന്തിനാണ് ടീച്ചര്‍ എന്നെ തല്ലിയതിന്റെ അര്‍ഥം മനസിലായത് . ഞാന്‍ കണ്ടതും കേട്ടതും വരച്ചതും എല്ലാം അമ്മിണി ടീച്ചറുടെ ഏക മകള്‍ സൂസമ്മയുടെ ഭൂപ്രകൃതിയെ കുറിച്ചായിരുന്നു . പിന്നീട് ഞാന്‍ ജ്ജാനപീഠം എന്ന മോഹം തന്നെ മനസില്‍ നിന്നും കളഞ്ഞു . അങ്ങനെ ചെറുപ്പം മുതലേ മോഹങ്ങളുടെ ഉയര്‍ച്ച താഴ്ചകളും എന്നെങ്കിലും പീഠം കയറുമെന്നും ഞാന്‍ സ്വപ്നം കണ്ടിരുന്നു .

പിന്നീട് ഹോന്ഗ്കോണ്ഗ് , സിങ്കപ്പൂര്‍ , മലേഷ്യ ,ദുബായി , മസ്ക്കറ്റ് , ബഹറിന്‍ , കുവൈറ്റ്‌ ,ജര്‍മ്മനി , ഇറ്റലി , അമേരിക്കയിലെ വനാന്തര്‍ഭാഗങ്ങള്‍ എന്നീ ഭൂഖണ്ഡങ്ങളില്‍ ഞാന്‍ പലപ്പോഴും സഞ്ചരിച്ചിട്ടുണ്ടെങ്കിലും ഒരിക്കല്‍പോലും ഒരു യാത്രാക്കുറിപ്പ് എഴുതുവാന്‍ കഴിഞ്ഞില്ലല്ലോ  എന്ന കാര്യത്തില്‍ ഞാന്‍ ആതീവ ദുഖിതനായിരുന്നു . അങ്ങനെ ഇരിക്കുമ്പോഴാണ് അമേരിക്കന്‍ വനാന്തര്‍ഭാഗത്തെ എന്‍റെ വീട്ടില്‍ നിന്നും ഒന്നര മൈല്‍ മാത്രം ദൂരെയുള്ള , ചൂണ്ടയിടാന്‍ പോകുന്ന , വെളുത്ത മദാമ്മമാരുടെ തൊലികള്‍ കാണാന്‍ പോകുന്ന ,    അതിവിശാല  അയ്യപ്പാസ് ഷോറൂം പോലെ കിടക്കുന്ന  ലൈബ്രറി നില്‍ക്കുന്ന നദിക്കരയെ പറ്റി ഒരായിരം കഥകള്‍ പറയുവാനില്ലേ എന്നത് ഒരു ബോധോദയം പോലെ എന്‍റെ തലമണ്ടക്ക് ടോര്‍ച്ച് കൊണ്ടാടിച്ചത് .

ഇതാണോ മുറ്റത്ത് മുല്ലക്ക് മണം ഇല്ല എന്നൊക്കെ പറയുന്നത് ?

 കാര്യങ്ങള്‍ ഓര്‍ത്ത്‌ ഹൃദയം നൊന്തു , പശ്ചാത്തപിച്ചു . എന്തൊരു ക്രൂരത   !!.

ഇങ്ങനെ പശ്ചാത്താപ വിവശനായിട്ടാണ് രാത്രിക്കാലങ്ങളില്‍  ഡിട്രോയിറ്റ് നദിക്കരയില്‍ എന്ന ബ്ലേഖന പരമ്പര എഴുതുവാന്‍ ആരംഭിച്ചത് .ഇത് കാണ്ഡം കാണ്ഡമായി പ്രസിദ്ധീകരിക്കണം അവസാനം ബ്ലുസ്തകമായി ഇറക്കണം എന്നെല്ലാം ആഗ്രഹമുണ്ട് . ഞാന്‍ ബ്ലേഖന പരമ്പര ക്ലാസ്സിലെ കുട്ടികള്‍ക്കായി എഴുതുകയാണ് . അതിലെ ചില പടങ്ങള്‍ നമ്മുടെ ലൈബ്രറിയില് പോയി ക്ലിക്കി ക്ലിക്കി വലുതാക്കി കാണാം . അതിന്റെ വിശദാംശങ്ങള്‍ കൂടുതല്‍ ചിത്രങ്ങള്‍ എന്നിവ ഉടനെ കാണാം . കോളേജില്‍ ഇതുവരെയും ഫീസ്‌ തരാത്ത കുട്ടികള്‍ ദയവായി ലൈബ്രറിയില് പോകരുത് . എല്ലാവരെയും അടുത്ത ക്ലാസ്സില്‍ കാണാം . അതുവരെ വണക്കം .‍


‍ തുടരും
അഡ്മിഷന്‍ ആരംഭിച്ചു.കോഴ്സുകള്‍.. ഗഥാ ബ്ലോഗിനിയിറിങ്. ഗവിത ബ്ലോഗിനിയറിങ്. ബാച്ചിലര്‍ ഓഫ് കമന്റിങ്. ഭാഷാവൈകല്യം(റിസര്‍ച്ച്). മിലിട്ടറി എഞ്ജിനിയറിങ്ങ്.അലോപ്പൊതി.ആയുര്‍വേദം.തിരുമ്മല്‍(മസാജ്).ചൊറിയല്‍.

ക്ലാസ്സിലെ കുട്ടികള്‍