Apr 30, 2009

പന്നിപ്പനി എന്ന പകര്‍ച്ചവ്യാധി

2009 ഏപ്രില്‍ മാസത്തില്‍ പൊട്ടിപ്പുറപ്പെട്ട മറ്റൊരു പകര്‍ച്ചവ്യാധിയാണ് മെക്സിക്കന്‍ ഫ്ലു അഥവാ പന്നിപ്പനി .ഇന്ന് മുതല്‍ (30/04/2009) ലോകാരോഗ്യ സംഘടന ഇതിനെ influenza A(H1N1) എന്ന പേരില്‍ വിളിക്കുന്നു .മാര്‍ച്ചില്‍ മെക്സിക്കോയിലാണ് ഇത് പൊട്ടിപ്പുറപ്പെട്ടത് എങ്കിലും ഏപ്രില്‍ മാസത്തോട് കൂടി ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് പടരുകയായിരുന്നു .ഏപ്രില്‍ 28 ഓടു കൂടി അമേരിക്ക,സ്പെയിന്‍ ,ലണ്ടന്‍ ,ന്യൂസ്‌ലാന്‍ഡ്‌ ,ഇസ്രയേല്‍ എന്നീ ഭാഗങ്ങളിലേക്ക് പടര്‍ന്നു പിടിച്ചു .
അമേരിക്കയില്‍ ഞാന്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ ഇപ്പോള്‍ ഈ പനി കാരണം സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ് .മറ്റു പല സ്ഥലങ്ങളിലും സ്കൂളുകള്‍ അവധിയായിരിക്കും .കൂടുതല്‍ പകരാതിരിക്കുവാന്‍ വേണ്ടിയാണ് ഇത്തരം മുന്‍ കരുതല്‍ .എന്നാല്‍ ലോകാരോഗ്യ സംഘടന പറയുന്നത് ഇതില്‍ വലിയതായി ഭയപ്പെടേണ്ടാ കാര്യം ഇല്ല എന്നാണ് .സാധാരണ ആന്റി വൈറല്‍ മരുന്നുകള്‍ കൊണ്ട് മാറും എന്നാണ് അവരുടെ പ്രസ്താവന . എങ്കിലും പള്ളികളിലും മറ്റും കുര്‍ബ്ബാന കൊടുക്കുന്നതും മറ്റും ഈ പനികൊണ്ട്‌ നിര്‍ത്തി വെച്ചു.
പന്നിപ്പനി സാധാരണയായി മനുഷ്യരില്‍ കണ്ടു വരാത്ത ഒരു രോഗമാണ് .എന്നാല്‍ അതെ സമയം തന്നെ പന്നികളില്‍ ഈ രോഗം കൂടുതലായി കണ്ടു വരികയും ചെയ്യുന്നു .അമേരിക്കയിലെയും കാനഡയിലെയും പന്നി ഫര്‍മുകളില്‍ ഇത്തരം രോഗം ബാധിച്ച പന്നികളെ കണ്ടെത്തിയിട്ടുണ്ട് .ഇത്തരം ഫര്‍മുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക്‌ ചിലപ്പോള്‍ ഈ രോഗം പിടിപെടാന്‍ സാധ്യത ഉണ്ട് .മനുഷ്യരില്‍ പിടിപ്പെട്ടാല്‍ ഉണ്ടാകാവുന്ന രോഗ ലക്ഷണങ്ങള്‍ മുകളില്‍ കാണിച്ചിരിക്കുന്നത് ശ്രദ്ധിക്കുമല്ലോ .
എന്നാല്‍ പുതിയതായി പുറപ്പെട്ട ഈ പന്നിപ്പനി പന്നികളില്‍ നിന്നല്ല പടര്‍ന്നിരിക്കുന്നത് എന്നാണ് കണ്ടെത്തിയിരിക്കുന്നത് .ഇതിന്റെ ഉത്ഭവം ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു . എന്തായാലും മെയ് ദിനമായും പന്നിപ്പനി മൂലവും നാളെയും മറ്റെന്നാളും ബ്ലോഗേര്‍സ് കോളേജിന് അവധിയായിരിക്കും എന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചിട്ടുണ്ട് . കോളേജിലെ ആചാര്യന്‍ പനി പിടിച്ച് കിടപ്പാണ് എന്നറിയിച്ചിട്ടുണ്ട്. ആശ്രമത്തിലെ ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് വേണ്ട പരിചരണം കൊടുക്കണം .
വിവരങ്ങള്‍ക്ക് കടപ്പാട്‌ വിക്കി - പുതിയ വിവരങ്ങള്‍ ഡോക്ടര്‍മാര്‍ തന്നു സഹായിക്കുമല്ലോ .

Apr 27, 2009

കവിതാ പാഠം -3

ഗുഡ്‌ മോര്‍ണിംഗ് കുട്ടികളെ .

ചീട്ടുകളി നന്നായി പുരോഗമിക്കുന്നുണ്ടല്ലോ.ഇവിടെ പഠിക്കുന്ന കുട്ടികള്‍ എല്ലാ കലകളിലും നൈപുണ്യം നേടണം എന്നതാണ് ഈ കോളേജിന്റെ ലക്‌ഷ്യം . സൂത്രനോട് പറഞ്ഞ് മോഷണത്തിലും ഒരു ക്ലാസ് എടുപ്പിക്കാം .കഴിഞ്ഞ ക്ലാസ്സുകളില്‍ ക്ലാസുകള്‍ എടുത്ത ഡോക്ടര്‍ നാസ് ,കേണല്‍ രഘുനാഥ് വര്‍മ്മയുടെ മിലിട്ടറി എഞ്ചിനീയറിങ് എന്നിവയുടെ തുടര്‍ ക്ലാസുകള്‍ എടുക്കാന്‍ ശ്രമിക്കണം . എല്ലാ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഈ സമയം ഞാന്‍ നന്ദി അറിയിക്കുന്നു .അനില്‍ @ബ്ലോഗിന്റെ ക്ലാസ്സിന്റെ ഗുണം കൊണ്ട് വാഴക്കോടന്‍ സ്വന്തമായി മാപ്പിള പാട്ട് പോസ്റ്റ് ചെയ്തത് എല്ലാവരും കണ്ടിരുന്നുവല്ലോ . അങ്ങനെ ക്ലാസുകള്‍ അതി ഗംഭീരമായി മുന്നേറുന്നതില്‍ പ്രിന്‍സി വളരെയധികം സന്തോഷവതിയാണ് .ആശ്രമത്തില്‍ ക്രിക്കറ്റ് നടക്കുന്നത് കൊണ്ട് ആചാര്യനെ തന്റെ പൊറോട്ട ക്ലാസ്സുമായി ഈ വഴി ഇപ്പോള്‍ കാണാനേ ഇല്ല .പുതിയ ക്ലാസുകള്‍ ഉടനെ ആരംഭിക്കും . ഈ കോളേജില്‍ ചേരണം എന്ന ആഗ്രഹം പ്രകടിപ്പിച്ച് പലരും വന്നിട്ടുണ്ട് .അവരെ ഞാന്‍ ഈ സമയം സ്വാഗതം ചെയ്യുന്നു .അങ്ങനെ ആര്‍ക്കെങ്കിലും കോളേജില്‍ പുതിയതായി ചേരണം എന്ന ആഗ്രഹം ഉണ്ടെങ്കില്‍ എനിക്കൊരു മെയില്‍ അയക്കുക .

ഇന്നത്തെ നമ്മുടെ കവിതാ ക്ലാസ്സില്‍ പൊതുവായി ചില കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് നിര്‍ത്താം . എല്ലാ കുട്ടികള്‍ക്കും കവിതകള്‍ /ഗവിതകള്‍ എഴുതണം എന്ന ആഗ്രഹം പ്രകടിപ്പിക്കുന്നതില്‍ വളരെയധികം സന്തോഷിക്കുന്നു .കനലിന്റെ കവിതാ ഗൃഹ പാഠവും അതില്‍ അനില്‍ എഴുതിയ കവിതയും നന്നായിരുന്നു .അങ്ങനെ കുട്ടികള്‍ കൂടുതല്‍ മുന്നോട്ടു വരട്ടെ . എന്‍റെ ക്ലാസുകള്‍ ഇഷ്ടപ്പെടുന്നില്ല എങ്കില്‍ ദയവായി അറിയിക്കണം .അല്ലെങ്കില്‍ വിമര്‍ശിക്കണം .ഞാന്‍ ഒരു കവിയോ അധ്യാപകനോ അല്ല . എന്നാലും എല്ലാത്തിനെയും പഠിപ്പിച്ച് പണ്ടാരമടക്കണം എന്നതാണ് മുഖ്യം .


ഒരാളിനെ കവിതയെഴുതുവാന്‍ പ്രേരിപ്പിക്കുന്ന പ്രധാന 10 ഘടകങ്ങള്‍ താഴെ ഞാന്‍ അക്കമിട്ട് പറയാം .എല്ലാവരും ഇതെഴുതി വീട്ടില്‍കൊണ്ടുപോയി പഠിക്കണം .പരീക്ഷക്ക്‌ ചിലപ്പോള്‍ ചോദിക്കാന്‍ സാധ്യത ഉണ്ട് .

  • പ്രണയം -ജീവിതത്തില്‍ പ്രണയിക്കാത്തവരായി ആരും ഉണ്ടാകാന്‍ ഇടയില്ല .ആദ്യാനുരാഗം അതിന്റെ രസം ,രസക്കേടുകള്‍ കുസൃതികള്‍ അങ്ങനെ പല കാര്യങ്ങള്‍ കവിതകള്‍ ആകാം .
  • പ്രണയ നൈരാശ്യം -(എന്നെപ്പോലെ) കൂടുതല്‍ വിശദമാക്കുന്നില്ല .
  • കുട്ടികള്‍ ഉണ്ടാകുക -കല്യാണം കഴിച്ചു കുറെ കഴിയുമ്പോള്‍ കുട്ടികള്‍ ഉണ്ടാകും .പുതിയതായി കല്യാണം കഴിച്ചവര്‍ ആരും ക്ലാസ്സില്‍ ഇല്ലല്ലോ അല്ലേ . കുട്ടികളുടെ ആദ്യ വാക്കുകള്‍ ,കൊഞ്ചി കൊഞ്ചിയുള്ള സംസാരം ,അവരുടെ കളി ചിരികള്‍ അങ്ങനെ പലതും .
  • പ്രകൃതി നിരീക്ഷണം -അല്ലെങ്കില്‍ പ്രകൃതിയുടെ സൌന്ദര്യം കവിതകളായി മാറുക .
  • ദൂര സ്ഥലങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ ഉണ്ടാകുന്ന വികാര വിചാരങ്ങള്‍ ,അവിടുത്തെ ഭക്ഷണം ,സംസാരം ,ഭാക്ഷ ഇവയെല്ലാം
  • നിങ്ങളിലോ മറ്റുള്ളവരിലോ നിങ്ങള്‍ കണ്ടെത്തുന്ന പ്രത്യേകതകള്‍ .നിങ്ങളെ എങ്ങനെ സ്വാധിനിക്കുന്നു എന്നത് .
  • സഞ്ചാരം-മുകളില്‍ പറഞ്ഞത് തന്നെ അടുത്തുള്ള സ്ഥലങ്ങളില്‍ നിങ്ങള്‍ സഞ്ചരിക്കുമ്പോള്‍ നിങ്ങളുടെ തോന്നലുകള്‍
  • വിധിയെ നേരിടുക -നിങ്ങളിലോ മറ്റുള്ളവരിലോ ഉണ്ടാകുന്നു വിഷമങ്ങള്‍ ,പ്രയാസങ്ങള്‍ നിങ്ങളെ എങ്ങനെ സ്വാധിനിക്കുന്നു .
  • തമാശകള്‍ -നിങ്ങളിലും കൂട്ടുകാരിലും ഉണ്ടാകുന്ന നര്‍മ്മ നിമിക്ഷങ്ങള്‍ .
  • ദൈവീക പരമായ ചിന്തകള്‍ -

മുകളില്‍ പറഞ്ഞവയ്ക്ക് ധാരാളം ഉദാഹരണങ്ങള്‍ ഉണ്ട് .കുട്ടികള്‍ അവയെല്ലാം കണ്ടെത്തി ഇവിടെ തരും എന്ന് കരുതുന്നു .

കഴിഞ്ഞ ക്ലാസ്സില്‍ കയറിയ കുട്ടികള്‍ക്കറിയാം ഞാന്‍ എവിടെയാണ് പഠിപ്പിച്ചു നിര്‍ത്തിയത് എന്ന് . കവി തന്റെ ആശയം പ്രകടമാക്കുവാന്‍ കവിത തിരഞ്ഞെടുക്കുവാന്‍ എന്താണ് കാരണം എന്നത് എന്ന ഭാഗത്താണ് നമ്മള്‍ നിര്‍ത്തിയത് . ഞാന്‍ ആദ്യ ക്ലാസ്സില്‍ പറഞ്ഞത് പോലെ കവിത എന്നത് കഥയോ ലേഖനമോ ഉണ്ടാകുന്നതിനും മുന്‍പുള്ള രൂപമാണ് . ലിപി ഉണ്ടാകുന്നതിനും മുന്‍പ് തന്നെ കവിതകള്‍ ഉണ്ടായിരുന്നു .അന്നെല്ലാം അതെല്ലാം ഓര്‍മ്മകളില്‍ നില്‍ക്കാന്‍ കാരണവും അതിലെ കാവ്യ രസമായിരുന്നു . പാടുവാനും ചൊല്ലുവാനും കഴിയുമായിരുന്നു എന്നതായിരുന്നു അതിന്റെ പ്രത്യേകത . കവിത എഴുത്തില്‍ മാത്രം ശ്രദ്ധിക്കാതെ ചൊല്ലുവാന്‍ വേണ്ടി ഉതകുന്നതായിരിക്കണം. കവിതയില്‍ സംഗീതം ഉണ്ടാകണം . ഇപ്പോഴും പല കവിതകളും എനിക്ക് വായിക്കുന്നതിലും കൂടുതല്‍ ഇഷ്ടം അത് ചൊല്ലി കേള്‍ക്കാനാണ്‌ . ഗവിതയും കവിതയും തമ്മിലുള്ള മറ്റൊരു വ്യത്യാസം ആണ് ഇത് . കവിതകള്‍ നമുക്ക് ചൊല്ലിക്കെള്‍ക്കാന്‍ പറ്റും . ഗവിതകള്‍ അങ്ങനെ കഴിയില്ല .ഇപ്പോള്‍ കുട്ടികള്‍ക്ക് മനസിലായല്ലോ കവിതയും ഗവിതയും തമ്മിലുള്ള അന്തരം .ഇനി ബ്ലോഗിലെ കവിതകള്‍ കാണുമ്പോള്‍ ശ്രദ്ധിക്കുക ഏതാണ് കവിത / ഗവിത എന്നത് .

ഗൃഹ പാഠം -

എല്ലാ കുട്ടികളും കവിതകള്‍ എഴുതി റെക്കോര്‍ഡ് ചെയ്യുക . ആവശ്യാനുസരണം വേണ്ട തിരുത്തലുകള്‍ വരുത്തി വീണ്ടും റെക്കോര്‍ഡ് ചെയ്യുക . ഒരാള്‍ നമ്മുടെ കവിത ചൊല്ലിയാല്‍ എങ്ങനെ ഇരിക്കും എന്നറിയാമല്ലോ .നാളെ പുതിയൊരു അദ്ധ്യായവുമായി വന്ന് നിങ്ങളെ ശല്യം ചെയ്യാം .അതുവരെ നന്ദി നമസ്കാരം . ലാല്‍ സലാം .Apr 25, 2009

നോണ്‍ ഡിറ്റൈല്‍ഡ് ക്ലാസ്സ്"ഞാന്‍ പ്രയാന്‍ ടീച്ചര്‍‍. നിങ്ങള്‍ക്ക് കഥ പറഞ്ഞുതരലാണെന്റെ ജോലി. അതായത് നിങ്ങളുടെ നോണ്‍ ഡിറ്റൈല്‍ഡ് ക്ലാസ്സ് ഞാനാണെടുക്കുന്നത്.ഈ വര്‍ഷം നമുക്ക് പഠിക്കാനുള്ളത് വൈക്കം മുഹമ്മദ് ബഷീറിന്റെമുച്ചീട്ടു കളിക്കാരന്റെ മകള്‍ എന്ന പുസ്തകമാണ്.ബഷീറിനെപ്പറ്റി കേട്ടിട്ടുണ്ടൊ?""കേക്കാണ്ടെ പിന്നെ..."മ്മാളെ കോഴിക്കോട്ടെ ബേപ്പൂരല്ലെ ഓരെ വീട്....ഫാബിത്താനെ ഇന്നാളൂംകൂടിഒരു കല്യാണത്തിന് കണ്ടിന്".നാസ്.
അതെ
.പക്ഷെ അദ്ദേഹം ജനിച്ചത് ആയിരത്തിതൊള്ളായിരത്തി എട്ട് ജനുവരി പത്തൊന്‍പതിന് വൈക്കം താലൂക്കിലാണ്.ഇന്ത്യന്‍ നഷണല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന് സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായികോഴിക്കോട്ടു നടന്ന ഉപ്പു സത്യാഗ്രഹത്തില്‍ പങ്കെടുത്ത് മര്‍ദ്ദ്നത്തിനിരയാവുകയും ജയിലില്‍ പോവുകയും ചെയ്തു.പത്തു വര്‍ഷത്തോളം ഇന്ത്യയൊട്ടാകെ സഞ്ചരിച്ചു.പിന്നീട് ആഫ്റിക്ക അറേബിയ തുടങ്ങിയ സ്ഥലങ്ങളിലും.ബാല്യകാലസഖി, പാത്തുമ്മയുടെ ആട്, ന്റുപ്പൂപ്പാക്കൊരാനണ്ടാര്‍ന്ന്! തുടങ്ങിയ കൃതികള്‍ ഇന്ത്യയിലെ എല്ലാ പ്രധാന ഭാഷകളീലും തര്‍ജ്ജമ ചെയ്തിട്ടുണ്ട്.കൂടാതെ പതിനാറ് കഥകളുടെ ഒരു സമാഹാരംഓറിയന്റ് ലോങ്മാന്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.സാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്.മഹാനായ ഈ എഴുത്തുകാരനെ ഇന്ത്യാഗവണ്‍മെന്റ് പദ്മശ്രീ നല്‍കി ആദരിച്ചു.ആയിരത്തി തൊള്ളായിരത്തിതൊണ്ണൂറ്റിനാല് ജൂലൈ അഞ്ചിന് അദ്ദേഹം നിര്യാതനായി.അദ്ദേഹത്തിന്റെ കൃതികളെ പറ്റി ചില വിമര്‍ശനങ്ങള്‍ അടുത്തകാലത്ത് വന്നിരുന്നെങ്കിലും അദ്ദേഹത്തിന്റെ കൃതികളിലെ അതിഭാവുകത്വംനമ്മെ വേറൊരു ലോകത്തേക്ക് കൊണ്ടുപോകുന്നു.
* * * * * * *
ഇവിടെ ഞാന്‍ ഇന്നലെ നിര്‍ത്തിയിടത്തു വെച്ചാണ് തുടങ്ങാന്‍ പോകുന്നത്.നമ്മളിന്നലെ എവിടെയാണ് പറഞ്ഞു നിര്‍ത്തിയത്....വാഴക്കോടന്‍ പറയു....
'അത്പ്പൊ ആ ജനലിന്റടുത്ത്...
.'ടീച്ചര്‍ "എന്ത്"
"അത്പ്പൊന്നലെ സൂറനൊട് സംസാരിച്ചപ്പൊ റ്റീച്ചര്ന്നെ ജനലിന്റട്ത്ത് പറഞ്ഞ്നിറ്ത്തി."
"അതല്ല ...പാഠമെവിടെയാണ് നിറ്ത്തിയതെന്നാ ചോദിച്ചത്."വാഴക്കോടന്‍ തലചൊറിയുന്നു.
"ടീച്ചറെ ഇന്ന് മുച്ചീട്ട്കളീടെ ഭാഗം പഠിപ്പിക്കാമെന്നാ ടീച്ചറെ പറഞ്ഞത്."കനല്‍ ചാടിയെഴുന്നെറ്റു പറയുന്നു.
ചാണക്യന്‍
എഴുന്നേറ്റ്... "ഇന്നന്നെ പഠിപ്പിച്ച് തീര്‍ക്ക്വൊ ടിച്ചറെ....വൈന്നേരം പകലണ്ണന്റെ കാന്റീനിന് മുന്നിലൊന്നു കളിച്ച്നോക്കാനാ...."
ടീച്ചര്‍
വടിയെടുത്ത് മേശമേല്‍ അടിക്കുന്നു.കുട്ടികള്‍ നിശബ്ദരാകുന്നു.ആദ്യമായി കളിക്കാന്‍ വേണ്ടത് എല്ലാ തൊഴിലും പോലെ ശകലം തലച്ചോറും പിന്നെ കുറെ മൂലധനവുമെന്നാണ് എന്നാണ് ബഷീര്‍ പറഞ്ഞിരിക്കുന്നത്.അതുരണ്ടും നമ്മുടെ കഥാപാത്രമായ ഒറ്റക്കണ്ണന്‍ പോക്കര്‍ അവര്‍കള്‍ക്കുണ്ട്.പിന്നെയെന്തൊക്കെയാണ് വേണ്ടത്....ഒരു കുത്ത് പുതിയചീട്ട്.
"ഇത് മത്യോ ടീച്ചറെ"ബോണ്‍സ് ഒരുകെട്ട് ചീട്ടെടുത്ത്കാട്ടുന്നു. "ബോണ്‍സിരിക്കവിടെ".
നല്ലനിലവാരം
പുലര്‍ത്തുന്ന ദിനപത്രത്തിന്റെ മുഷിയാത്ത ഒരു പഴയലക്കം.നാലു വൃത്തിയുള്ള കല്ലുകള്‍.
"അതെന്തിനാ ടീച്ചറെ ചീട്ട് കളിക്കാന്‍ കല്ല്? പോലീസ് വരുമ്പൊ എറിയാനാ..?"
"രഘുനാഥെ തോക്കിന്റുള്ളിക്കേറി വെടിവെച്ചാ മേടിക്കും. "
നാലുകല്ലുകളും കടലാസ് നിവര്‍ത്തിയിട്ട് അതിന്റെ നാലു മൂലയിലും വെക്കുക.ഈ മുന്‍കരുതല്‍ കടലാസ് പറന്നു പോകാതിരിക്കാനാണ്.അടുത്തത് ആ പുതിയ കുത്ത് ചീട്ടില്‍നിന്ന് മൂന്നു ചീട്ടുകള്‍
"ടീച്ചറെ പഴേ ചീട്ട് പറ്റില്ലേ?"ബോണ്‍സ് വീണ്ടും....
"സാരംല്ല...അളിയനോട് പറഞ്ഞിട്ട്ണ്ട് കുവൈറ്റിന്ന് കൊടുത്തയക്കാന്‍".വാഴക്കോടന്‍ ബോണ്‍സിനെ സമാധാനിപ്പിക്കുന്നു.

ടീച്ചര്‍
വടിയെടുത്ത് മേശമേല്‍ വീണ്ടും അടിക്കുന്നു.കുത്തില്‍ നിന്നും മൂന്നു ചീട്ടുകള്‍ എടുക്കുക.ഒരു രൂപച്ചീട്ടും രണ്ടു പുള്ളിച്ചീട്ടുകളും.ഒരുകയ്യില്‍ രണ്ടും മറ്റെക്കയ്യിലൊന്നുമായി വിരലുകള്‍കൊണ്ട് പിടിക്കുക. ബഹുജനങ്ങള്‍ക്ക് കാണത്തക്കവണ്ണം രൂപച്ചീട്ട് മുകളിലായിരിക്കണം.അടുത്തത് നമ്മുടെ സത്യസന്ധതയെ വെളിപ്പെടുത്തിക്കൊണ്ട് ലോകത്തോട് ഉശിരന്‍ മുദ്രാവാക്യങ്ങള്‍ മുഴക്കുകയാണ്."ഹരീഷെ ആ ഭാഗമൊന്ന് വായിച്ചെ."
ഹരീഷ്
വായിക്കാന്‍ തുടങ്ങുമ്പോള്‍ആചാര്യന്‍ വാതില്‍ക്കല്‍ ആകെ മൈദയില്‍കുളിച്ച്.
"എച്ച്യുസ് മീ ടീച്ചര്‍.."
"ആചാര്യ ഇത്തിരി വൃത്തിയായിട്ടൊക്കെ വന്നൂടെ ക്ലാസ്സില്‍..."
"പൊറാട്ട അടിച്ചു തീര്‍ന്നതിപ്പഴാ...."
"ടീച്ചറെ ‍ആചാര്യനടിക്കുന്ന പൊറാട്ടയിലപ്പടി മുടിയാ"....ചാണക്യന്‍. .. ക്ലാസ്സിലാകെ ബഹളം.അതിനുമുകളില്‍ ടീച്ചറുടെ ശബ്ദം..."സൈലന്‍സ്...സൈലന്‍സ്...ഹരീഷ് വായിക്കു."
ഹരീഷ്
ഉറക്കെ വായിക്കാന്‍ തുടങ്ങുന്നു..
"ഹായ്...!വെച്ചൊ രാജാവെച്ചോ....ഒന്നുവെച്ചാ രണ്ട്....രണ്ട് വെച്ചാ നാല്...രൂപത്തെവെച്ചാ നിങ്ങള്‍ക്ക്: പുള്ളിയെ വെച്ചാ ഞമ്മക്ക്...ഹായ്...."
വാതില്‍ക്കല്‍
ഉറക്കെതട്ട് കേള്‍ക്കുന്നു.കാപ്പിലാന്‍ പ്രിന്‍സിപ്പാള് പുകഞ്ഞ് നില്‍ക്കുന്നു.
"ഇതെന്താ ടിച്ചറെ ക്ലസ്സോ ഉത്സവപ്പറമ്പോ? ഒന്നുമില്ലെല് ഈ സ്ഥാപനത്തിന് ഒരന്തസ്സില്ലെ.അത് കളഞ്ഞ്..."അയ്യൊ സാര്‍... മുച്ചിട്ട് കളി" "അതു തന്നെയാണ് ചോദിച്ചത് ഈ സ്ഥാപനത്തിന് പറ്റിയ കളിയാണോ ഇത്.വല്ല ക്രിക്കറ്റൊ ഗോള്‍ഫോ അങ്ങനെ വല്ലതും പഠിപ്പിച്ചുകൂടെ..."
"അല്ല സാര്‍ ബഷീറിന്റെ"
"ഏതു ബഷീര്‍.. എന്തു ബഷീര്‍...അങ്ങനൊരാളും എനിക്ക് ഫീസ് തന്നിട്ടില്ല."
"സാര്‍ ഇത് നോണ്‍ ഡീഠൈഠല്ഡ് ക്ലാസ്സാണ്....വൈക്കം മുഹമ്മദ് ബഷീരിന്റെ മുച്ചീട്ട് കളിക്കാരന്റെ മകളാണ്പ്ഠിപ്പിക്കുന്നത്."
"അങ്ങനെ മനസ്സിലാവുന്ന ഭാഷയില്‍ പറയ്....ഇതൊരുമാതിരി.. നടക്കട്ടെ നടക്കട്ടെ..." ഹരീഷിനോട് "ഒച്ച കുറച്ച് വായിച്ചാമതി. ഈ സ്ഥാപനത്തിനൊരു അന്തസ്സൊക്കെയില്ലെ..."
ഹരീഷ്
പതുക്കെ വായിക്കുന്നു."നോക്കി വെച്ചോ. മായമില്ല മന്ത്രമില്ല ! വെച്ചോ രാജാ വെച്ചോ. ആരിക്കും വെക്കാം. നോക്കി വെച്ചൊ!"

ടീച്ചര്‍
..'ഇതു പറഞ്ഞിട്ട് ശുര്‍ര്‍റെന്ന് ചീട്ടുകള്‍ മുഴുവനും കടലാസില്‍ കമഴ്ത്തിയിടുക.ആദ്യം താഴെ വീഴുന്നത് രൂപച്ചീട്ടാവാം,പുള്ളിച്ചീട്ടാവാം.എന്തായാലും അതെല്ലാം ശ്രദ്ധിക്കേണ്ടത് വിപ്ലവവീര്യമുള്ള ബഹുജനങ്ങളുടെ കടമയാണ്.ബഹുജനങ്ങള്‍ ശ്രദ്ധിക്കുകയും ചെയ്യും.....
'കനല്‍ ഇടക്ക് കയറി"അതു ഞമ്മളേറ്റ്...പണ്ടേ ഞ്മ്മക്ക് അത് കൊറച്ച് കൂടുതലാ..."
ടിച്ചര്‍
' മതി..മതി..എങ്ങിനെയായാലും ഒന്നു വെച്ചാല്‍ രണ്ടു കിട്ടാന്‍ ആഗ്രഹമില്ലാത്ത ബഹുജനങ്ങളുണ്ടോ?...അവര്‍ കാശുവെക്കും; അണവെക്കും;രൂപാവെക്കും....അഞ്ചിന്റെയും പത്തിന്റെയും നോട്ടുകള്‍ വെക്കുന്ന ബഹുജനങ്ങളുണ്ട്.....എന്നാല്‍ ചീട്ടുമലര്‍ത്തുമ്പോള്‍,ഹാ കഷ്ടം ബഹുജനങ്ങള്‍ പണം വെച്ചിരിക്കുന്നത് പുള്ളിച്ചീട്ടിലാണ്.
"ആ പണം മുഴ്വോനെ ഒറ്റക്കണ്ണന്‍ പോക്കറ്ക്ക് എടുക്കാമ്പാട്വോ ടീച്ചറെ"..ബോണ്‍സ്.
'അതെ ....ആ പണം മുഴുവനും ഒറ്റക്കണ്ണന്‍ പോക്കറുടേതാണ്.'
ചണക്യന്റെ
കണ്ണ് വിടര്‍ന്നു വരുന്നു."ഇന്നത്തെ ക്ലസ്സ് ഉഷാറ് ടീച്ചറെ...വൈന്നേരം എല്ലാരും പകലണ്ണന്റെ കാന്റീനിന് മുമ്പില് വരണം ...ഒന്നു വെച്ചാ രണ്ട്...രണ്ട് വെച്ചാ നാല്....."
"എനിക്കിന്നൊന്നും തലേക്കേറീല്ല..."വാഴക്കോടന്‍ തല ചൊറിയുന്നു.
"അതു നീയാ സൂറേനെ നോക്കിയിരുന്നിട്ടാ... എത്ര പറഞ്ഞതാ ക്ലാസ്സെടുക്കുമ്പൊ ക്ലാസ്സില്‍ ശ്രദ്ധിക്കാന്‍..."ബോണ്‍സ്...
"ടീച്ചറെ നാളെ ബാക്കി ക്ലാസ്സെടുക്ക്വൊ..... പോക്കറ്റടീക്കാരന്‍ മണ്ടന്‍ മൂത്താപ്പാന്റെ...അതാവുമ്പം ഇത്ര ബുദ്ധി വേണ്ടല്ല്....യേത്".......

Apr 24, 2009

ബ്ലോഗേര്‍സ്‌ കോളേജിലെ പുതിയ അദ്ധ്യാപകന്‍ - ഡോ. വ്യാജ്‌ ജോര്‍ജ്ജ്‌ തങ്ങള്‍.

വൈസ്‌ പ്രിന്‍സിപ്പാള്‍ കാപ്പിലാനന്ദ സ്വാമികളുടെ ഓഫീസ്‌.
സമയം രാവിലെ 11 മണി.

തൂവെള്ള ഷര്‍ട്ടും പാന്റും ധരിച്ച ഒരാള്‍ കടന്നു വരുന്നു.
സര്‍, മേ ഐ കമിന്‍?
വൈ. പ്രി. കമിന്‍ പ്ലീസ്‌.
ആള്‍ അകത്തേക്കു വരുന്നു.
വൈ. പ്രി.( മുന്നിലെ കസേര ചൂണ്ടി) : പ്ലീസ്‌ ടേക്ക്‌ യുവര്‍ സീറ്റ്‌.

വന്ന ആള്‍ ഒന്നു പരുങ്ങുന്നു. എന്നിട്ട്‌ കസേരയുടെ പിന്നിലേക്കു പോയി അതെടുത്തു പൊക്കാനെന്നപോലെ കസേരക്കയ്യില്‍ പിടിക്കുന്നു.

അയാളുടെ പ്രവൃത്തി കണ്ട്‌ എന്തോ പന്തികേട്‌ തോന്നിയിട്ട്‌, വൈ.പ്രി. വേഗത്തില്‍ പറയുന്നു : ഇരിക്കൂ ദയവായി.

വന്നയാള്‍ മുഖത്ത്‌ ആശ്വാസം നിറഞ്ഞ വലിയൊരു ചിരിയുമായി, കസേരയില്‍ വന്നിരിക്കുന്നു.

ആള്‍ : സര്‍, ഞാന്‍ ജോലിയന്വേഷിച്ചു വന്നതാണ്‌.
വൈ : എന്തു ജോലി?
ആള്‍: ഇവിടെ ബ്ലോഗ്ഗേര്‍സ്‌ കോളേജില്‍ അദ്ധ്യാപകരെ ആവശ്യമുണ്ടെന്നു പരസ്യം കണ്ടു...
വൈ: എന്താ പേര്‌?
ആള്‍ : സര്‍, എന്റെ പേര്‌ വ്യാജ്‌ ജോര്‍ജ്ജ്‌ തങ്ങള്‍.

വൈ. പ്രി (ആത്മഗതം) : ഇപ്പോഴത്തെ തന്തമാരും തള്ളമാരും മക്കള്‍ക്കിടാന്‍ കണ്ടുപിടിക്കുന്ന ഓരോരോ പേരുകളേ !
മനസ്സില്‍ തോന്നിയ അമ്പരപ്പു പുറത്തു കാട്ടാതെ, വൈ : ക്വാളിഫിക്കേഷന്‍സ്‌?

വ്യാജ്‌ : സര്‍, ഞാന്‍ രസതന്ത്രത്തില്‍ ബി.എസ്സ്‌സി, എം. എസ്സ്‌സി, എച്ച്‌.പിഡി ഒക്കെ എടുത്തിട്ടുണ്ട്‌.

വൈ : ആ അവസാനം പറഞ്ഞ ഡിഗ്രി എന്താ?

വ്യാജ്‌ : എച്ച്‌.പിഡി

വൈ : എച്ച്‌ പി ഡിയോ? അങ്ങനൊരു ഡിഗ്രി ഇതുവരെ കേട്ടിട്ടില്ലല്ലോ.

വൈ. പ്രി.നു സംശയമാവുന്നു, ഇനി താനറിയാതെ ഇങ്ങനെ വല്ല ഡിഗ്രിയുമുണ്ടോ?
(ഉറക്കെ) പി.എച്ച്‌ ഡി എന്നു കേട്ടിട്ടുണ്ട്‌. പക്ഷേ എച്ച്‌.പിഡി എന്നൊരു ഡിഗ്രി... (അര്‍ദ്ധോക്തിയില്‍ നിറുത്തുന്നു)

വ്യാജ്‌ ഉടനെ ചാടിക്കയറി : ഓ, സര്‍ സോറി, അതു തന്നെ, അതു തന്നെ. നാവു പിഴച്ചു പോയതാ. വെരി സോറി, സര്‍.
ചമ്മിയ മുഖത്ത്‌ വലിയൊരു ചിരി നിറച്ചു നില്‍ക്കുന്നു വ്യാജ്‌.

കെമിസ്ട്രി പഠിപ്പിക്കാന്‍ ഇതുവരെ ഒരദ്ധ്യാപകനെ കിട്ടാതിരിക്കയായിരുന്നു. ഇപ്പോഴിതാ ഒരാള്‍ വന്നിരിക്കുന്നു. ആശ്വാസമായി.

വൈ.പ്രി. ശരി സര്‍ട്ടിഫിക്കറ്റുകള്‍ കാണിക്കൂ.

വ്യാജ്‌ കൈയ്യിലിരിക്കുന്ന ഫയലില്‍ നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ പുറത്തെടുക്കുന്നു. വൈ. പ്രി. അതു പരിശോധിക്കുന്നു.

വ്യാജ്‌ നെറ്റിയില്‍ പൊടിയുന്ന വിയര്‍പ്പുകണങ്ങള്‍ തുടച്ചു കൊണ്ടിരിക്കുന്നു.

വൈ. പ്രി. ശരി, സര്‍ട്ടിഫിക്കറ്റുകളുടെ ട്രൂകോപ്പികള്‍ ഇവിടെ ഏല്‍പ്പിച്ചു പോകൂ. നാളെ നിയമനകമ്മിറ്റി കൂടും. അതിനു ശേഷം വിവരം അറിയിക്കാം.

വ്യാജ്‌ : വളരെ നന്ദി സര്‍.

വ്യാജ്‌ വൈ. പ്രി.നെ തൊഴുത്‌ മടങ്ങുന്നു.

** ** **

ഒരാഴ്ച കഴിഞ്ഞ്‌:

ക്ലാസ്സിലേക്ക്‌ വൈസ്‌ പ്രിന്‍സിപ്പാള്‍ വ്യാജ്‌നേയും കൂട്ടി വരുന്നു. കുട്ടികള്‍ എഴുന്നേല്‍ക്കുന്നു.

വൈ. പ്രി. ഗുഡ്‌ മോര്‍ണിങ്ങ്‌ എവരിബഡി. പ്ലീസ്‌ സിറ്റ്‌ ഡൗണ്‍.

കുട്ടികള്‍ ഇരിക്കുന്നു.

വൈ.പ്രി. ഡിയര്‍ സ്റ്റുഡന്റ്‌സ്‌, ഇത്‌ ഡോ. വ്യാജ്‌ ജോര്‍ജ്ജ്‌ തങ്ങള്‍. നിങ്ങളുടെ പുതിയ അദ്ധ്യാപകന്‍. കെമിസ്ട്രിയാണ്‌ ഇദ്ദേഹത്തിന്റെ സബ്ജക്റ്റ്‌.

വ്യാജ്‌ കുട്ടികളെ നോക്കി പുഞ്ചിരിക്കുന്നു. പെണ്‍കുട്ടികളുടെ ഭാഗത്തേക്കു നോക്കുമ്പോള്‍ ചിരിയുടെ പ്രകാശം പതിന്മടങ്ങ്‌ വര്‍ദ്ധിക്കുന്നു.

വൈ. പ്രി. വ്യാജിന്‌ നേരേ തിരിഞ്ഞ്‌ : ഓക്കേ ദെന്‍. യു ബിഗിന്‍ യുവര്‍ ക്ലാസ്സസ്‌ റൈറ്റ്‌ എവേ. ഐ വില്‍ ഗോ നൗ.

കുട്ടികളോടായി : സ്റ്റുഡന്റ്‌സ്‌, ലിസണ്‍ ടു ഹിം.

വൈ. പ്രി. പോകുന്നു.

വ്യാജ്‌ : ഗുഡ്‌ മോര്‍ണിങ്ങ്‌ സ്റ്റുഡന്റ്‌സ്‌.

കുട്ടികള്‍ : ഗുഡ്‌ മോര്‍ണിങ്ങ്‌ സര്‍.

വ്യാജ്‌ : ഓക്കേ. നമുക്കാദ്യം തമ്മില്‍ പരിചയപ്പെടാം.

ഓരോരോ കുട്ടികളായി പേരു പറഞ്ഞു പരിചയപ്പെടുത്തുന്നു. പെണ്‍കുട്ടികള്‍ പേരു പറയുമ്പോള്‍ വ്യാജിന്‌ ചെവി തീരെ കേള്‍ക്കാത്തതു പോലെ.

എന്താ കേട്ടില്ലല്ലോ ഒന്നു കൂടി പറയൂ
എന്നിങ്ങനെ പറഞ്ഞ്‌ അവരെക്കൊണ്ട്‌ ഒന്നില്‍ കൂടുതല്‍ തവണ പേരു പറയിപ്പിക്കുന്നു.

പരിചയപ്പെടുത്തല്‍ കഴിഞ്ഞു.

വ്യാജ്‌ : കുട്ടികളേ നിങ്ങളെയൊക്കെ പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ എനിക്ക്‌ അതിയായ സന്തോഷമുണ്ട്‌. നിങ്ങളെപ്പോലെ അതിസമര്‍ത്ഥരായ കുട്ടികളെ പഠിപ്പിക്കാന്‍ അവസരം കിട്ടിയത്‌ എന്റെ ഭാഗ്യം തന്നെ.

വാഴക്കോടന്‍ : അതിന്‌ ഞങ്ങള്‍ സമര്‍ത്ഥരാണെന്ന്‌ സാറിനെങ്ങനെ മനസ്സിലായി? സാറിന്നാദ്യമല്ലേ?

വ്യാ : ഈ കോളേജിലൊക്കെ പഠിക്കാന്‍ അവസരം കിട്ടുന്നത്‌ സമര്‍ത്ഥരായ കുട്ടികള്‍ക്കല്ലേ? അതു പ്രത്യേകം പറഞ്ഞുതരേണ്ടതുണ്ടോ?

വാഴ : കോളേജില്‍ അഡ്മിഷന്‍ കിട്ടീന്നു വച്ച്‌ എല്ലാരുമങ്ങ്‌ സമര്‍ത്ഥരാണെന്ന്‌ കരുതല്ലേ സാറേ. എന്നെപ്പോലെ മൂന്നാലുപേരേയുള്ളൂ ഇവിടെ സമര്‍ത്ഥരായി. ബാക്കിയൊക്കെ ബുദ്ദൂസുകളാ സാറേ, ദേ ഈ ചങ്കരനും കനലുമൊക്കെ മഹാ മൊണ്ണകളാ. ചങ്കരന്‌ തെങ്ങു കേറ്റമാ പണി. കോളേജീ വരണേനു മുന്‍പും, കോളേജു വിട്ടു കഴിഞ്ഞാലും പാവത്തിനു തെങ്ങേല്‍ കേറണം. പഠിക്കാനൊന്നും പറ്റത്തില്ലന്നേയ്‌. കനലിനാണെങ്കില്‍ അവന്റപ്പന്റെ ചായക്കടേല്‍ തീയൂതല്‍. തൊണ്ടും ചെരട്ടേം വച്ച്‌ തീയൂതിയൂതി കനലാക്കുന്ന പണി ചെയ്യണോണ്ടാ അവനീ വട്ടപ്പേരു വന്നതു തന്നെ, സാര്‍.

കനലിന്റെ മുഖം ദേഷ്യം കൊണ്ട്‌ തീക്കനല്‍ പോലെ ചുമന്നു തുടുക്കുന്നു.

കനല്‍ : സാര്‍, ഈ വാഴക്കാടന്‍ സമര്‍ത്ഥനായതോണ്ടൊന്നുമല്ല അവന്‌ അഡ്മിഷന്‍ കിട്ടിയത്‌. കാപ്പിലാനന്ദ സ്വാമികള്‍ക്ക്‌ കോളേജ്‌ തുടങ്ങാനായി, ഇവന്റെ കുവൈറ്റിലെ അളിയന്‍ ലക്ഷങ്ങള്‍ കോഴകൊടുത്തിട്ടുണ്ട്‌. അതിന്റെ പേരിലാ അവന്‌ അഡ്മിഷന്‍ തരപ്പെട്ടത്‌. എന്നിട്ടിപ്പം...

കനല്‍ വാഴക്കോടന്റെ മൂക്കിനു നേരെ മുഷ്ടി ചുരുട്ടിക്കൊണ്ടു ചെല്ലുന്നു.

വ്യാജ്‌ പെട്ടെന്നു തന്നെ കനലിനെ തടയുന്നു.

വ്യാജ്‌ : ഹേ, ഹേ, സമാധാനിക്കൂ. ഇതൊന്നും പാടില്ല. എന്തായാലും ഒരു കാര്യം ഉറപ്പ്‌. നിങ്ങളെല്ലാവരും തന്നെ എന്നേക്കാള്‍ സമര്‍ത്ഥരാണ്‌.

ആചാര്യന്‍ : അതെന്താ സാറേ അങ്ങനെ പറയണത്‌? സാറു കോളേജീ പൂയിട്ടില്ലേ?

വ്യാജ്‌ പെട്ടെന്നു പരുങ്ങുന്നു. പിന്നെ ഒരു വലിയ ചിരി മുഖത്തണിഞ്ഞ്‌ : ഹ ഹ ഹ... അതു കൊള്ളാം ഞാന്‍ കോളേജില്‍ പോയിട്ടില്ലേന്ന് ! നല്ല സംശയം തന്നെ.

ആ, ശരി, ഇനി നമുക്ക്‌ പാഠങ്ങള്‍ പഠിച്ചു തുടങ്ങാം.

കുട്ടികളേ, ഞാന്‍ നിങ്ങളെ പഠിപ്പിക്കാന്‍ പോകുന്നത്‌ രസതന്ത്രമാണ്‌.

നാസ്‌ സൂറയുടെ ചെവിയില്‍ : ഇങ്ങേരിതെന്താ മലയാളത്തിന്റെ വക്താവാണോ?

വ്യാജ്‌ ഇതു കണ്ടെങ്കിലും നാസിനേയും സൂറയേയും നോക്കി ഒരു പഞ്ചാരപ്പാല്‍പ്പുഞ്ചിരി തുകുക മാത്രം ചെയ്യുന്നു.

ക്ലാസ്സ്‌ തുടരുന്നു:

വ്യാ : കുട്ടികളേ, ഈ രസതന്ത്രം രസതന്ത്രം എന്നു പറഞ്ഞാലെന്താണ്‌? രസിക്കാനുള്ള തന്ത്രം അല്ലെങ്കില്‍ രസിപ്പിക്കാനുള്ള തന്ത്രം.

കുട്ടികള്‍ തമ്മില്‍ തമ്മില്‍ നോക്കുന്നു.

വ്യാജ്‌ : ഈ വാക്കിന്‌ ഇനിയുമൊരര്‍ത്ഥം കൂടിയുണ്ട്‌. അതായത്‌, നമ്മുടെയെല്ലാം നാവിനെ രസിപ്പിക്കുന്നതാണല്ലോ ഭക്ഷണം. അങ്ങനെ നാവിനെ രസിപ്പിക്കുന്ന ഒരു ഭക്ഷ്യവിഭവമാണ്‌ രസം. കുട്ടികളേ, നിങ്ങള്‍ കേട്ടിട്ടില്ലേ രസത്തെ കുറിച്ച്‌? സദ്യയ്ക്കും മറ്റും പായസമൊക്കെ കഴിഞ്ഞ്‌ അവസാനം മോരു വിളമ്പുന്നതിനും തൊട്ടു മുന്‍പായി വിളമ്പുന്ന കറി? ബ്രൗണ്‍ നിറത്തില്‍? സദ്യ ഉണ്ടിട്ടില്ലാത്തവര്‍ തീര്‍ച്ചയായും പരസ്യത്തില്‍ കണ്ടുകാണും. ബിരിയാണി കഴിച്ചു കഴിഞ്ഞാല്‍ ഗ്യാസ്‌ ഇളകാതിരിക്കാനായി നല്ല സ്റ്റൈലില്‍ കഴിക്കേണ്ടുന്ന പാനീയം. കണ്ടിട്ടില്ലേ?

കുട്ടികള്‍ ഒന്നടങ്കം : കണ്ടിട്ടുണ്ട്‌ സാര്‍, കണ്ടിട്ടുണ്ട്‌.

വാഴ : സാര്‍ ഞാന്‍ കുടിച്ചിട്ടും ഉണ്ട്‌.

കുട്ടികള്‍ എല്ലാവരും തമ്മില്‍ തമ്മില്‍ ഓരോന്നു പറഞ്ഞ്‌ ചിരിക്കുന്നു. ക്ലാസ്സ്‌ ബഹളമയമാകുന്നു.

വ്യാജ്‌ ഡസ്കില്‍ തട്ടുന്നു. കുട്ടികള്‍ ചിരി അമര്‍ത്തി നിശബ്ദരാകാന്‍ ശ്രമിക്കുന്നു.

വ്യാജ്‌ : ഇങ്ങനെ നാവിനെ രസിപ്പിക്കുന്ന ഒരു ഭക്ഷ്യപദാര്‍ത്ഥമായ 'രസം' ഉണ്ടാക്കുന്ന തന്ത്രമാണ്‌ കുട്ടികളേ രസതന്ത്രം.

കുട്ടികള്‍ ആര്‍ത്തു ചിരിക്കുന്നു. ഡസ്കുകളില്‍ ആഞ്ഞിടിക്കുന്നതിന്റെ ശബ്ദം.

ആകെ ബഹളമയം.

ക്ലാസ്സ്‌ നിയന്ത്രണാതീതമാകുന്നു. .

വാഴക്കോടന്‍ ഉടന്‍ തന്നെ ഒരു നിമിഷകവിത ചമച്ച്‌, ഡസ്കില്‍ താളം കൊട്ടി, പെണ്‍കുട്ടികളുടെ വശത്തേയ്ക്കു നോക്കി ഇടയ്ക്കിടെ കണ്ണിറുക്കി കാണിച്ചുകൊണ്ട്‌ പാടുവാനും തുടങ്ങുന്നു.


രസമുണ്ടല്ലോ രസമുണ്ടല്ലോ
രസതന്ത്രത്തിന്‍ പുതിയ ക്ലാസ്സ്‌
രസമുണ്ടാക്കി തന്നു ഞങ്ങളെ
രസിപ്പിച്ചിടൂ സോദരിയേ.....

എല്ലാം കണ്ട്‌ തന്റെ ക്ലാസ്സ്‌ ഇത്രത്തോളം കുട്ടികള്‍ക്ക്‌ രസിക്കുന്നല്ലോ എന്ന അഭിമാനം സ്ഫുരിക്കുന്ന മുഖവുമായി മേശയില്‍ ചാരി നില്‍ക്കുന്നു, വ്യാജ്‌ ജോര്‍ജ്ജ്‌ തങ്ങള്‍ എന്ന അദ്ധ്യാപകന്‍.


കാപ്പില്‍ കുമാര്‍, വരാന്തയിലൂടെ നടന്നു വരുന്നു. വ്യാജിന്റെ ക്ലാസ്സ്‌ മുറിയുടെ അടുത്തെത്തുമ്പോള്‍, അകത്തു നിന്നുയരുന്ന ആരവം ശ്രദ്ധയില്‍ പെടുന്നു. കാപ്പില്‍ കുമാര്‍ ക്ലാസ്സിനകത്തേക്ക്‌ എത്തിനോക്കുന്നു. കുട്ടികള്‍ ബഹളം വച്ച്‌ ചിരിക്കുകയും അതാസ്വദിച്ചെന്നപോലെ അദ്ധ്യാപകന്‍ മേശമേല്‍ ചാരി നില്‍ക്കുകയും ചെയ്യുന്ന രംഗം കണ്ട്‌ അമ്പരക്കുന്നു.

ഇങ്ങനെയാണോ ഒരദ്ധ്യാപകന്‍ ക്ലാസ്സ്‌ മാനേജ്‌ ചെയ്യുന്നത്‌?

അദ്ദേഹം അദ്ധ്യാപകനെ രൂക്ഷമായി ഒന്നു നോക്കി.

മുഖം കണ്ടിട്ടു നല്ല പരിചയം തോന്നുന്നു. എവിടൊക്കെയോ വച്ചു ഇയാളെ കണ്ടിട്ടുള്ളപോലെ. പെട്ടെന്നാണ്‌ കാപ്പില്‍ കുമാറിന്റെ മനസ്സില്‍ ഒരു കൊള്ളിയാന്‍ മിന്നിയത്‌.

ഇയാള്‍? ഇയാള്‍ തന്റെ നാട്ടിലെ ചാണുവിലാസം ഹോട്ടല്‍ ആന്റ്‌ ടീഷോപ്പിലെ ഇലയെടുപ്പുകാരനല്ലേ? ഇലയെടുപ്പാണു പണിയെങ്കിലും പളപളാ മിന്നുന്ന കളസവും കോട്ടുമൊക്കെയിട്ട്‌ മുറിഇംഗ്ലീഷുമായി നാട്ടില്‍ വിലസുന്ന ജോര്‍ജ്ജുകുട്ടി‍?

കാപ്പില്‍ കുമാറിനെ കണ്ടു കുട്ടികള്‍ നിശബ്ദരായതും, അയാള്‍ തന്നെ നിരീക്ഷിക്കുന്നതുമൊക്കെ മനസ്സിലാക്കിയ വ്യാജ്‌ കുട്ടികളോടായി : ശരി കുട്ടികളേ ഇന്നത്തെ ക്ലാസ്സ്‌ കഴിഞ്ഞു. ഇത്‌ എന്റെ ആദ്യത്തെ ക്ലാസ്സായതു കൊണ്ടാ നിങ്ങളെ ഇങ്ങനെ ചിരിക്കാനും കളിക്കാനുമൊക്കെ അനുവദിച്ചത്‌. അടുത്ത ദിവസം തൊട്ട്‌ ക്ലാസ്സില്‍ നല്ല ഡിസിപ്ലിന്‍ ഉണ്ടായിരിക്കണം.

ഇതും പറഞ്ഞ്‌, തന്നെത്തന്നെ നോക്കിനില്‍ക്കുന്ന കാപ്പില്‍ കുമറിന്റെ തീക്ഷ്ണ ദൃഷ്ടികളെ തീരെ അവഗണിച്ച്‌ ഡോ. വ്യാജ്‌ ജോര്‍ജ്ജ്‌ തങ്ങള്‍ എന്ന 'അദ്ധ്യാപകന്‍' കാറ്റുപോലെ പുറത്തേയ്ക്കു പാഞ്ഞുപോകുന്നു.

കവിതാപാഠം.(ഗ്യഹപാഠം)Apr 23, 2009

കവിതാ പാഠം -2

കഴിഞ്ഞ ക്ലാസ്സില്‍ നാം എന്താണ് കവിത എന്ന് പഠിച്ചു .അതില്‍ ഉയര്‍ന്നു വന്ന ഒരു ചോദ്യമായിരുന്നു ,എന്താണ് ഗവിതയും കവിതയും തമ്മിലുള്ള വ്യത്യാസം . കഴിഞ്ഞ ക്ലാസ്സില്‍ നാം എവിടെയാണ് പഠിച്ചു നിര്‍ത്തിയത് .ഉം വെള്ളാരം കല്ലുകള്‍ . ഇങ്ങനെ വെള്ളാരം കല്ലുകള്‍ ആകുന്നതിനും മുന്‍പുള്ള ഘട്ടമാണ് ഗവിതകള്‍ .മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ ഉടന്‍ പിറവികള്‍.ഗവിതയില്‍ പോളിഷ് ചെയ്ത വാക്കുകള്‍ കാണില്ല . പ്രയാന്‍ പറഞ്ഞതുപോലെ വായില്‍ തോന്നിയത് കോതക്ക് പാട്ട് എന്ന ഒരു മട്ട്.ഗവിതയില്‍ മൂര്‍ച്ചയുള്ള അരികുകള്‍ കാണും . അതില്‍ തൊട്ടാല്‍ മുറിയും .ഗവിതകള്‍ പിന്നീട് കാലക്രമേണ ഉരുട്ടി ഉരുട്ടി എടുത്താല്‍ വെള്ളാരം കല്ലുകള്‍ ആകും .ഇപ്പോള്‍ മനസിലായല്ലോ കവിതയും ഗവിതയും തമ്മിലുള്ള വ്യത്യാസം .മറ്റൊരു ചോദ്യം രാമചന്ദ്രന്‍ ചോദിച്ച വൃത്തം എന്താണ് എന്നതാണ് . വൃത്തം വരച്ച് അതിനുള്ളിലും കവിത എഴുതാം .വൃത്തം വരക്കാതെയും എഴുതാം .വളയമില്ലാതെ ചാടുന്നതായിരിക്കും കൂടുതല്‍ നന്ന് . മനസിലുള്ളത് മുഴുവന്‍ പകര്‍ത്തി വെയ്ക്കുക .പോരുന്നത് എല്ലാം ഇങ്ങ് പോരട്ടെ . നമ്മളായിട്ട് എന്തിനാണ് തടയിടുന്നത് . ആചാര്യന്‍ ക്ലാസ്സില്‍ ആലപിച്ച വിലാപ കാവ്യം ഒന്നാം ഭാഗം അസലായി . അടുത്തതും അതുപോലെ പോരട്ടെ . ക്ലാസ്സില്‍ കയറിയ ,പഠിച്ച മറ്റുള്ള ഓരോ കുട്ടികള്‍ക്കും നന്ദി അറിയിക്കുന്നു . കനല്‍ പറഞ്ഞത് പോലെ കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ ഉപയോഗിക്കാതെ ലളിത ഭാക്ഷയില്‍ ആളുകള്‍ക്ക് മനസിലാകുന്ന ഭാക്ഷയില്‍ കുട്ടികള്‍ കവിതകള്‍ എഴുതുക .

ഇന്ന് നമ്മള്‍ പഠിക്കുവാന്‍ പോകുന്നത് എന്തിനാണ് കവിത എഴുതുന്നത്‌ എന്നാണ് . പ്രാര്‍ത്ഥിക്കുവാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങള്‍ എന്ന് പറഞ്ഞത് പോലെ കവിതകള്‍ എഴുതുവാനും ഓരോ കാരണങ്ങള്‍ . കാരണങ്ങള്‍ എന്തായാലും ആ കവിത എഴുത്തില്‍ കൂടി നമ്മുടെ വികാര വിചാരങ്ങളെ മറ്റുള്ളവരിലേക്ക് എത്തിക്കുന്നു . ഇവിടെയാണ്‌ ഞാന്‍ നേരത്തെ പറഞ്ഞ മറ്റുള്ളവര്‍ക്കും മനസിലാകുന്ന ഭാക്ഷയില്‍ എഴുതിയാല്‍ നന്നായിരിക്കും എന്ന് പറയുന്നത് .

എല്ലാ മനുഷ്യരും ജീവിതത്തില്‍ പല മാറ്റങ്ങള്‍ക്കും വിധേയമാകേണ്ടി വരും .ജനനം , വളര്‍ച്ച , കല്യാണം , കുട്ടികള്‍ , മരണം അങ്ങനെ പലതും .പുതിയ ജീവിത രീതികള്‍ , ഭക്ഷണം , ഭാക്ഷ ഇവയെല്ലാം നമ്മില്‍ മാറ്റങ്ങള്‍ വരുത്തും . ഇങ്ങനെയുള്ള മാറ്റങ്ങള്‍ നമ്മളില്‍ പുതിയ പുതിയ കണ്ടുപിടുത്തങ്ങള്‍ക്കും , തീരുമാനങ്ങള്‍ക്കും വഴി വെയ്ക്കും . നിത്യേന നമ്മള്‍ ഓരോ തീരുമാനങ്ങള്‍ എടുക്കുകയും പലപ്പോഴും അവ നടപ്പിലാക്കുകയും ചെയ്യുന്നു . അപ്രധാനമായ കാര്യങ്ങള്‍ മാറ്റി വെച്ച് പ്രധാനമായ കാര്യങ്ങള്‍ മാത്രം നടപ്പിലാക്കുകയും ചെയ്യുന്നു . ഇവയൊക്കെ ( ചിലതെങ്കിലും ) ജനങ്ങളിലേക്ക് എത്തിക്കുകയും അവരുടെ കൂടെ അഭിപ്രായങ്ങള്‍ അറിയുകയും കൂട്ടായി ഒരു തീരുമാനത്തില്‍ എത്തിച്ചേരുകയും ചെയ്യുന്നു .പലപ്പോഴും കൂട്ടുകാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ഇങ്ങനെ ഉളവാകുന്ന അഭിപ്രായങ്ങള്‍ നമ്മെ നല്ലൊരു തീരുമാനത്തില്‍ എത്തിച്ചേരുവാന്‍ സഹായിക്കുന്നു .ഇങ്ങനെ സ്വന്തം ആശയങ്ങള്‍ , ആഗ്രഹങ്ങള്‍ മറ്റുള്ളവരെ അറിയിക്കുവാന്‍ കവിത എന്ന മാര്‍ഗം പലപ്പോഴും തിരഞ്ഞെടുക്കാറുണ്ട് .

സ്വന്തം ചിന്തകളെ വായനക്കാരിലേക്ക് എത്തിക്കുക . അതാണ്‌ രണ്ടാമത്തെ കാരണം .പലപ്പോഴും നമ്മുടെ വികാരങ്ങളെ മറ്റുള്ളവരുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കുവാന്‍ നമ്മള്‍ തയ്യാറാകില്ല . ഇങ്ങനെയുള്ളവര്‍ പേപ്പറില്‍ എഴുതി എവിടെയെങ്കിലും ആരും കാണാതെ സൂക്ഷിക്കും . കാരണം മറ്റുള്ളവര്‍ , വിമര്‍ശകര്‍ ,ബന്ധുക്കള്‍ ഇവരൊക്കെ ഇത് കണ്ടാല്‍ എന്ത് തോന്നും എന്ന ചിന്ത (ഞാനും ഇങ്ങനെ ചെയ്തിട്ടുണ്ട് പണ്ട് ).പക്ഷേ ഇങ്ങനെ എഴുതിക്കഴിയുമ്പോള്‍ മനസ്സില്‍ പലപ്പോഴും ഒരാശ്വാസം കിട്ടാറുണ്ട് .

മറ്റൊന്ന് ആരോടെങ്കിലും ഉള്ള ദേഷ്യം ,വഴക്ക് ഇവയൊക്കെ പ്രകടിപ്പിക്കാം .പക്ഷേ ദേഷ്യവും വഴക്കും ഒന്നും ( വ്യക്തി പരമായത് ) കവിതയില്‍ കൂടി പ്രദര്‍ശിപ്പിക്കാതിരിക്കുന്നതാകും നന്ന് .കാരണം ഇത് ആ വഴക്ക് കൂട്ടുവാന്‍ മാത്രമേ ഉപകരിക്കൂ .

ജീവിതത്തില്‍ ഉണ്ടാകുന്ന ഏതു നിസാര സംഭവവും ഇങ്ങനെ കവിതയില്‍ കൂടി പ്രദര്‍ശിപ്പിക്കാം .പഴയതും പുതിയതുമായ പല കവികളും തങ്ങളുടെ ഓര്‍മ്മകളില്‍ നിന്നും കവിതകള്‍ നെയ്യാറുണ്ട് . പഴമയെ പുതുമയുമായി കൂട്ടി ഇണക്കിക്കൊണ്ട് സുന്ദര കാവ്യങ്ങള്‍ പലരും സൃഷ്ടിക്കാറുണ്ട് .

മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത് , വായനക്കാരില്‍ പലരും കരുതും ,കവിതയില്‍ എവിടെയെങ്കിലും " ഞാന്‍ " " എന്നെ " എനിക്ക് " എന്നീ പദങ്ങള്‍ വന്നാല്‍ ഈ കവിത എഴുതുന്ന ആളിനെ കുറിച്ചാവും ഇത് പറയുക എന്ന് . എന്നാല്‍ അങ്ങനെയല്ല .ആ പദങ്ങള്‍ സൂചിപ്പിക്കുന്നത് ,കവിയുടെ ഭാഗത്ത് നിന്നുകൊണ്ടുള്ള ചിന്തകള്‍ ആകും അങ്ങനെ എഴുതാന്‍ പ്രേരിപ്പിക്കുക .കവിയുടെ ഓര്‍മ്മകളില്‍ നിന്നെഴുതുന്ന കവിതകളില്‍ വിഷമങ്ങളും ,സന്തോഷങ്ങളും കാണും . കവിതകള്‍ പലതും സന്തോഷപ്രദം ആകണമെന്നില്ല .ആചാര്യന്റെ വിലാപ കാവ്യം ശ്രദ്ധിക്കുമല്ലോ .പകലന്റെ കാന്റീനില്‍ നിന്നും പറഞ്ഞ് വിട്ടതിന്റെ വിഷമത്തിലാണ് കവിയെ അങ്ങനെ എഴുതാന്‍ പ്രേരിപ്പിച്ചത് .അതിന്റെ കാരണങ്ങളും സന്ദേഹങ്ങളും അതില്‍ കവി വിവരിക്കുന്നു .

ഒരു കവി പരിസര ബോധം ഉള്ളവനാകണം . പരിസരത്ത് നടക്കുന്ന കാഴ്ചകളില്‍ അവന്റെ കണ്ണുകള്‍ എത്തണം.ആ സംഭവങ്ങളില്‍ പങ്കാളി ആയില്ലെങ്കില്‍ തന്നെയും ഒരു വെറും കാഴ്ചക്കാരന്‍ ആയി തീരണം . നല്ല നല്ല കാവ്യ മുഹൂര്‍ത്തങ്ങള്‍ ഇവയില്‍ നിന്നും സൃഷ്ടിക്കാം .ആള്‍ക്കൂട്ടങ്ങള്‍ , ഷോപ്പിങ്ങ് മാളുകള്‍ , ഉല്‍സവങ്ങള്‍ ,ജോലി സ്ഥലങ്ങള്‍ , പൊതു വാഹനങ്ങള്‍ , ബ്ലോഗുകള്‍ ,മറ്റുള്ള മീഡിയകല്‍ എന്നിവയിലെല്ലാം അവന്റെ കണ്ണുകള്‍ എത്തണം .കവിയുടെ മനസ്സില്‍ തട്ടുന്ന എന്തും എഴുതി വെയ്ക്കുക .ഇവയൊക്കെ പൊതുജനങ്ങളുടെ മുന്നില്‍ എത്തിക്കുകയും വായനക്കാരുടെ പ്രതികരണങ്ങള്‍ അറിയുകയും ചെയ്യുക .

മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ആകാം ഒരാളിനെ കവിത എഴുതാന്‍ പ്രേരിപ്പിക്കുന്നത് .ഇനി കുട്ടികള്‍ക്ക് എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ ചോദിക്കാം . എനിക്ക് പഠിപ്പിച്ച് പഠിപ്പിച്ച് നന്നായി ഉറക്കം വരുന്നുണ്ട് .ക്ലാസ്സില്‍ ഇരുന്ന് ആരും ഉറങ്ങരുത് .ഞാന്‍ പകല്ന്റെ കാന്റീനില്‍ നിന്നും ഒരു കട്ടന്‍ അടിച്ചിട്ട് ഇപ്പോള്‍ വരാം . കുട്ടികള്‍ക്ക് എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ ബുക്കും പെന്നും എടുത്ത് എഴുതി വെയ്ക്കുക . ഞാന്‍ ചെന്നില്ലെങ്കില്‍ മധുരമില്ലാത്ത ചായയുമായി ഇപ്പോള്‍ ഇങ്ങു വരും . അപ്പോള്‍ പിന്നെ കാണാം .

നാളെ പുതിയൊരു പാഠമാണ് - കഥ ,ലേഖനം , നോവല്‍ ഇവയില്‍ നിന്നും എങ്ങനെ കവിത വ്യത്യസ്തമായിരിക്കുന്നു . അല്ലെങ്കില്‍ മുകളില്‍ പറഞ്ഞ ആശയങ്ങളെ പ്രകടിപ്പിക്കുവാന്‍ ഈ വക കാര്യങ്ങള്‍ എന്തുകൊണ്ട് തിരഞ്ഞെടുക്കുന്നില്ല എന്നതിനെ പറ്റി പഠിക്കാം . ഞാന്‍ ആരാ മ്വോന്‍ :)

Apr 22, 2009

കവിത ബ്ലോഗിനിയറിംഗ്എല്ലാ നല്ല കുട്ടികളും കോളേജിന്റെ ഏര്‍ത്ത്ഡേയില്‍ സഹകരിച്ചതില്‍ നന്ദിയുണ്ട് .ഈ കോളേജിന് ഒരു പേരുണ്ട് .ദയവായി കുട്ടികള്‍ ആരും കാന്റീനില്‍ ഏര്‍ത്ത് വെയ്ക്കരുത് . അതുപോലെ തന്നെ പരിസര ശുചികരണം എല്ലാവരും പാലിക്കണം .ആവശ്യമില്ലാതെ വസ്തുക്കള്‍ അവിടെയും ഇവിടെയും വലിച്ചെറിയരുത് . പകലന്റെ കാന്റീനില്‍ വളരെയേറെ ശുചിത്വം പാലിക്കണം . അതുപോലെ തന്നെ ഇലക്ട്രിസിറ്റി പരമാവധി കുറച്ച് ഉപയോഗിക്കുക .പഠിപ്പിക്കുന്ന സാറുമ്മാര്‍ നിങ്ങള്‍ക്ക് വേണ്ടി പരമാവധി കഷ്ടപ്പെടുന്നുണ്ട് . നിങ്ങള്‍ എല്ലാവരും പഠിച്ചു വലിയ നിലയില്‍ എത്തണം എന്നാണ് ഞങ്ങള്‍ എല്ലാവരും ആഗ്രഹിക്കുന്നത് . പഠിക്കുവാന്‍ നിങ്ങളും ശ്രമിക്കുക .മറ്റുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കാതെ ക്ലാസ്സില്‍ കയറുന്ന സമയത്തെങ്കിലും അല്പം പഠിക്കുവാന്‍ ശ്രമിക്കുക . എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ ചോദിച്ചാല്‍ പറയുവാന്‍ ഞങ്ങള്‍ തയ്യാറാണ് .

ഇന്നത്തെ നമ്മുടെ വിഷയം കവിതയെക്കുറിച്ചാണ് . വളരെ വലിയ ഒരു വിഷയമാണിത് .അതുകൊണ്ട് തന്നെ എല്ലാവരും ശ്രദ്ധിച്ച് ക്ലാസ്സില്‍ ഇരിക്കണം . പലര്‍ക്കും ബോര്‍ അടിക്കുന്ന ഒരു വിഷയമാണ് ഇതെന്നറിയാം. അങ്ങനെയുള്ളവര്‍ ദയവായി ക്ലാസിനു പുറത്തു പോകണം .ക്ലാസില്‍ ബഹളം വെയ്ക്കരുത് .ഇന്ന് ഈ വിഷയത്തെക്കുറിച്ച് ആമുഖമായി കുറെ കാര്യങ്ങള്‍ പറഞ്ഞിട്ട് ക്ലാസ് നിര്‍ത്താം എന്നാണ് കരുതുന്നത് .തുടര്‍ന്നുള്ള ക്ലാസ്സുകളില്‍ വളരെ വിശദമായി ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാം .ഏകദേശം അഞ്ചു ഭാഗങ്ങളായി ഈ വിഷയത്തെക്കുറിച്ചുള്ള പഠനം അവസാനിപ്പിക്കണം എന്ന് കരുതുന്നു . എല്ലാവരും ദയവായി ക്ലാസ്സില്‍ ശ്രദ്ധിക്കുക .

ഇന്ന് വളരെയേറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് എങ്ങനെ കവിത എഴുതാം എന്ന് . വരി മുറിച്ചും , കവിത മുറിച്ചും , വരി ഉടച്ചും ,വളയത്തോടും വളയമില്ലാതെയും പലരും കവിതകള്‍ എഴുതുന്നുണ്ട് എന്നെപ്പോലെയുള്ളവര്‍ ഇതൊന്നും ഇല്ലാതെ ഗവിതയും എഴുതുന്നു . സത്യത്തില്‍ എന്താണ് ഈ കവിത ? നമുക്ക് അതിലേക്ക് ഒന്ന് കണ്ണോടിച്ച് ഇന്നത്തെ ക്ലാസ് അവസാനിപ്പിക്കാം . ആര്‍ക്കെങ്കിലും ഈ ക്ലാസ്സില്‍ വിഷമം തോന്നുന്നെങ്കില്‍ അവര്‍ക്കീ സമയം ക്ലാസിനു പുറത്ത് പോകാം .

പുരാതന ഗ്രീക്കുകാര്‍ കവിതകളെ ദേവതകള്‍ ഭൂമിയിലെ മനുഷ്യര്‍ക്കായി അയക്കുന്ന സന്ദേശങ്ങള്‍ എന്ന അര്‍ത്ഥത്തില്‍ furor poeticus വിളിച്ചിരുന്നു .നൂറ്റാണ്ടുകളായി മനുഷ്യ സമൂഹത്തെ ആകമാനം അമ്പരപ്പില്‍ ആക്കിയിട്ടുണ്ട് കവിതകള്‍ . കവിയുടെ മനസിലേക്ക് കവിതയുടെ ബീജം പ്രവേശിക്കുകയും പിന്നീട് ഒരു ശില്പമായി ആ ബീജത്തെ പുറത്തേക്ക് തരികയും ചെയ്യുന്നു .പല കവിതകളും ഒരു സ്ക്രാപ്പ് ബുക്കിലെ പോലെ തള്ളി കളയേണ്ടതാണ്‌. കാരണം അതില്‍ കാര്യമാത്രമായി ഒന്നും ഇല്ല എന്നത് തന്നെ കാരണം .ഒരു യഥാര്‍ത്ഥ കവി തന്റെ ഉള്ളില്‍ അടങ്ങിയിരിക്കുന്ന വികാരത്തെ സധൈര്യം പുറത്തേക്ക് കൊണ്ടുവരണം . അവിടെ വരി മുറിഞ്ഞതോ . വളയമോ ഒന്നും ഒരു പ്രശനമാകരുത് .ഈ ക്ലാസില്‍ വരുന്ന കുട്ടികള്‍ ഈ ക്ലാസുകള്‍ കഴിയുന്നതോടു കൂടി വളരെ നല്ല കവികള്‍ ആയി മാറും . എത്ര ബുക്ക് വായിച്ചാലും , എത്ര ആശയങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കിലും കവിത എഴുതുക എന്നത് അത്ര നിസാരമായ കാര്യമല്ല . കവിതയെക്കുറിച്ച് സംസാരിച്ചാല്‍ , ചിന്തിച്ചാല്‍ ,വായിച്ചാല്‍ ഒരു കവിത ജനിക്കില്ല .ഈ വക കാര്യങ്ങള്‍ കവിതകള്‍ എഴുതുവാന്‍ ഉത്തേജനകമാകും എന്നത് സത്യം തന്നെ പക്ഷേ കവിത എന്നത് കവിയുടെ മനസിന്റെ അടിത്തട്ടില്‍ നിന്നും പുറപ്പെടേണ്ട ഒരു കാര്യമാണ് . അത് പലപ്പോഴും ഇതെഴുതുന്ന കവിയെപ്പോലും അതിശയിപ്പിക്കും .

പല പ്രശസ്തരായ കവികളും സമ്മതിച്ച ഒരു വസ്തുതയാണ് ഒരു പ്രാവശ്യം മാത്രം എഴുതി ഒരിക്കലും അവരുടെ കവിതകളുടെ ഒരു പൂര്‍ണ്ണ രൂപം വന്നിട്ടില്ല എന്നത് . പല തിരുത്തലുകളും , മാറ്റങ്ങള്‍ക്കും ,ആദ്യ കാലങ്ങളില്‍ വരുത്തേണ്ടതായി വന്നിട്ടുണ്ട് .പക്ഷേ അത്തരം തിരുത്തലുകള്‍ , മാറ്റങ്ങള്‍ പലപ്പോഴും ആ കവിതയ്ക്ക് ഗുണകരമായി മാത്രമേ തീര്‍ന്നിട്ടുള്ളൂ.ഓരോ കവികളും വ്യത്യസ്തമായിരിക്കും . ഓരോരുത്തര്‍ക്കും ഓരോ വഴികള്‍ . പക്ഷേ പൂര്‍ണ്ണമായി ഒരു കവിയായി തീരണമെങ്കില്‍ തിരുത്തലുകള്‍ , മാറ്റങ്ങള്‍ സ്വീകരിച്ചേ കഴിയൂ .


ശ്രദ്ധിക്കുക .

പുഴയുടെ അടിത്തട്ടില്‍ പരുപരുത്ത പാറക്കല്ലുകള്‍ വെള്ളാരംകല്ലുകള്‍ ആയി മാറാന്‍ സമയം എടുക്കും . ഇന്നത്തെ ക്ലാസ് ഇത്രയും മതി . നാളെ നമുക്ക് എന്തിനാണ് കവിതകള്‍ എഴുതുന്നത്‌ എന്ന് വിശദമായി സംസാരിക്കാം .

Apr 21, 2009

കോളേജില്‍ ഏര്‍ത്ത് ഡേ

ഭൂമി ദിനത്തിന്റെ പതാക
ഭൂമിദിന ചിഹ്നം കുട്ടികളെ ...
അദെന്താ ആരും മിണ്ടാത്തത് ? എല്ലാവരും ഉറക്കം തൂങ്ങി ചാളയുടെ മണവുമടിച്ച് ഇരിക്കുകയാണോ ? ഒന്നുഷാര്‍ ആകൂ .
കുട്ടികളെ ....
എന്തോ ......
ഉം .. നല്ല കുട്ടികള്‍ .
നിങ്ങള്‍ എല്ലാം ക്ലാസ്സില്‍ കയറുന്ന പഠിക്കുന്ന നല്ല കുട്ടികള്‍ ആയതുകൊണ്ട് പ്രിന്‍സിക്ക് നിങ്ങളെക്കുറിച്ച് നല്ല മതിപ്പാണ് . ആവശ്യമില്ലാതെ കാമ്പസിലും , പകലന്റെ കാന്റീനിലും കറങ്ങി നടക്കാത്ത നല്ല കുട്ടികളെ അനുമോദിക്കുവാന്‍ പ്രിന്‍സി എന്നെ പ്രത്യേകം ചുമതലപ്പെടുത്തിയിരിക്കുന്നു .
ഇന്നേത് ദിവസമാണ്‌ എന്നറിയുമോ ? ആ പുറകില്‍ ഇരിക്കുന്ന താടി വെച്ച കുട്ടി പറയട്ടെ . എന്താണ് കുട്ടിയുടെ പേര് ?
ആചാര്യന്‍ ..
ഉം പറയൂ ഏതാണ് ഈ ദിവസം .
ഏപ്രില്‍ 21
കറക്റ്റ് അപ്പോള്‍ നാളെ ഏതു ദിവസം ആയിരിക്കും ? ആര്‍ക്ക് പറയാം .
ഏപ്രില്‍ 22
ഗുഡ് വെരി വെരി ഗുഡ്
നാളത്തെ ദിവസത്തിന് ഒരു പ്രത്യേകത ഉണ്ട് . ആര്‍ക്ക് പറയാം നാളത്തെ ദിവസത്തെ പ്രത്യേകത .
സാര്‍ .. നാളെ ഇവന്റെ ഹാപ്പി ബര്‍ത്ത് ഡേ ആണെന്ന് പറഞ്ഞു.
ഏതു കുട്ടിയുടെ .. ആ കുട്ടി എഴുന്നേറ്റു നില്‍ക്ക്.
എന്താണ് കുട്ടിയുടെ പേര് ..
പാവപ്പെട്ടവന്‍ .
നല്ല പേര് . ഹാപ്പി ബര്‍ത്ത് ഡേ പാവപ്പെട്ട കുട്ടി . നാളെ ക്ലാസ്സില്‍ കേക്ക് കൊണ്ടുവരണം കേട്ടോ .
നാളത്തെ ദിവസത്തിന് ഒരു പ്രത്യേകത കൂടിയുണ്ട് . നാളെയാണ് ലോകം എമ്പാടും ഭൂമി ദിനമായി ആചരിക്കുന്നത് .
സാര്‍ .. ഭൂമിയുടെ ഹാപ്പി ബര്‍ത്ത് ഡേ നാളെയാണോ ?
അല്ല കുട്ടി .ഭൂമിയുടെ ജന്‍മ ദിനമായതുകൊണ്ടല്ല.ഭൂമിയുടെ പരിസ്ഥിതിയെ കുറിച്ച് ജനങ്ങളെ ബോധവന്മാരാക്കുവാന്‍ എല്ലാ വര്‍ഷവും ഏപ്രില്‍ മാസം 22ഭൂമി ദിനമായി ആഘോഷിക്കുന്നു . അമേരിക്കന്‍ സെനറ്റര്‍ ആയിരുന്ന Gaylord Nelson 1970 ഏപ്രില്‍ മാസം തുടങ്ങിയതാണ്‌ ഇത് . പിന്നീട് ഇപ്പോള്‍ ലോകം മുഴുവന്‍ ഈ ദിനം പരിസ്ഥിതി സംരക്ഷണ ദിനമായി ആചരിക്കുന്നു .
ഈ വിഷയത്തില്‍ വാദങ്ങളും പ്രതിവാദങ്ങളും നടക്കുന്നെങ്കിലും ഞാന്‍ ആ ഭാഗത്തേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നില്ല . നമുക്ക് നമുടെ കോളേജിന്റെ കാര്യം മാത്രം നോക്കാം . അല്ലേ കുട്ടികളെ .
അപ്പോള്‍ ഞാന്‍ പറഞ്ഞ് വന്നത് . നാളെ നമ്മളും ഭൂമി ദിനമായി ആചരിക്കുന്നു . ഈ കോളേജില്‍ ഒരു ഡ്രസ്സ് കോഡ് ഇല്ലെങ്കിലും നാളെ ക്ലാസ്സില്‍ എല്ലാവരും പച്ചയോ , നീലയോ ഡ്രസ്സ് ഇട്ടുകൊണ്ട്‌ വരണം . നമ്മള്‍ ഒരുമിച്ച് ഈ കോളേജിന് ചുറ്റും നാളെ 101 മരങ്ങള്‍ വെച്ച്‌ പിടിപ്പിക്കുന്നു . കൂടാതെ ഇതിനെക്കുറിച്ചുള്ള ക്ലാസ്സുകളും ,ചര്‍ച്ചകളും നാളെ ഉണ്ടായിരിക്കുന്നതാണ് .
അപ്പോള്‍ കുട്ടികള്‍ ആരും മറന്നു പോകരുത് .
നമ്മുടെ ഭൂമിയെ സംരക്ഷിക്കുക എന്നത് നമ്മുടെ ചുമതല .
ഇനി ക്ലാസുകള്‍ നടക്കട്ടെ .

Apr 20, 2009

ചാള മമ്മദ് കോളേജില്‍


നല്ല കൊച്ചു വെളുപ്പാന്‍ കാലം. രാവിലെ ഷാപ്പനൂര്‍ കവലയില്‍ ഷാപ്പിലെ മീന്‍ കൊടുത്തു നില്‍കുന്ന മമ്മദ്. പച്ച കിറ്റെക്സ് ലുന്ഗി. മഞ്ഞ ഷര്‍ട്ട്‌. തലയില്‍ ഒരു തൂവാല. പഴയ M80 സ്കൂട്ടര്‍ . അതിന്റെ പുറകില്‍ നീല പെട്ടി. പെട്ടിയില്‍ നല്ല പിടക്കാത്ത മത്തി. M80 ടെ മുന്നിലെ ഹോണില്‍ നീട്ടി അടിച്ച് കൊണ്ടു മമ്മദ് നില്ക്കുന്നു.


"ഇങ്ങള് ബരണണ്ടാ? ഞമ്മക്ക്‌ നിക്കാന്‍ നേരം ഇല്ല?"
"മമ്മദിക്ക രാവിലെ നല്ല ചൂടിലാണല്ലോ?"ഷാപ്പ് മുതലാളി പുറത്തേക്ക് നോക്കിയിട്ട് പറഞ്ഞു."ഒരു മിനിട്ട് ഇക്ക..രാവിലെ എന്താ ഇത്ര തിടുക്കം?"
" അത് പിന്നെ ഞമ്മക്ക്‌ കോളേജില്‍ പോകാന്‍ ഉള്ളതാ?"
"ഹി ഹി ഹി ഹി ഹി..ഇക്ക കോളേജിലെക്കോ ? എന്താ ഡിഗ്രിക്ക് ചേരാന്‍ പോകുവാ?"
"ഇങ്ങള് അന്റെ കാരിയം നോക്കിയ മതി.."

"പകലണ്ണന്‍ തരുന്നതിലും അധികം കാശ് ഞാന്‍ തന്നില്ലേ..ഈ ചീഞ്ഞ ചാളക്കു? പിന്നെ എന്താ ഇത്ര ധൃതി?"

" അത് പിന്നെ ഞമ്മക്ക് ഇന്നു സ്പെഷ്യല്‍ ക്ലാസ്സ് ഉണ്ട്...അവിടത്തെ ബോണ്‍സ് സാറ് വരാന്‍ പറഞ്ഞു"

"എന്തോന്ന് ഇക്ക...?" ഷാപ്പ് മുതലാളി ഞെട്ടി..പിന്നെ കണ്ണ് തുടച്ചു? കണ്ട മീന്കാരോക്കെ കയറി തുടങ്ങി കോളേജില്‍ . ഞാന്‍ ഇതു പ്രതീക്ഷിച്ചതാ. കോളേജ് തുടങ്ങിയപ്പം കള്ള്‍് കച്ചവടം കയറി മൂക്കും എന്ന് കരുതിയതാ. ഇതിപ്പോള്‍ അവിടെ കാന്റീനില്‍ എല്ലാം കിട്ടും. ആര്‍ക്കും ഷാപ്പ് വേണ്ട. ഇവിടെ പൊറോട്ട അടിച്ച് കൊണ്ടിരുന്ന ചെക്കന്‍ അവിടെ പോയി..പഠിക്കാനെന്നും പറഞ്ഞു. എന്നിട്ടിപ്പോ എന്തായി?

" അത് പിന്നെ ബോണ്‍സ് സാര്‍ പറഞ്ഞു ഞമ്മള്‍ മത്തിനെ പറ്റി ക്ലാസ് എടുക്കണം എന്ന്. "

"ഹി ഹി ഹി ഹി ഹി ഹി.."

അപ്പോള്‍ മമ്മദിന്റെ മൊബൈല് അടിച്ചു. അപ്പുറത്ത് ബോണ്‍സ് സാര്‍.
"ഇക്ക വരണില്ലെ? പിള്ളേരൊക്കെ അക്ഷമരായി ഇരിക്കുവാ?"

"ദാ വന്നു സാറേ ഒരു രണ്ടു മിനിട്ട്." ഇക്ക M80 ല്‍ കയറി ഒരൊറ്റ പോക്ക്.
*******************
കോളേജ് കവാടം. ഇക്കാടെ M80 വന്നു നിന്നു.

"ബോണ്‍സ് സാറേ..പൂയി!!! പൂയി !!!"

"ആരാടോ അവിടെ കടന്നു ഒച്ച ഉണ്ടാക്കുന്നത്‌. ഇവിടെ ക്ലാസ്സ് നടക്കുന്നത് കണ്ടില്ലേ?" അകത്തു നിന്നു ഒരു അശരീരി.

" അയ്യോ ക്ലാസ്സ് തുടങ്ങിയ..അപ്പൊ ഞമ്മള്‍ പൊയ്ക്കോട്ടേ?"

അശരീരിക്ക് തല വച്ചു..ആ തല ഒന്നാമത്തെ നിലയിലുള്ള മുറിയില്‍ നിന്നു പുറത്തോട്ടു നീണ്ടു.

"എടൊ മമ്മദെ.. ക്ലാസ്സ് നടക്കുവല്ലേ..മീന്റെ കാശ് താന്‍ കാന്റീനില്‍ പോയി പകല്‍ അണ്ണനോട് വാങ്ങിച്ചോ. ഞാന്‍ പറഞ്ഞു എന്ന് പറഞ്ഞാല്‍ മതി."

" കാപ്പില്‍ സാറേ..കാശോട്ടു കിട്ടിയും ഇല്ല..ഇനി പകലണ്ണന്റെ തെറിയും ഞമ്മള്‍ കേക്കണോ? കഴിഞ്ഞ ആഴ്ച കാശ് ചോദിച്ചു ചെന്നപ്പം പറഞ്ഞു ഇനിയെങ്ങാനും ആ കാപ്പില്‍ സാര്‍ പറഞ്ഞതാണെന്നും പറഞ്ഞു ഇങ്ങോട്ട് വന്നാല്‍ പൊറോട്ടക്ക്‌ മാവ് കുഴക്കുന്ന കൂടെ എടുത്തിട്ട് കൊഴച്ചു അടിച്ച് പരത്തി  ചുട്ടെടുക്കും എന്ന് പറഞ്ഞു. എന്നിട്ട് അകത്തോട്ടു ചൂണ്ടി കാണിച്ചു. അവിടെ മുന്നിലും പിന്നില്ലും ഒക്കെ താടി വച്ച ഒരു ഹമ്മക്ക് ഞമ്മളെ നോക്കി ചിരിക്കണ കണ്ടപ്പഴാ ഞമ്മക്ക്‌ മനസിലായത്"

" ഏത് മനസിലായി?"

"ഈ മാതിരി ഇബിലിസുകളെ വച്ചാണ് സാര്‍ ഈ കോളേജ് ഇങ്ങനെ ലാഭത്തില്‍ നടത്തി കൊണ്ടു പോകണത് എന്ന്..എന്റെ റബ്ബേ..അവനെ കണ്ടാല്‍ നമ്മടെ കുട്ടയില്‍ ഉള്ള മത്തി വരെ പേടിക്കും. ഞമ്മള്‍ ബന്നത് ബോണ്‍സ് സാര്‍ വിളിച്ചിട്ടാ. ക്ലാസ്സ് എടുക്കാന്‍!"

"ഓഹോ..അപ്പൊ അതാണ്‌ ബോണ്‍സ് പറഞ്ഞതു ഇന്നു ഗസ്റ്റ് ലെക്ചര്‍ ഉണ്ട്. ഏതോ ഒരു M.K. മുഹമ്മദ് ആണ് ക്ലാസ്സ് എടുക്കുന്നത് എന്ന്. ആട്ടെ, എന്താ ഈ M.K ?"
" അത് മീന്‍ കാരന്‍ എന്നതിന്റെ ഷോര്‍ട്ട് ആണ് സാറേ." ബോണ്‍സ് അകത്തു നിന്നു വന്നു. മമ്മദിനെ കൊണ്ടു ക്ലാസ്സ് എടുപ്പിക്കണം എന്ന് പറഞ്ഞാല്‍ സാറ് അനുവദിക്കുമോ എന്ന് പേടിച്ചാ അങ്ങനെ പറഞ്ഞതു. വരൂ മമ്മദെ, നമുക്കു ക്ലാസിലോട്ടു പോകാം."

"കാപ്പില്‍ സാറേ, ങ്ങള് കാശോ തരണില്ല ഉപകാരം ഉള്ള എന്തേലും ചെയ്യ്. ഞമ്മടെ വണ്ടിക്കു കാവല്‍ നിന്നോ.  മത്തി കാക്ക കൊത്തി കൊണ്ടു പോകാതെ നോക്കിയ മത്തി. പിന്നെ പിള്ളേര് വല്ലോ ചോദിച്ചാല്‍ തൂക്കി കൊടുത്തിട്ട് കാശ് വാങ്ങിച്ചോ. പക്ഷേന്കി ഞമ്മള്‍ വരുമ്പം കണക്കു പറയിപ്പിക്കരുത്."

*******************

ക്ലാസ്സ് മുറി.

ബോണ്‍സ് സാര്‍ മമ്മദിനെ പരിചയപെടുത്തി. എന്നിട്ട് ക്ലാസ്സ് തുടങ്ങിക്കൊലാന്‍ പറഞ്ഞു.

"സ്ടുഡെന്‍്ട്സ്, ഇന്നു നമ്മുക്കായി ക്ലാസ്സ് എടുക്കാന്‍ വന്നിരിക്കുനത് ശ്രീ മമ്മദ് ആണ്. അദ്ദേഹം ഇന്നു മത്തിയെ കുറിച്ചു നമുക്കു അറിവുകള്‍ പകര്‍ന്നു തരും. "

"ഞമ്മക്ക്‌ പറ്റില്ല സാറേ...ഞമ്മള്‍ പോകുവാ"

"അയ്യോ മമ്മദെ..എന്ത് പറ്റി?"

"ആ ഇബിലീസ് ദേ ഇബിടെം  ഉണ്ട്..അവന്‍ ഞമ്മളെ പൊറോട്ട ആക്കി കളയും. മത്തി അടുക്കിയ പോലെ ഉള്ള ക്ലാസില്‍ ഞമ്മള്‍ ഇപ്പോളാ  അവനെ കണ്ടത് "

"ആര്..?"

മമ്മദ് ആചാര്യന്റെ നേരെ വിരല്‍ ചൂണ്ടി.

" ഹ ഹ ഹ.. അത് നമ്മുടെ ആചാര്യന്‍ അല്ലെ. ഹി ഇസ് എ ഗുഡ് സ്ടുടെന്റ്റ്. ഹി വില്‍ ഒണ്‍ലി മെക് പൊറോട്ട ഇന്‍ ദ കാന്റീന്‍."

മമ്മദ് വായും പൊളിച്ചു നിന്നു..പറഞ്ഞതു എന്തായാലും കുഴപ്പമില്ല.
അപ്പൊ തുടങ്ങാം...

"ഞമ്മന്റെ ക്ലാസില്‍ ആരും ഉറക്കം തൂങ്ങരുത്. മീന്‍ ബെട്ടണ  കയ്യാണ്..നല്ല പെട പെടച്ചാല്‍ നാറും."

***************"മത്തി, ചാള എന്നൊക്കെ നമ്മള്‍ പറയുന്ന ഈ മീനിനു ഇന്നു ചന്തേല് എന്താടോ വില? ആ ബാക്കില്‍ ഇരിക്കുന്ന പെണ്കുട്ടി പറയു.എന്താ കുട്ടിടെ പേരു? "

" സൂറ. ഞമ്മക്ക്‌ അറിയില്ല മാഷേ!"

"ആരാണ്ടാ ഞമ്മട സുറാനോട് കൊഞ്ഞണത്?"

"ഇതേതാ ഈ തള്ള? അതിനെ ഇറക്കി ബിടണ്ടാ? രാവിലെ ശാപിന്റെ അടുത്ത് ഞമ്മളുമായിട്ടു ഒന്നു തെറ്റിയതാ..ഇപ്പ കോളേജില്‍ ബന്നെക്കണു! "

"അപ്പൊ ഇന്നു കിലോക്ക് നാല്പതു റുപ്പികയാണ് വില. അത് കൂടിയും കുറഞ്ഞും ഒക്കെ ഇരിക്കും പക്ഷെ ഞമ്മടെ മത്തിന്റെ ഗുണം അത് ബേറെ ഒരു മീനും ഇല്ല. "മത്തി എന്നാല്‍ ഇംഗ്ലീഷില്‍ sardine എന്ന് പറയും. Sardinia എന്ന ഒരു ദ്വീപിന്റെ അടുത്ത് പണ്ടു ഇതു പെരുത്ത് ഉണ്ടായിരുന്നു..അതോണ്ടാ ആ പേരു വന്നത്. ഇതിന്റെ ശാസ്ത്ര നാമം Sardina pilchardus
എന്നാണു..പക്ഷെ ഇതു മാത്രം അല്ല വേറെ കുറെ മീനുകളെയും മത്തികള്‍ എന്ന് വിളിക്കും. നല്ല മണം ആണ് ഇതിനെല്ലാം.ഞമ്മള്‍ ചാള വറക്കുമ്പോഴും വെക്കുമ്പോഴും നല്ല മണം അടിക്കാറുണ്ടല്ലോ. അതിന്റെ ഒരു കാരണം അതിന്റെ ഉള്ളിലെ ഒരു എണ്ണയാണ്. omega - 3 -fatty ആസിഡ് എന്ന് പറയുന്ന ഈ എന്ന ഇതിന്റെ ഉള്ളില്‍ ഒത്തിരി ഉണ്ട്. ഇതു ഞമ്മടെ ഹൃദയത്തിന്റെ ആരോഗ്യത്തിനു വളരെ നല്ലതാണ്. alzheimer's പോലെ ഉള്ള രോഗങ്ങള്‍ തടയുന്നതിന്നും ഇതു നല്ലതാണ്. ഇതിന്റെ ഒരു വകഭേദം ആയാ Docosahexanoic acid (DHA) കുട്ടികളില്‍ തലച്ചോറിന്റെ വികസനത്തിന്‌ സഹായിക്കുന്നു . അത് കൊണ്ടാണ് ഇപ്പോള്‍ ജൂനിയര്‍ ഹോര്‍ലിക്ക്സ് പോലെ ഉള്ള കുട്ടികളുടെ പാനീയങ്ങളില്‍ ഇതു ഉണ്ടെന്നു പരസ്യം ചെയ്യുന്നത്. ഇപ്പോള്‍ കടലില്‍ ഉള്ള ചില ചെടികളില്‍ നിന്നും DHA ഉണ്ടാക്കാന്‍ പഠിച്ചിരിക്കുന്നത് കൊണ്ടു ഇതിന്റെ സസ്യ വകഭേദവും ലഭ്യമാണ്.
നല്ല കപ്പയും മത്തിചാറും നമ്മുടെ കാന്റീനില്‍ കിട്ടുന്നത് കൊണ്ടാണ് പിള്ളേരെ നിങ്ങളുടെ ഒക്കെ ബുദ്ധി ഇങ്ങനെ പിടിച്ചു നിക്കണത്. "


"പക്ഷെ കാന്റീനില്‍ ചാറു മാത്രമെ ഉള്ളൂ. മത്തി മുഴുവന്‍ ലവന്മാര് തട്ടും. "
"മിണ്ടാതിരി ഹമുക്കെ..ക്ലാസ്സിന്റെ ഇടയ്ക്ക് കയറി ക്ലാസ്സ് എടുക്കുന്നോ?" എന്നിട്ട് മമ്മദ് പകല്കിനാവനെ നോക്കി കണ്ണിറുക്കി.
"അപ്പൊ ഞമ്മള്‍ പറഞ്ഞു നിര്‍ത്തിയിടത്ത് നിന്നു തുടങ്ങാം..അപ്പൊ വെല കുറവുണ്ടെങ്കിലും മത്തി ആള് കേമനാ. പക്ഷെ നമ്മട നാട്ടില്‍ മാത്രമെ ഈ വില കുറവ് ഉള്ളൂ. പുറമെ ഒക്കെ നല്ല വിലയാ."
"ഞമ്മടെ ബോണ്‍സ് സാര്‍ കഴിഞ്ഞ ദിവസം സൌത്ത് ആഫ്രിക്കയില്‍ മത്തി വാങ്ങാന്‍ പോയപ്പോള്‍ 3 എണ്ണത്തിനെ 20 Rand  ആവും എന്ന് കണ്ടു. അതായതു ഏകദേശം 110 രൂപ. അവസാനം സാറ് കൊതിയും വിട്ടു തിരിച്ചു പോന്നു."


DHA മുലപാലില്‍ ഒത്തിരി ഉള്ളതാണ്. മുലയൂട്ടുന്ന അമ്മമാര്‍ അധികം മീന്‍ കഴിച്ചാല്‍ അവരുടെ കുട്ടികള്ക്ക് അധികം ആയി DHA കിട്ടും. അത് പോലെ തന്നെ ഗര്‍ഭിണികള്‍ക്കും ഇതു വളരെ നല്ലതാണ്. ഉള്ളില്‍ വളരുന്ന കുഞ്ഞിന്റെ വികസനത്തിന്‌ ഇതു ഒത്തിരി സഹായിക്കും. സസ്യഭുക്കുകള്‍ ആയ അമ്മമാരുടെ പാലില്‍ DHA അളവുകള്‍ വളരെ കുറവാണെന്നാണ് പഠനങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. അപ്പൊ ഞാന്‍ നേരത്തെ പറഞ്ഞതു പോലെ ഇപ്പോള്‍ കടലിലെ ചെടികളില്‍ നിന്നും ഉണ്ടാക്കുന്ന DHA അടങ്ങിയ ഭക്ഷണങ്ങള്‍ കിട്ടും. അത് കഴിച്ചാല്‍ പ്രോബ്ലം സോള്‍വ്‌ ആക്കാം. ഇതു കൂടാതെ ആവശ്യമായ ഒത്തിരി minerals അടങ്ങിയിട്ടുണ്ട്."പിന്നെ ഈ ചാള എന്ന് പറയുന്ന മീന്‍ കടലിലെ പല മീനുകള്‍ക്കും നല്ല ഭക്ഷണം ആണ്. ഇതു കൂട്ടം കൂട്ടമായി ആണ് കടലില്‍ കറങ്ങി നടക്കുന്നത്. മേയ് തൊട്ടു ജൂലൈ വരെയുള്ള സമയങ്ങളില്‍ ദക്ഷിണ ആഫ്രിക്കയുടെ തെക്കേ തീരങ്ങളില്‍ നിന്നു കൂട്ടമായി ഈ മീനുകള്‍ വടക്കോട്ട്‌ കിഴക്കേ തീരം ചേര്ന്നു സഞ്ചരിക്കും.

sardine run എന്ന് പേരുള്ള ഈ പ്രതിഭാസം എല്ലാ വര്‍ഷവും ഈ സമയത്തു കാണപെടുന്നു. ലക്ഷ കണക്കിന് മത്തികള്‍ അങ്ങനെ കൂട്ടം കൂട്ടമായി പോയി കൊടിരിക്കുമ്പോള്‍ അതിനെ പിടിക്കാന്‍ സ്രാവ്, തിമിംഗലം , ഡോള്‍ഫിന്‍, ആകാശത്തിലെ പറവകള്‍ , മനുഷ്യന്‍ തുടങ്ങിയ ജീവികള്‍ വള്ളവും വലയുമായും അല്ലാതെയും ഇറങ്ങും.
കടലിലെ
താപനില മാറുന്നത് അനുസരിച്ചാണ് ഇതിന്റെ ഈ യാത്ര. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ആഗോള താപനം മൂലമോ എന്തരോ എന്തോ ഇതില്‍ കുറവ് വന്നിട്ടുണ്ട്. വിക്കിപീഡിയ പറയുന്നതു പലപ്പോഴും ഈ മീനുകളുടെ കൂട്ടത്തിന്നു 7 km വരെ നീളവും, 1.5 km വീതിയും , 30 മീറ്റര്‍ ആഴവും ഉണ്ടാകും എന്ന്. ഈ കൂട്ടത്തെ കടലിനു മുകളില്‍ വിമാനങ്ങളിലും പലപ്പോഴും അല്ലാതെയും തിരിച്ചറിയാന്‍ പറ്റും എന്ന്. അവിടെ പിന്നെ ആകെ ഒരു ഉല്‍സവം ആണ്. എല്ലാവരും ചാള പിടിക്കാന്‍ ഓട്ടം ആണ്. ഈ വര്‍ഷത്തെ ചാള പിടുത്തം എങ്ങനെ ഉണ്ടാവുമോ എന്തോ... ഇങ്ങള് ഈ ബീടീയോ കണ്ടോളിന്‍

"പറഞ്ഞു പറഞ്ഞു സമയം പോയതറിഞ്ഞില്ല....ആ കാപ്പിലാന്‍ സാറിനെ മീന്‍കുട്ട എല്പിച്ചിട്ടാ വന്നത്. എന്തായോ എന്റെ പടച്ചോനെ! പഹയന്‍ എല്ലാം വിറ്റു കാണുമോ എന്തോ?
അപ്പൊ ഞമ്മള്‍ പോകുന്നു..ഇന്നു കാന്റീനില്‍ എല്ലാവര്‍ക്കും മമ്മദിക്കയുടെ വക കപ്പയും മത്തിയും. എല്ലാവരും അങ്ങോട്ട് വിട്ടോ."അറിവുകള്‍ക്ക് കടപാട്...ഗൂഗിളും വികിപീടികയും
പടങ്ങള്‍ , ബീടീയോ ..ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ കിട്ടിയതാ...

Apr 19, 2009

ബായക്കോട്ടെ കുഞ്ഞീവി കോളേജില്‍


ന്റെ റബ്ബേ! എന്തുമാത്രം ബല്യ കാളേജാ, ന്റെ മാള് സൂറാന്റെ ഭാഗ്യം.

അല്ല ഞമ്മളീ കാളേജില് ബന്നതിന്റെ കാര്യം പറഞ്ഞില്ലല്ലാ, ഞമ്മന്റെ മോള് സൂറാക്ക് ഇബടെ ഒരു സീറ്റ് ബാങ്ങിത്തരാന്നു വോട്ടു ശോയികാന്‍ ബന്ന ആ ബായക്കോടന്‍ പറഞ്ഞേരുന്നു. ഓനെ നോക്കീട്ട് കാണാനും ഇല്യ. ഓന്‍ മുങ്ങീതാവും, ഓനെ ഞമ്മക്കറിഞ്ഞൂടെ? വോട്ടിനു മുമ്പ് കോയിന്റെ കാലിമ്മേ മുടി ശുറ്റിയ പോലെയല്ലേ ഓന്‍ ഞമ്മടെ പെരേല് ശുറ്റിത്തിരിഞ്ഞെര്‍ന്നത്‌. ഇപ്പൊ ഓന്റെ ബല്ല പോടീണ്ടോ? ഒനിനി ബായക്കൊട്ടുക്ക് ബരട്ടെ, ഓന്റെ കാല് ഞമ്മള് തല്ലി ഒടിക്കണുണ്ട്.


ഡാ ഇതെന്താപ്പാ അന്റെ കോലം? ഇന്നാട്ടില് മുടി മുറിക്കണ കൂട്ടരോന്നും ഇല്ലെടാ? ജ്ജോന്നു അബടെ നിക്ക് മനുഷ്യാ ചോയിക്കട്ടെ. എന്താ അന്റെ പേര്?


"ആചാര്യന്‍ ന്നാ "


'ജ്ജ് ആശാര്യാന്നു പറഞ്ഞിട്ട് അന്റെ കയ്യില് ഉളീം കൊട്ടോടിയോന്നും ഇല്ലെഡോ? അനക്കെന്താ ഇന്നു ഇബടേണാ പണി?


"ദേ തള്ളേ ഞാന്‍ ആശാരീം മൂശാരീം ഒന്നല്ല, ഇവിടത്തെ ഒരു സ്ടുടന്ടാ"


"ഡാ ഹമുക്കെ അന്റെ കണ്ണിലെന്താ മത്തന്‍ കുത്തീട്ടിരിക്ക്യാണാ, ഇത്രേം ശേലുള്ള എന്നെ കണ്ടിട്ട് അനക്ക് തള്ളേന്ന് ബിളിക്കാന്‍ തോന്നിയല്ലോ. അന്റെ മുടീം താടീം കണ്ടിട്ട് ഞമ്മക്ക്‌ ന്റെ മയ്യത്തായ കെട്ട്യോന്‍ ബീരന്ക്കാന്റെ ഓര്‍മ്മ ബന്നു. ഇല്ലെങ്കില്‍ അന്റെ മയ്യത്ത് ഞമ്മള് എടുത്തെര്‍ന്നു,

പോടാ പോടാ ജ്ജ് പോയി അന്റെ തരക്കാരോട് കളിക്കടാ.."

അല്ലേ ഓന്‍ പറഞ്ഞതു കേട്ടില്ലേ തള്ളേന്ന്, ഇമ്മിണി പുളിക്കും.

മാളേ സൂറാ ജ്ജ് സൂക്ഷിച്ചാളീ ട്ടാ ഒക്കെ ബെടക്കുകളാ. ഇജ്ജ് പോയാ ചേര്‍ത്തണാ സ്ഥലം എവിടാന്നങ്ങട്‌ ചോയിച്ച് ബന്നേ ഞമ്മളപ്പളേക്കും ആ ശായപ്പീടികേന്ന് ഒരു ശായ മോന്തട്ടെ! ജ്ജ് ശെല്ലീം ബെക്കം ശെല്ലീം.


കുഞ്ഞീവി കാന്റീനില്‍!


" ഇതെന്താടാ ശെയ്ത്താനെ ഈ ഗുളികകളൊക്കെ പൊതീന്നയിച്ചു ഇട്ടേക്കണത്?


" അത് ഗുളികയല്ല അമ്മായി ഇഢലിയാ"


"പ്ഫാ ശൈത്താനെ ആരുടെ അമ്മായിയാടാ ഞാന്‍? ബേണ്ടാ ബേണ്ടാ! എന്താ അന്റെ പേര്?


" പകലന്‍"


'അന്റെ പേര് പറേടാ ജ്ജ്, ഇപ്പൊ പകലാന്ന് എല്ലാര്‍ക്കും അറിയാം"


' എന്റെ പേര് പകലന്‍ എന്നാ, പിന്നെ ഞാന്‍ എന്നെ വിളിക്കനത് പകല്‍കിനാവന്‍ എന്നാ"


"അനക്ക് അന്നെ ബിളിക്കാന്‍ പറ്റണ ഏറ്റവും നല്ല പേര് രണ്ടുകണ്ണന്‍ ശെയ്ത്താന്‍ ന്നാ,അവന്റെ ഒരു കണ്ണാടേം ഒരു കാലുസ്രായീം, എന്താണ്ടാ കുടിക്കാന്‍ ഒരു സ്ട്രോങ്ങ്‌ ശായ കിട്ടോ?


"ഇപ്പൊ തരാം, ആചാര്യാ ഒരു സ്ട്രോങ്ങ്‌ ടീ"


"അല്ല ഈ ഹമുക്കാണാ ശായടിക്കാന്‍ നിക്കണത്? ഓന്‍ ബല്യ സ്ടുടെന്റ്രിയാണെന്നാണല്ലോ പറഞ്ഞത്"


"അത് അയാളിവിടെ പാര്‍ട്ട് ടൈമായി പൊറാട്ട അടിക്കാന്‍ വരും, കൂട്ടത്തില്‍ ചായയും അടിക്കും"


"പടച്ച തമ്പുരാനേ ഓന്റെ ശായക്കും ഒനെപ്പോലെ താടീം മുടീം കാണ്വോ ന്റെ റബ്ബേ...,

അല്ല ന്റെ മാളുസൂറയല്ലേ ബരണത്, ആരാണ്ടാപ്പ അവളുടെ കൂടെ ഒരു ശെങ്ങായി?


സൂറ: ഉമ്മാ ഇയ്യാള് എല്ലാം ശരിയാക്കിത്തരാന്ന്, ഓരുടെ കൂടെ ചെന്നാ മതീന്ന്!


" പ്ഫ്ഫ ഹിമാറെ കണ്ട സെയ്ത്താന്മാരുടെ കൂടെ കൂടീട്ട്‌ ശരിയാക്കാന്നാ..അറക്കും ഞമ്മള് അന്നെ !'


സൂറ: അല്ല ഉമ്മ ഇയാള് പ്രിന്സിപ്പാളിനെ കണ്ടിട്ട് അട്മിഷന്‍ ശരിയാക്കിത്തരാന്നാ പറഞ്ഞത്.

"ഇയ്യാളാരാ ബ്രോക്കറാണാ, കണ്ടാ അതുപോലെ ഉണ്ടല്ലോ, ഒരു കാല്ക്കൊടെടെ കുറവുണ്ടെന്ന് മാത്രം,

അല്ലടോ ഇജ്ജാരാ?


" എന്റെ പേര് കാപ്പിലാന്‍"


'താനേത് കോപ്പിലെ ആളായാലും ഞമ്മക്കെന്താ? അനക്ക് സൂറാന്റെ എരുത്തിന്ന് ഒന്നങ്ങട് വിട്ട് നിന്നൂടെ? ഇജ്ജെന്താ വായക്ക് തൂണ് കൊടുത്തപോലെ അവളുടെ എരുത്തന്നെ നിക്കണ്?


"ഇത്താ ഞാന്‍ ഇത്ത വിജാരിക്കണ ആളല്ല! ഞാനീ കാന്റീനിന്റെ ഓണറാ"


" ഞമ്മള് സൂറാന്റെ ഓണറാ അതോണ്ട് പറഞ്ഞതാ, പടച്ച റബ്ബേ ചായപ്പീടിയക്ക്‌ ഇഞ്ഞും ഓണരോ?


"ഇത്താ, അട്മിശന്റെ കാര്യം ഞാന്‍ ശരിയാക്കിത്തരാം, ഇവിടെ വിശ്വസിക്കാന്‍ കൊള്ളുന്ന ഒരേയൊരാള്‍ ഞാനാ. ഇത്ത ധൈര്യമായി എന്റെ കൂടെ പോരെ"


"പ്ഫ്ഫ ഹിമാറെ, ഞമ്മടെ കെട്ടിയോന്‍ മയ്യത്തായീന് ബെച്ചിട്ടു ഇജ്ജ്‌ ബിളിക്കുംബളേക്കും ഞാനങ്ങട് ബരും ന്ന് ആരാണ്ടാ അന്നോട്‌ പറഞ്ഞത്?


"അതല്ല ഇത്താ, ഇവിടെ ചേര്‍ത്താന്‍ പോകുന്ന കാര്യമാ പറഞ്ഞത്,(വിളിച്ചു കൊണ്ട് പോകാന്‍ പറ്റിയ ഒരു ചരക്ക്!)


"ഇജ്ജൊരു തങ്കക്കൊടം തന്നെ! അല്ല മാനെ ഇതൊക്കെ ശേയ്താ അനക്കിപ്പോ എന്ത് കിട്ടും?


" ഇത്താ ഇതൊക്കെ ഒരു സ്നേഹത്തിന്റെ പുറത്തു ചെയ്യുന്നതല്ലേ!


" ഇന്റെ മോള് സൂറാനോടാ?


" എന്റെ പൊന്നേ, ഈ ഇത്താന്റെ ഒരു കാര്യം!


പകലന്‍: ഇത്താ ഇതാ ചായ.


ചായ ഒന്നു കുടിച്ചുനോക്കിയിട്ട് കുഞ്ഞീവി."പ്ഫാ ഇതെന്തു ശായെടാ പാത്രം കഴുകിയ വെള്ളം പോലുണ്ടല്ലോ,

അല്ല ശായക്ക്‌ മോതലാളീടെ അതേ കൊണം! ഏതായാലും ഇജ്ജ്‌ കായി അന്റെ മോയലാളീടെ കയ്യീന്നെന്നെ വാങ്ങിച്ചോ. അപ്പൊ മാനെ കൊപ്പിലാ ഞമ്മക്ക്‌ ഒലെ ശേര്‍ത്താന്‍ കൊണ്ടൊവാ ...


"ഇത്താ കൊപ്പിലാനല്ല കാപ്പിലാന്‍! എന്നെ വെറുതേ നാണം കെടുത്തല്ലേ!"


"കാപ്പിലാനാണെങ്കി കാപ്പിലാന്‍, ഇജ്ജൊരു ശൊങ്കനാണ് ട്ടോ. സൂറാനെ ചേര്‍ത്തിയാല്‍ അന്നെയോന്നു ഞമ്മക്ക്‌ ശരിക്കും കാണണം ന്റെ ഖല്‍ബെ...അന്നെ ഇഞ്ഞ് ഞമ്മള് ഖല്ബേന്നാ ബിളിക്ക്യാ...അന്നെ ഞമ്മള് മറക്കൂല്ല ന്റെ പന്ടാരെ!"


(സൂറാന്റെ അഡ്മിഷന് ശേഷം കാപ്പിലാനെ ആരും കണ്ടില്ല എന്നാണു കോളേജിലെ ഏറ്റവും പുതിയ വാര്‍ത്ത!)

അഡ്മിഷന്‍ ആരംഭിച്ചു.കോഴ്സുകള്‍.. ഗഥാ ബ്ലോഗിനിയിറിങ്. ഗവിത ബ്ലോഗിനിയറിങ്. ബാച്ചിലര്‍ ഓഫ് കമന്റിങ്. ഭാഷാവൈകല്യം(റിസര്‍ച്ച്). മിലിട്ടറി എഞ്ജിനിയറിങ്ങ്.അലോപ്പൊതി.ആയുര്‍വേദം.തിരുമ്മല്‍(മസാജ്).ചൊറിയല്‍.

ക്ലാസ്സിലെ കുട്ടികള്‍