May 5, 2010

ജ്വാലിക്ക് പോകുമ്പോള്‍ ....

കഴിഞ്ഞ അധ്യായന വര്‍ഷം ബ്ലോഗേര്‍സ് കോളേജില്‍ കാര്യമായ ക്ലാസുകള്‍ പലവിധ കാര്യങ്ങളാല്‍ നടന്നില്ല എങ്കിലും പരീക്ഷാ ഫലങ്ങള്‍ വന്നപ്പോള്‍ ബ്ലോഗേര്‍സ് കോളേജില്‍ നിന്നും പരീക്ഷക്കിരുന്ന ഒട്ടു മിക്ക കുട്ടികളും തൊണ്ണൂറ്റൊന്പതേ മുക്കാല്‍ ശതമാനത്തോട് കൂടി  വിജയതിലകം ചൂടി എന്ന കാര്യം അഭിമാനത്തോട് കൂടി തന്നെ പറയട്ടെ !!.

 കൂതറ കുട്ടികള്‍ ക്ലാസ്സില്‍ കയറാതെ സമരം ചെയ്തും ചീത്ത വിളിച്ചും നടന്നവര്‍  ആനമുട്ടയും ഇട്ടു തലയില്‍ തൊപ്പിയും വെച്ചു പോയപ്പോഴാണ് നമ്മുടെ കുട്ടികള്‍  ഇത്തരത്തില്‍ ഒരു വിജയം നേടിയത് എന്നോര്‍ക്കണം . പഠന കാര്യത്തില്‍ ഈ കോളേജിലെ കുട്ടികളെ ഞാന്‍ ഈ സമയം അഭിനന്ദിക്കുകയാണ് . നമ്മുടെ കോളേജ് ലൈബ്രറിയില് നിന്നും പുസ്തകങ്ങള്‍ എടുത്ത് വായിക്കുകയും ‍അധികമാരും അറിയാതെ എന്‍റെ അടുക്കല്‍   സ്പെഷ്യല്‍ ടൂസന്   വന്നതുകൊണ്ടുമാണ് ഇത്തരത്തില്‍ ഒരു വിജയം അവര്‍ കൊയ്യ്തെടുത്തത് എന്ന് പ്രതെയ്കം എടുത്ത് പറയേണ്ട വസ്തുതയാണ് .

കഴിഞ്ഞ കൊല്ലം പഠിച്ചവര്‍ ഇനിയും ജ്വാലികള്‍ അന്വഷിച്ച് പോകുമ്പോള്‍ അവര്‍ക്ക് പ്രയോജനപ്പെടുന്ന ചില കാര്യങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി പറയണം എന്ന് കരുതുന്നു . ഇത് പറഞ്ഞു തരുന്നത് , നിങ്ങള്‍ ഉന്നതമായ നിലകളില്‍ എത്തിയതിനു ശേഷം എന്നെ ഇരുട്ടത്തോ വെട്ടത്തോ വെച്ച്‌ എന്നെ കാണുമ്പോള്‍ കരണം പുകയ്ക്കുന്നതിനു വേണ്ടിയാണ് . എല്ലാവരും ശ്രദ്ധിച്ച് കേള്‍ക്കണം .
  1. നിങ്ങള്‍ ജ്വാലികളുടെ ഇന്റര്‍വ്യൂന് പോകുമ്പോള്‍ കഴിവതും നേരത്തെ തന്നെ എത്താന്‍ ശ്രമിക്കുക . സമയത്തിന് ഓടിക്കിതച്ച് വിയര്‍ത്തൊലിച്ചു വിയര്‍പ്പു മണവുമായി ചെന്ന് കയറുന്നതിലും നല്ലതാണ് ഒരര മണിക്കൂര്‍ മുന്നേ അവിടെ എത്തുന്നത് . ഇനി വഴി തെറ്റി പോയി എന്ന് വന്നാല്‍ , കമ്പനിയില്‍ ഒന്ന് വിളിച്ച് പറഞ്ഞാലും , വിളിച്ച് ചോദിച്ചാലും ഒന്നും സംഭാവിക്കുവാനില്ല .
  2. കൂടുതല്‍ കേള്‍ക്കുക , കുറച്ചു സംസാരിക്കുക എന്നതായിരിക്കണം ഒരു ജോലി അന്വഷകന്റെ മുദ്രാവാക്യം . എപ്പോഴും മനസ്സില്‍ കുറിച്ചിടേണ്ട കാര്യമാണ് ഇത് . നമ്മള്‍ പണ്ടുണ്ടായ കാര്യങ്ങളും പാളയില്‍ ഉറങ്ങിയ കാര്യങ്ങളും ഒന്നും പറയേണ്ടതില്ല . മിക്ക കുട്ടികള്‍ക്കും ഒരു വിചാരമുണ്ട് , അവരെല്ലാം മറ്റുള്ളവരേക്കാള്‍ മിടുക്കരാണ് എന്ന് . കൂടുതല്‍ സംസാരിച്ചു മിടുക്കുകള്‍ കാട്ടേണ്ട ഒരു സ്ഥലമല്ല ഇന്റര്‍വ്യൂ ബോര്‍ഡ്‌ . നമ്മള്‍ ആകെ സംസാരത്തിന്റെ 40 % ല്‍ താഴെ മാത്രമേ സംസാരിക്കുവാന്‍ പാടുള്ളൂ .
  3. എപ്പോഴും ഇന്റര്‍വ്യൂ ചെയ്യുന്ന ആളിന്റെ ശരീര ഭാക്ഷ ശ്രദ്ധിക്കണം . മുന്നിലിരിക്കുന്ന ശവി / വം ഒഴിഞ്ഞ് പോകട്ടെ എന്ന് മനസ്സില്‍ കരുതിക്കൊണ്ട് അയാളുടെ വാച്ചിലോ അടുത്തു സംഭവിക്കുന്ന കാര്യങ്ങളിലോ ശ്രദ്ധ തിരിച്ചാല്‍ മനസിലാക്കുക , നിങ്ങളുടെ കാര്യം അവിടെ തീര്‍ന്നു എന്ന് .അടുത്ത പരിപാടിയിലേക്ക് കാര്യങ്ങള്‍ മുന്നോട്ട് നീങ്ങില്ല .
  4. ചില കമ്പനികളില്‍ ആരും അധികനാള്‍ ജോലി ചെയ്യാറില്ല . ഇതിന്റെ കാരണങ്ങളും ആരും അന്വഷിക്കാന്‍ മിനക്കെടാറില്ല . ജ്വാലിക്കു കയറും മുന്‍പേ കമ്പനിയുടെ ഒരു ചെറു വിവരം ഉള്ളത് നല്ലതാണ് .ചിലപ്പോള്‍ ഇന്റര്‍വ്യൂ സമയത്ത് തന്നെ ഇത് നിങ്ങള്‍ക്ക് മനസിലാകും , എങ്ങനെ മനസിലാകും എന്ന്വച്ചാല്‍ , ഇന്റര്‍വ്യൂ ചെയ്യുന്ന ആള്‍ മുന്‍പ് ജോലി ചെയ്ത ആളുകളെ കുറിച്ചുള്ള കുറ്റങ്ങള്‍ നിങ്ങളോട് പറഞ്ഞാല്‍ മനസിലാക്കുക . നാളെ നിങ്ങളുടെയും ഗതി ഇതൊക്കെ തന്നെ . എന്ത് ചെയ്യണം എന്നൊക്കെ നിങ്ങള്‍ തന്നെ തീരുമാനിക്കുക .
  5. സുപ്രധാന ജ്വാലികള്‍ക്ക് വേണ്ടിയാണ് നിങ്ങള്‍ ഇന്റര്‍വ്യൂവിന് എത്തിയിട്ടുള്ളതെങ്കില്‍ വളരെ സൂക്ഷിക്കുക . നിങ്ങളെ ആദ്യം മുതലേ ഓഫീസിലെ മറ്റുള്ളവര്‍ നോട്ട് ചെയ്തിട്ടുണ്ടാകാം . പുറത്ത് വെച്ച്‌ നമ്മുടെ തനി സ്വരൂപവും ഇന്റര്‍വ്യൂ മുറിക്കുള്ളില്‍ വെച്ച്‌ വളരെ ഡിസന്റ് സ്വഭാവവും കാണിച്ചാല്‍ മക്കളെ ജ്വാലി പോക്കായി എന്നുറപ്പിച്ചു കൊള്ളുക . കാരണം നിങ്ങളെ പറ്റിയുള്ള റിപ്പോര്‍ട്ട്‌ റിസപ്ഷനില്‍ ഇരിക്കുന്ന പെങ്കൊച്ചു മുതല്‍ അവര്‍ക്ക് കിട്ടിക്കൊള്ളും . റിസപ്ഷനില്‍ ഇരിക്കുന്ന സുന്ദരി കൊച്ചുങ്ങളെ വെറുതെ നോക്കി കപ്പലോടിക്കരുത് എന്നര്‍ത്ഥം .
  6. നിങ്ങള്‍ ഒരിക്കലും നിങ്ങളുടെ കൂടെ നേരത്തേ ജ്വാലി ചെയ്തവരെക്കുറിച്ചോ , ജ്വാലി തന്ന് നിങ്ങളെ തീറ്റി പോറ്റിയ അല്ലെങ്കില്‍ പണ്ടാരമടക്കിയ മൊതലാളിയെ കുറിച്ചോ ( അവന്‍ എത്ര തെണ്ടി ആയാലും ) കുറ്റങ്ങള്‍ പറയാതിരിക്കുക . അതൊരു നെഗറ്റീവ് മാര്‍ക്ക്‌ ആയി നിങ്ങള്‍ക്ക് ലഭിക്കും .
  7. ജ്വാലിയുടെ ഇന്റര്‍വ്യൂവിന് ചെല്ലുമ്പോള്‍ വട്ടിപ്പലിശക്കാരന്‍ അണ്ണാച്ചി മൊതലാളിയുടെ വാതില്‍ കാത്ത്‌ നില്‍ക്കുകയോ , കമ്പനിയില്‍ ജോലി ചെയ്യുന്ന മറ്റുള്ളവര്‍ മുടിഞ്ഞവാന്‍ ശമ്പളം തന്നിട്ട് മാസങ്ങളായി എന്ന് പറയുകയോ ചെയ്യുമ്പോള്‍ സൂക്ഷിക്കുക . നിങ്ങള്‍ക്കും ചിലപ്പോള്‍ സമയത്തിന് ശമ്പളം കിട്ടി എന്ന് വരില്ല . കാരണം കമ്പനി സാമത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നു എന്ന് മനസിലാക്കുക .

ഇതയോക്കെ കാര്യങ്ങള്‍ തല്‍ക്കാലം മനസിലാക്കിയാല്‍ മതി . ബാക്കി അടുത്ത ക്ലാസ്സിലോ അല്ലെങ്കില്‍ സ്പെഷ്യല്‍ ടൂസനിലോ വെച്ച്‌ പറഞ്ഞു തരാം . കോളേജിലെ പുതിയ അധ്യായന വര്‍ഷത്തിലെ ക്ലാസുകള്‍ ഉടനെ ആരംഭിക്കും . പുതിയ പുതിയ കോഴ്സ്കള്‍ക്ക് ഉടനെ തന്നെ കോളേജ് അധികൃതരുമായി ബന്ധപ്പെടുക .

ഇപ്പോള്‍ കഴിഞ്ഞ ക്ലാസ്സിനെ കുറിച്ച് എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ ചോദിക്കാം .

മാസലാമ

Apr 17, 2010

ഡിട്രോയിറ്റ് നദിക്കരയില്‍ - ഭാഗം -1

അമേരിക്കയിലും പിന്നീട് ലോകം മുഴുവനും കഴിഞ്ഞ വര്‍ഷം പടര്‍ന്നുപിടിച്ച ഒരു രോഗമായിരുന്നു കടുത്ത സാമ്പത്തിക മാന്ദ്യം . ഈ ആഗോള പ്രതിഭാസത്തില്‍ പെട്ട് അമേരിക്കയിലെ ചില സ്കൂളുകളും കോളേജ്കളും സ്ഥിരമായോ ചിലത് താല്‍ക്കാലികമായോ അടച്ചിടപ്പെട്ടു .അങ്ങനെ അടച്ചിടപ്പെട്ട ഒരു കോളേജാണ് ബ്ലോഗേര്‍സ് കോളേജ് .ചില വിദ്യാര്‍ഥികളും  വാദ്ധ്യാന്മാരും,  കാത്തിരുന്ന ഒരവസരം എന്ന കണക്കെ സ്ഥിരമായി കുറ്റി മാറ്റി കെട്ടപ്പെടുകയോ , തൊഴുത്തുകള്‍ മാറുകയോ ചെയ്തു . എന്നാല്‍ ബാപ്പ ഊ ... ഉസ്കൂള്‍ തുറന്നത് എന്ന ചോദ്യം പോലെ ഇത്രയും ബുദ്ധിമുട്ടി കഷ്ടപ്പെട്ട് ബൂലോകത്ത് ബൂലോകര്‍ക്കായി ഒരു കോളേജ് സ്ഥാപിച്ചത് ? എന്ന് ഞാന്‍ ചോദിക്കുകയാണ് കുട്ടികളെ !!.ബൂലോകരുടെ നഷ്ടപ്പെട്ട ബുദ്ധിസ്ഥിരത , ഊര്‍ജ്ജസ്വലത എന്നിവ തിരികെ കൊണ്ടുവരിക എന്നതായിരുന്നുവല്ലോ നമ്മുടെ ആത്യന്തികമായ ലക്‌ഷ്യം .ആ ലക്‌ഷ്യം നിറവേറ്റപ്പെടുവാനായി അവസാന കുട്ടി ക്ലാസ്സില്‍ കയറി ഇരിക്കുന്നത് വരെ ക്ലാസ്സ്‌ എടുക്കണം എന്നതാണ് മാനേജ്‌മന്റ്‌ തീരുമാനം .ആ തീരുമാനത്തില്‍ നിന്നും വ്യതിചലിക്കുവാന്‍ എനിക്ക് കഴിയില്ല എന്ന് മനസിലാക്കി , സാമ്പത്തിക പ്രയാസങ്ങള്‍ , ബുദ്ധിമുട്ടുകള്‍ എന്നിവ ഉണ്ടായിരുന്നിട്ടു കൂടി വീണ്ടും ക്ലാസ്സുകള്‍ ആരംഭിക്കുവാന്‍ കോളേജിന്റെ വൈസ് പ്രിന്‍സി എന്ന നിലയില്‍ ഞാന്‍ ആലോചിക്കുകയാണ് .

രാഷ്ട്രീയത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ വരും എന്ന പ്രധാനമന്ത്രി ശ്രീ .മന്‍മോഹന്‍ സിംഗിന്റെ പ്രസ്താവന വരുന്നതിന് മുന്‍പ് തന്നെ സ്വന്തം ജീവിതത്തില്‍ നാമെല്ലാം മനസിലാക്കിയ ഒരു കാര്യമാണ് .ഒരിക്കല്‍ സ്വാമിയായിരിക്കുന്ന ആളാകും പിന്നെ ജയില്‍ പുള്ളിയും ആസാമിയും ആയി മാറുന്നത് .അല്ലെങ്കില്‍ രാജാവാകും ദാസനായി മാറുന്നത് . നമ്മുടെ സന്തോഷ്മാധവന്‍ ഇപ്പോള്‍ ജയിലില്‍ ജോലി ചെയ്തു തുടങ്ങിയിരിക്കുന്നു . വിദേശകാര്യ മന്ത്രി തരൂര്‍ ചിലപ്പോള്‍ നാളെ വെറും എം പി ആയി മാറാം . കാലത്തിന്‍ ഗതി ആരാല്‍ നിശ്ചയിക്കുവാന്‍ കഴിയും . ഉയര്‍ച്ചകളും താഴ്ചകളും ഇല്ലാത്ത ജീവിതമുണ്ടോ ? ഏതായാലും തരൂര്‍ സാറിന്റെ കാറ്റ് സോണിയാജിയുടെ കോണ്‍ഗ്രസ്‌ ഊരിവിടുമോ എന്ന് കണ്ടറിയണം .ക്ലാസ്സില്‍ രാഷ്ട്രീയം പറയരുത് എന്നാണ് ലിഖിത നിയമം.
 നമ്മുടെ വിഷയത്തിലേക്ക് കടക്കുന്നതിന് ആ പ്രസ്താവനയും ആവശ്യം എന്ന് തോന്നിയത് കൊണ്ടാണ് എഴുതിയത് .

തരൂറിനെ പോലെ തന്നെ കുട്ടിക്കാലത്ത് തന്നെ എനിക്കും ഒരു മോഹമുണ്ടായിരുന്നു . ആ മോഹം വളരുമ്പോള്‍ കൊച്ചിക്ക്‌ വേണ്ടി ഒരു ക്രിക്കെറ്റ് ടീം സ്വന്തമായി വാങ്ങണം എന്നതായിരുന്നില്ല . എന്‍റെ മോഹം തീരെ ചെറിയ മോഹമായിരുന്നു . വളരുമ്പോള്‍ എസ്.കെ പൊറ്റക്കാട് സാറിനെ പോലെ യാത്രാക്കുറിപ്പുകള്‍ എഴുതി ജ്ജാനപീഠം അവാര്‍ഡ്‌ വാങ്ങണം എന്ന തീരെ ചെറിയ മോഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ . അതുകൊണ്ട് തന്നെ തീരെ ചെറുപ്പത്തിലെ തന്നെ യാത്രാ കുറിപ്പുകള്‍ ഞാന്‍ എഴുതുവാന്‍ തുടങ്ങി . ദിവസവും രാവിലെ സ്കൂളില്‍ പോകുന്ന വഴിയും തിരികെ ഉള്ള വഴിയിലെയും കാഴ്ചകള്‍ അനുഭവങ്ങള്‍ , അന്നെന്റെ കയ്യില്‍ ക്യാമറ ഇല്ലാത്തത് കൊണ്ട്‌ കാഴ്ചകള്‍ വരയിലും ഞാന്‍ ഒതുക്കി എന്‍റെ ആഗ്രഹ പൂര്‍ത്തികരണത്തിന്റെ വഴികള്‍ തേടിയിരുന്നു . ഒരു നാള്‍ ക്ലാസ്സിലെ അമ്മിണി ടീച്ചര്‍ എന്‍റെ കുറിപ്പുകള്‍ കാണുവാന്‍ ഇടയായി .കുറിപ്പുകള്‍ കണ്ട അമ്മിണി ടീച്ചര്‍ക്ക്‌ എന്നോട് വളരെയധികം ഇഷ്ടം തോന്നിയത് കൊണ്ടാകാം , ആ പേപ്പറുകള്‍ മുഴുവന്‍ കീറിക്കളഞ്ഞു . എന്നിട്ട് നീളന്‍ ചൂരല്‍ എടുത്ത് സ്നേഹത്തോടെ എന്‍റെ ചന്തിക്ക് പെടയും ചീത്തവിളിയും , ക്ലാസ്സിനു പുറത്താക്കലും .പിന്നീട് ആലോചിച്ചപ്പോഴാണ് എന്തിനാണ് ടീച്ചര്‍ എന്നെ തല്ലിയതിന്റെ അര്‍ഥം മനസിലായത് . ഞാന്‍ കണ്ടതും കേട്ടതും വരച്ചതും എല്ലാം അമ്മിണി ടീച്ചറുടെ ഏക മകള്‍ സൂസമ്മയുടെ ഭൂപ്രകൃതിയെ കുറിച്ചായിരുന്നു . പിന്നീട് ഞാന്‍ ജ്ജാനപീഠം എന്ന മോഹം തന്നെ മനസില്‍ നിന്നും കളഞ്ഞു . അങ്ങനെ ചെറുപ്പം മുതലേ മോഹങ്ങളുടെ ഉയര്‍ച്ച താഴ്ചകളും എന്നെങ്കിലും പീഠം കയറുമെന്നും ഞാന്‍ സ്വപ്നം കണ്ടിരുന്നു .

പിന്നീട് ഹോന്ഗ്കോണ്ഗ് , സിങ്കപ്പൂര്‍ , മലേഷ്യ ,ദുബായി , മസ്ക്കറ്റ് , ബഹറിന്‍ , കുവൈറ്റ്‌ ,ജര്‍മ്മനി , ഇറ്റലി , അമേരിക്കയിലെ വനാന്തര്‍ഭാഗങ്ങള്‍ എന്നീ ഭൂഖണ്ഡങ്ങളില്‍ ഞാന്‍ പലപ്പോഴും സഞ്ചരിച്ചിട്ടുണ്ടെങ്കിലും ഒരിക്കല്‍പോലും ഒരു യാത്രാക്കുറിപ്പ് എഴുതുവാന്‍ കഴിഞ്ഞില്ലല്ലോ  എന്ന കാര്യത്തില്‍ ഞാന്‍ ആതീവ ദുഖിതനായിരുന്നു . അങ്ങനെ ഇരിക്കുമ്പോഴാണ് അമേരിക്കന്‍ വനാന്തര്‍ഭാഗത്തെ എന്‍റെ വീട്ടില്‍ നിന്നും ഒന്നര മൈല്‍ മാത്രം ദൂരെയുള്ള , ചൂണ്ടയിടാന്‍ പോകുന്ന , വെളുത്ത മദാമ്മമാരുടെ തൊലികള്‍ കാണാന്‍ പോകുന്ന ,    അതിവിശാല  അയ്യപ്പാസ് ഷോറൂം പോലെ കിടക്കുന്ന  ലൈബ്രറി നില്‍ക്കുന്ന നദിക്കരയെ പറ്റി ഒരായിരം കഥകള്‍ പറയുവാനില്ലേ എന്നത് ഒരു ബോധോദയം പോലെ എന്‍റെ തലമണ്ടക്ക് ടോര്‍ച്ച് കൊണ്ടാടിച്ചത് .

ഇതാണോ മുറ്റത്ത് മുല്ലക്ക് മണം ഇല്ല എന്നൊക്കെ പറയുന്നത് ?

 കാര്യങ്ങള്‍ ഓര്‍ത്ത്‌ ഹൃദയം നൊന്തു , പശ്ചാത്തപിച്ചു . എന്തൊരു ക്രൂരത   !!.

ഇങ്ങനെ പശ്ചാത്താപ വിവശനായിട്ടാണ് രാത്രിക്കാലങ്ങളില്‍  ഡിട്രോയിറ്റ് നദിക്കരയില്‍ എന്ന ബ്ലേഖന പരമ്പര എഴുതുവാന്‍ ആരംഭിച്ചത് .ഇത് കാണ്ഡം കാണ്ഡമായി പ്രസിദ്ധീകരിക്കണം അവസാനം ബ്ലുസ്തകമായി ഇറക്കണം എന്നെല്ലാം ആഗ്രഹമുണ്ട് . ഞാന്‍ ബ്ലേഖന പരമ്പര ക്ലാസ്സിലെ കുട്ടികള്‍ക്കായി എഴുതുകയാണ് . അതിലെ ചില പടങ്ങള്‍ നമ്മുടെ ലൈബ്രറിയില് പോയി ക്ലിക്കി ക്ലിക്കി വലുതാക്കി കാണാം . അതിന്റെ വിശദാംശങ്ങള്‍ കൂടുതല്‍ ചിത്രങ്ങള്‍ എന്നിവ ഉടനെ കാണാം . കോളേജില്‍ ഇതുവരെയും ഫീസ്‌ തരാത്ത കുട്ടികള്‍ ദയവായി ലൈബ്രറിയില് പോകരുത് . എല്ലാവരെയും അടുത്ത ക്ലാസ്സില്‍ കാണാം . അതുവരെ വണക്കം .‍


‍ തുടരും

Jan 19, 2010

ടി.സി.മാത്യു & ജയദീപ് വാര്യര്‍-ദൈവതുല്യര്‍?

സര്‍വവ്യാപിയെന്നും തൂണിലും തുരുമ്പിലുമുണ്ടെന്നും നമ്മള്‍ വിശ്വസിക്കുന്നത് ദൈവത്തെപ്പറ്റി മാത്രമാണ്. എന്നാല്‍ ഇന്നലെ രാത്രി ഒമ്പത് മണിക്ക് മറ്റ് രണ്ട് പേര്‍ക്കു കൂടി ഈ സിദ്ധികള്‍ ഉണ്ടോ എന്ന സംശയം നമ്മുടെ പ്രിയപ്പെട്ട രണ്ട് ടീ വി ചാനലുകള്‍ ഉയര്‍ത്തിത്തന്നു. മറ്റാരുമല്ല, കേരള ക്രിക്കറ്റ് അസോസിയേഷന്‍ നെടുംതൂണ്‍ ശ്രീ. ടി.സി മാത്യുവിനും റ്റൈംസ് ഓഫ് ഇന്ത്യ സ്പോര്‍ട്സ് എഡിറ്റര്‍ ജയദീപ് വാര്യര്‍ക്കുമാണ് നമ്മുടെ പ്രിയങ്കര ചാനലുകളായ ഏഷ്യാനെറ്റും ഇന്‍ഡ്യാ വിഷനും ഈ സര്‍വവ്യാപന പദവി കൊടുക്കാന്‍ ശ്രമിച്ചത്. ഒരേ സമയം "ലൈവ്" ആയി ഒന്‍പത് മണി രാത്രിക്ക് തുടങ്ങുന്ന ഇന്‍ഡ്യാവിഷന്‍റെ ന്യൂസ് നൈറ്റ് (നികേഷ്കുമാര്‍), ഏഷ്യാനെറ്റിന്‍റെ "ന്യൂസ് ഹവര്‍"(വിനു) എന്നീ പരിപാടികളില്‍, ഒരേ സമയം ഇരുവരെയും "ലൈവ്" ആയി പ്രത്യക്ഷപ്പെടുത്താന്‍ ഇരു ചാനലുകള്‍ക്കും, അതു കണ്ട് രോമാഞ്ചമണിയാന്‍ നമുക്കും ഇന്നലെ ഭാഗ്യം സിദ്ധിച്ചു. ടി.സി മാത്യു ഒരേ ഡിസൈന്‍ ഷര്‍ട്ടാണ് രണ്ട് ചാനലിലും ഇട്ടിരുന്നത്. വലിയ താല്പര്യമൊന്നുമില്ലാതെ എന്തൊക്കെയോ മറുപടികള്‍ പറഞ്ഞുകൊണ്ടിരുന്ന ജയദീപ് വാര്യര്‍ ഫോണ്‍ ഇന്‍ ആയിരുന്നു. നികേഷിനു ഒരു കുസൃതിച്ചിരി ഉണ്ടായിരുന്നോ എന്ന് സംശയം. വിദഗ്ധരോട് പതിവ് പോലെ ചൊറിയുന്ന ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും വിനുവിന് വീര്‍ത്ത മുഖമായിരുന്നു. റിമോട്ടില്‍ കളിച്ച് പതിനഞ്ച് മിനിറ്റോളം സൂര്യഗ്രഹണം പോലെ രണ്ട് ചാനലുകളിലും പരസ്പരം വിഴുങ്ങുന്ന ഈ അത്ഭുത പ്രതിഭാസം കാണാന്‍ സാധിച്ഛു. സ്പോര്‍ട്സ് രംഗത്തെ ഈ പ്രമുഖര്‍ എങ്ങെനെ രണ്ട് വ്യത്യസ്ത ചാനലുകളില്‍ ഒരേ സമയം നടക്കുന്ന രണ്ട് വ്യത്യസ്ത "ലൈവ്" പരിപാടികളില്‍ "ലൈവ്" ആയി പ്രത്യക്ഷപ്പെട്ടു? ഇത് രണ്ടും ലൈവ് ആയിരുന്നുവോ? എങ്ങനെയാണ് രണ്ട് ചാനലുകളീല്‍ ഒരേ സ്മയം "ലൈവ്"ആയി ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നവരെ കാട്ടിത്തന്നത്? ചാനലുകള്‍ക്ക് ഒരേ സ്റ്റുഡിയോ ആണോ? അതോ ഏതെങ്കിലും ഒരു ചാനല്‍ റെക്കോഡ് ചെയ്ത പരിപാടിയാണോ കാണിച്ചത്? റെക്കോഡ് ചെയ്ത് കാണിക്കുമ്പോള്‍ "ലൈവ്" എന്ന് എഴുതിക്കാണിക്കാമോ? റെക്കോഡ് ചെയ്തതാണെങ്കില്‍ എങ്ങനെ തുടര്‍ന്നുള്ള ചോദ്യങ്ങള്‍ അനായാസം തൊടുത്ത് വിടാന്‍ പറ്റി? ഇടവേളകളില്‍ എന്തൊക്കെ നടക്കുന്നു? ഇങ്ങനെ ഒന്നും ചോദിക്കരുത് നാം. അതാണ് നമ്മുടെ ചാനലുകള്‍ ഒരുക്കുന്ന വിസ്മയം എന്ന് മാത്രം അറിഞ്ഞാല്‍ മതി. അതു കണ്ട് വിസ്മയിച്ച് ഡിസ്കവറിയുടെ അള്‍ടിമേറ്റ് സര്‍വൈവര്‍ കാണേണ്ടി വന്നു, ആ വിസ്മയം തീര്‍ക്കാന്‍. അങ്ങനെ ആ സര്‍വൈവര്‍ മത്സരത്തില്‍ നിന്ന് സര്‍വൈവ് ആയി രാവിലെ ബ്ലോഗിലെത്താന്‍ ഭാഗ്യമുണ്ടായി. ഇനി എത്ര കപ്പൊടി കാണാന്‍ കിടക്കുന്നു? ഭാഗ്യം ചെയ്തവര്‍ നമ്മള്‍ ചാനല്‍ പ്രേക്ഷകര്‍.
അഡ്മിഷന്‍ ആരംഭിച്ചു.കോഴ്സുകള്‍.. ഗഥാ ബ്ലോഗിനിയിറിങ്. ഗവിത ബ്ലോഗിനിയറിങ്. ബാച്ചിലര്‍ ഓഫ് കമന്റിങ്. ഭാഷാവൈകല്യം(റിസര്‍ച്ച്). മിലിട്ടറി എഞ്ജിനിയറിങ്ങ്.അലോപ്പൊതി.ആയുര്‍വേദം.തിരുമ്മല്‍(മസാജ്).ചൊറിയല്‍.

ക്ലാസ്സിലെ കുട്ടികള്‍