Nov 10, 2009

കവിത ബ്ലോഗില്‍ വായിക്കുന്നവരേ...

ഇന്‍ററാക്ടീവ് മീഡിയം എന്ന നിലയില്‍ ബ്ലോഗ് അപര്യാപ്തമാണോ എന്ന് തോന്നുകയാണ്. പ്രത്യേകിച്ചും സര്‍ഗ സൃഷ്ടികളുടെ അസ്തിത്വം ബ്ലോഗില്‍ വളരെയേറെ, ചിലപ്പോള്‍ അതിരു വിട്ടും ചോദ്യം ചെയ്യപ്പെടുന്ന ഈ സമീപകാല സാഹചര്യങ്ങളില്‍. എഴുതണം എന്ന് ആഗ്രഹിക്കുന്നവരെ പിന്നാക്കം വലിക്കുകയോ, ഇപോള്‍ തന്നെ എഴുതിക്കൊണ്ടിരിക്കുന്നവരെ മടുപ്പിക്കുകയോ ചെയ്യുന്നുവെങ്കില്‍ ചോദ്യം ചെയ്യലിന്‍റെ ഭൂമിക ഗുരുതരമായ ഒരു പ്രതിസന്ധിയായി കാണണം.

സഗീര്‍ പണ്ടാരത്തിലിന്‍റെ കവിതകള്‍ കുടം തുറന്നു വിട്ട കവിതാ ചര്‍ച്ച ഇപ്പോള്‍ ഓരോ ബ്ലോഗിലും കത്തിപ്പടരുകയാണ്. ലതീഷ് മോഹന്‍റെ കവിതാഭാഗം മനസിലാകുന്നില്ല എന്ന പരാതിയെത്തുടര്‍ന്ന് നടന്ന ഉഗ്രന്‍ സമ്വാദം ഇനിയും കെട്ടണഞ്ഞിട്ടില്ല. തുടര്‍ന്ന് നിരൂപകരും വിമര്‍ശകരും ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ കവിതാ ബ്ലോഗിലും എത്തിച്ചേര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം ഡോണ മയൂര എഴുതിയ മൂന്നു വാക്ക് കവിതയെച്ചൊല്ലിയും ചോദ്യങ്ങള് ഉയര്‍ന്നു. ഇങ്ങനെ പല ബ്ലോഗര്‍മാരും തങ്ങള്‍ എഴുതുന്നത് എന്താണെന്ന് വിശദീകരിച്ചു കൊടുക്കേണ്ട ബാധ്യതയുണ്ട് എന്ന അവസ്ഥയിലേക്ക് ബ്ലോഗിന്‍റെ ഇന്‍ററാക്ടീവ് സാധ്യതകള്‍ കൊണ്ടു ചെന്നെത്തിക്കുന്നത് എത്രത്തോളം ആരോഗ്യകരമായ ഒരു പ്രവണതയാണ് എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ഇത് സര്‍ഗശേഷിയെ കെടുത്തുകയാണോ ചെയ്യുക എന്ന് സംശയം തോന്നുന്നു. എങ്കില്‍ ഇത് ചുരുങ്ങിയത് മലയാളം ബ്ലോഗ് രംഗത്തെങ്കിലും ബ്ലോഗിങിന്‍റെ ഒരു പോരായ്മയായി കണക്കാക്കണം.

കവിതകള്‍ ചൊല്ലിക്കേട്ടിരുന്ന കാലവും കവിതാ സമാഹാരങ്ങളുടെ കാലവും ഇങ്ങനെ ഒരു പരസ്പര പോരാട്ടത്തിന്‍റെ വേദി നമുക്ക് തുറന്നു തന്നിരുന്നില്ല. കവിതാ സമാഹാരത്തിലെ കവിതകളോടും കവികളോടും അവരുപയോഗിക്കുന്ന സങ്കേതങ്ങളോടുമെല്ലാം എന്നും വിയോജിപ്പുയര്‍ന്നിട്ടുണ്ട്. എന്നാല്‍ അവയൊക്കെ ചര്‍ച്ച ചെയ്യപ്പെട്ടത് സമാന മനസ്ക്കരുടെ വേദികളിലാണ്. കവികള്‍ പോലും തങ്ങളുടെ കവിതകളെപ്പറ്റി മറുപടികള്‍ പറയേണ്ടി വന്നിരിക്കുക ഒരു പക്ഷേ തങ്ങളുടെ തന്നെ തലത്തിലുള്ളവരോട് മാത്രമായിരിക്കണം. വായനക്കാര്‍ എന്നും വായനക്കാരായിരുന്നു. അവര്‍ ആസ്വദിക്കുകയും തിരസ്ക്കരിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ ചോദ്യം ചെയ്തിട്ടില്ല. ആസ്വാദനവും തിരസ്ക്കാരവും എന്നതിനപ്പുറം ആക്രമിക്കപ്പെടുക എന്ന സാധ്യത അന്ന് ദുര്‍ലഭമായിരുന്നു. അതു കൊണ്ടു തന്നെ ആക്രമിക്കപ്പെടേണ്ടയിരുന്നുവെന്ന് തോന്നുന്ന കൃതികളുടെ ഉടമകള്‍ പോലും പില്‍ക്കാലത്ത് തങ്ങളൂടെ സര്‍ഗശേഷിയില്‍ നിന്ന് കണ്ടെടുത്ത രത്നങ്ങള്‍ നമുക്ക് സമ്മാനിച്ചിട്ടുണ്ട്.

ഓരോ കവിതയെയും വായനക്കാരന്‍ എങ്ങനെ സമീപിക്കുന്നു എന്നതിനും പ്രാധാന്യമില്ലേ? ചെമ്മനത്തിന്‍റെ കവിതയെയും ചുള്ളിക്കാടിന്‍റെ കവിതയെയും സമീപിക്കുന്നവര്‍ ഇരിക്കുന്നത് വ്യത്യസ്ത ഇരിപ്പിടങ്ങളിലാണോ? ആണെങ്കില്‍ക്കൂടിയും ഇരു കവിതകളിലും നിന്ന് തങ്ങളുടെ ഉള്ളില്‍ തട്ടുന്നവയെ മനസിലാക്കാന്‍ ഒരേ വായനക്കാരനും ഒരേ ആസ്വാദകനും എന്നും കഴിഞ്ഞിരുന്നു. കഥയിലെ ചോദ്യമല്ല കഥയുടെ കാമ്പറിയാനായിരുന്നു താല്പര്യമെന്ന പോലെ. ഓരോ കവിതയിലും കഥയിലും നിന്ന് ആ കവികളും കഥാകൃത്തുക്കളും ഉപയോഗിച്ചിട്ടുള്ള ബിംബങ്ങളും കല്പ്പനകളും എഴുന്നേറ്റു വന്ന് വായനക്കാരന്‍റെയും ആസ്വാദകന്‍റെയും ഹൃദയങ്ങളില്‍ കാലാകാലങ്ങളായി സുഷുപ്തിയിലാണ്ടിരുന്ന അതേ ബിംബങ്ങളെയും കല്നകളെയും എതിരേറ്റിരുന്നു. അങ്ങനെ ആ കവിതകളും കഥകളും അവ എഴുതിയവരും പ്രിയപ്പെട്ടവരായി മാറി. അതേ സമയം അവയെപ്പറ്റിയുള്ള വിയോജിപ്പുകളെപ്പറ്റിയുള്ള ചര്‍ച്ചകള്‍ പുതിയ മാനങ്ങളിലേക്ക് വഴി തുറക്കുകയും ചെയ്തു. എന്നാല്‍ ഒരിക്കലും ഒരു കൃതിയുടെയും കര്‍ത്താക്കള്‍ ഏതെങ്കിലും ചന്ത മൈതാനത്തോ ഓഡിറ്റോറിയത്തിലോ കൃതിയില്‍ താന്‍ ഉദ്ദേശിച്ചത് ഇതാണ് വായനക്കാരേ എന്നു പറയേണ്ടി വന്നിട്ടില്ല. ഏതെങ്കിലും പത്രത്തിലോ മാസികയിലോ കവിതയെഴുതിയിട്ട് അടുത്ത ലക്കത്തില്‍ അതിനു വിശദീകരണം കൊടുത്തിട്ടുമില്ല. ആസ്വാദകര്‍ രചയിതാക്കള്‍ക്ക് അനുവദിച്ച ഒരു പദവി തന്നെ ആയിരുന്നു അത്.

ചോദ്യം ചെയ്യപ്പെടലിന്‍റെ ഘട്ടം അഭിമുഖീകരിക്കുന്നത് ആധുനികകാലത്തെ ബ്ലോഗ് കൃതികളാണ്. എഴുത്തുകാരന്‍ എഡിറ്ററും പബ്ലീഷറുമായി ഒരേ സമയം മാറുന്നതു പോലെ ബ്ലോഗിന്‍റെ സംവാദ സാധ്യത മൂലം വായനക്കാരന്‍ ആസ്വാദകനും നിരൂപകനും വിമര്‍ശകനും ആക്രമണകാരിയുമായി ഒരേ നിമിഷം മാറുന്ന സവിശേഷത. മുന്‍പൊരിക്കലും നേരില്‍ക്കാണാത്ത വായനക്കാരന്‍ സ്വത്വം പൂണ്ട് രചയിതാവിനു മുന്നില്‍ അവതരിക്കുന്ന നിമിഷം. രചയിതാക്കള്‍ക്ക് ഇതൊരു ദു:സ്വപ്നമായി മാറുന്ന കാഴ്ചയാണ് ബ്ലോഗില്‍ ഈയിടെ ക്ണ്ടു വരുന്ന ചോദ്യോത്തര പംക്തിയോ ടീ.വീ.ചാനല്‍ അനാലിസിസോ പോലെയൂള്ള സംഭവങ്ങളിലേക്ക് മാറുന്ന അവസ്ഥ. ഇത് സര്‍ഗ ശേഷിയുള്ള വ്യക്തിയെ സംബന്ധിച്ച് തികച്ചും അപ്രതിക്ഷിതവും അസ്വസ്ഥതാ പരവുമാണെന്ന് പറയേണ്ടിയിരിക്കുന്നു. എഴുതുവാനുള്ള ആഗ്രഹം മനസില്‍ കൊണ്ടു നടക്കുന്നവരെ അനാവശ്യ മുങ്കരുതല്‍ എടുക്കുന്നതിലേക്ക് നയിക്കുന്നതും എഴുതുന്നതിനു വളരെയധികം ഹോം വര്‍ക്ക് ചെയ്യുക എന്ന യാന്ത്രികതയിലേക്ക് നിര്‍ബ്ബന്ധിച്ച് കൊണ്ടുപോവുകയും ചെയ്തേക്കാം. സര്‍ഗാത്മകത എന്ന ദൈവികമായ അംശത്തിനു വിനാശകരമാണിത് എന്ന് പറയാതെ വയ്യ. അനര്‍ഗളം പ്രവഹിക്കേണ്ട സര്‍ഗസൃഷ്ടികളെ ഫാക്ടും ഫിഗറും അളന്നു കുറിച്ച ശാസ്ത്ര ലേഖനങ്ങളാക്കി മുരടിപ്പിക്കുകയാവും ഫലം. വായനക്കാരന്‍റെ കോടതിയില്‍ നില്‍ക്കാനല്ല, വായനയുടെ താളത്തിമിര്‍പ്പില്‍ നില്‍ക്കാനായിരിക്കും, ഏതു ചെറിയ കൃതിയുടെയും രചയിതാവ് കൊതിക്കുക. അങ്ങനെ സംഭവിക്കുന്നതിനു പകരം ബ്ലോഗിന്‍റെ ഇന്‍ററാക്ഷന്‍ എന്ന സാധ്യത രചയിതാവിനു കൂച്ചുവിലങ്ങിടാന്‍ പാടില്ല. അത് കൃതികളെ ഇല്ലാതാക്കും. കൃതികള്‍ ഇല്ലാതെ വന്നാല്‍ ബ്ലോഗ് വായനക്കാരന്‍ എവിടെ പോകും.

ഓരോ എഴുത്തുകാരന്‍റെ കൃതിയേയും അതു വായിക്കുന്നതിനു മുന്‍പേ തീര്‍പ്പുകല്പിക്കേണ്ടതുണ്ടോ? പ്രമുഖരും അപ്രശസ്തരും അന്നന്ന് എഴുതിത്തുടങ്ങുന്നവരും ഒരുമിച്ച് പ്രത്യക്ഷപ്പെടുന്ന ബ്ലോഗില്‍ ഏതെങ്കിലും കൃതിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ലഭിക്കുന്നില്ല എങ്കില്‍ അതിലുള്ള നിരാശ തോന്നാം. എന്നാല്‍ തീരെ ശ്രദ്ധിക്കപ്പെടേണ്ടതായി തോന്നാത്ത ഒരു കൃതിയിലെ ചെറിയ ഭാഗമായിരിക്കും ചിലപ്പോള്‍ വായനക്കാരന്‍റെ മനസിനെ സ്പര്‍ശിക്കുക. ഇതു തന്നെയല്ലേ സര്‍ഗാത്മകതയുടെ രഹസ്യം. അവിടെ കൃതികള്‍ക്കാണ് മുന്തൂക്കം; കൃതികളെപ്പറ്റി രചയിതാവിനുണ്ടാകാവുന്ന അവകാശവാദങ്ങള്‍ക്കല്ല. അപ്പോള്‍ വായനയില്‍ മുന്‍ വിധി കൈക്കൊള്ളുന്നത് ആസ്വാദനത്തെ പരിമിതപ്പെടുത്തുന്നു.

ബ്ലോഗിന്‍റെ സംവാദ സാധ്യതകളെയും മുന്‍വിധിയോടെ വായനക്കാര്‍ കൈകാര്യം ചെയ്യരുത് എന്ന് തോന്നുന്നു. ബ്ലോഗിലെ കൃതിയെപ്പറ്റിയല്ലാതെ അത് രൂപീകരിച്ച വ്യക്തിയുടെ തന്നെ നിരൂപണം കൂടി അതിനനുബന്ധമായി വായനക്കാരന്‍ കാംക്ഷിക്കേണ്ടതുണ്ടോ? വായനക്കാര്‍ തമ്മില്‍ ആശയങ്ങളെച്ചൊല്ലി വാഗ്വാദമുണ്ടായേക്കാം. എന്നാല്‍ എഴുത്തുകാരന്‍ അതില്‍ എവിടെയാണ് പ്രത്യക്ഷപ്പെടേണ്ടത്? പബ്ലീഷ് ചെയ്യപ്പെട്ട ശേഷം ഒരു കൃതിയിന്മേലുള്ള അധികാരം വായനക്കാന് ഉള്ളതെന്ന് ബ്ലോഗില്‍ സാധാരണ കേള്‍ക്കാറുണ്ട്. ശരി തന്നെ. എങ്കീല്‍ എവിടെയാണ് പ്രസ്തുത കൃതി പബ്ലീഷ് ചെയ്ത ബ്ലോഗര്‍ നില്‍ക്കേണ്ടത്. കൃതി പുറത്തു വന്നതോടെ ആ ബ്ലോഗര്‍ക്ക് അതിന്‍മേലുള്ള അധികാരം നഷ്ടമാകുന്നു എന്നു തന്നെയിരിക്കട്ടെ. രാജ്യം പണയം തന്ന രാജാവിനോട് മറഞ്ഞിരിക്കുന്ന നിധികളെപ്പറ്റി ചോദിക്കുന്നതില്‍ എന്തര്‍ഥം? പണയ വസ്തു കൈവശമുള്ളവര്‍ നിധി കണ്ടെത്തണം. കയ്യടക്കണം. രാജാവിനെ ഇല്ലായ്മ ചെയ്തതു കൊണ്ട് അയാളില്‍ നിന്നും ഭാവിയില്‍ പുറത്തു വന്നേക്കാവുന്ന പല രഹസ്യങ്ങളും നഷ്ടമാവുകയാണ്.

സര്‍ഗശേഷിയുടെ കൂമ്പടയ്ക്കുന്ന തരത്തിലാക്കാന്‍ പറ്റുന്ന ഒരു ഭസ്മാസുര വേഷം കൂടി ബ്ലോഗിലെ ഇന്‍ററാക്ഷന്‍റെ അതിപ്രസരത്തിനുണ്ട് എന്ന് മനസിലാക്കി വേണം വായനക്കാരന്‍ വിമര്‍ശകനും നിരൂപകനും ചോദ്യകര്‍ത്താവുമായി രൂപം മാറുവാന്‍. രചയിതാവിനെ ചോദ്യം ചെയ്യലില്‍ വീര്‍പ്പു മുട്ടിക്കുന്നതിനിടയില്‍ തെരഞ്ഞെടുപ്പിലെ സമ്മതി ദാനാവകാശം പോലെ തന്നില്‍ നിക്ഷിപ്തമായ, കൃതിയെപ്പറ്റി ആത്യന്തിക തീര്‍പ്പ് കല്പ്പിക്കാനുള്ള ശക്തി ഇന്ന് ബ്ലോഗ് വായനക്കാരന്‍ വിസ്മരിക്കുകയാണ്-സ്വീകരിക്കാനും തിരസ്ക്കരിക്കാനുമുള്ള അധികാരം അഥവാ ഒരു സര്‍ഗ സൃഷ്ടിയുടെ അതിജീവനം അത് എന്നും വായനക്കാരനില്‍ മാത്രം ഭദ്രമാണെന്ന സത്യം.

11 comments:

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ആചാര്യ,
ഞാനീ ക്ളാസ്സില്‍ ഉണ്ട്.
:)

കാപ്പിലാന്‍ said...

എല്ലാവരും വായിക്കേണ്ട ഒരു ലേഖനം ആചാര്യ .
കണ്ണുള്ളവര്‍ കാണട്ടെ
ചെവിയുള്ളവര്‍ കേള്‍ക്കട്ടെ
അല്ലാത്തവര്‍ ചൊറിയട്ടെ

Umesh Pilicode said...

:-)

Lathika subhash said...

'ഇങ്ങനെ പല ബ്ലോഗര്‍മാരും തങ്ങള്‍ എഴുതുന്നത് എന്താണെന്ന് വിശദീകരിച്ചു കൊടുക്കേണ്ട ബാധ്യതയുണ്ട് എന്ന അവസ്ഥയിലേക്ക് ബ്ലോഗിന്‍റെ ഇന്‍ററാക്ടീവ് സാധ്യതകള്‍ കൊണ്ടു ചെന്നെത്തിക്കുന്നത് എത്രത്തോളം ആരോഗ്യകരമായ ഒരു പ്രവണതയാണ് എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.'
പ്രസക്തമാണീ പോസ്റ്റ്.

ചാറ്റല്‍ said...

ഒരിക്കല്‍ ആരെങ്കിലും ഇതൊക്കെ പറയും എന്ന് പ്രതീക്ഷിച്ചിരിക്കയായിരുന്നു. ആചാര്യന്റെ സമയോചിതമായ ഇടപെടല്‍ ശ്ലാഘനീയം തന്നെ. നോക്കൂ ഒരുവശത്ത്‌ ചുള്ളിക്കടിനെപോലുള്ള മഹാ കവിയെ ചോദ്യം ചെയ്യുന്നവര്‍. മറുവശത്ത്‌ "ബൂലോകത്തെ പൊട്ടക്കവികളുടെ "ഗവിദ" കള്‍ക്കിടയില്‍ ഇങ്ങനെ നല്ല കവിതകള്‍ കാണുന്നത് വളരെ ആശ്വാസം ആണ്" എന്നിങ്ങനെ കമന്റിടുന്നവര്‍.
എല്ലാ പാത്രത്തിനും ഒരേ അളവല്ല എന്ന്‍ ആരാണ് ഇവരെ പറഞ്ഞു മനസ്സിലാക്കുക, ബ്ലോഗില്‍ കവിതയെഴുതി മഹാ കവികളാവാന് എഴുതുന്നവരല്ല ഒട്ടുമിക്ക പേരും. ബ്ലോഗില്‍ എഴുതാന്‍ ഒരു മനുഷ്യന്റെ മോന്റെയും സമ്മതവും ഒത്താശയും വേണ്ട. ഭക്ഷണം കഴിക്കാന്‍ സ്റ്റാര്‍ ഹോട്ടലുകളില്‍ മാത്രമല്ലല്ലോ തട്ടുകടകളിലും പോകാം. താത്പര്യമനുസരിച്ച്. പക്ഷെ നമുക്ക്‌ ഇഷ്ടമല്ലാത്തതൊന്നും ശരിയല്ല എന്നതാണ് ശരിയല്ലാത്തത്‌. അങ്ങിനെയുള്ളവരെ അവഗണിച്ച് മുന്നോട്ടു പോവുക. നല്ലതോ ചീത്തയോ എന്തുമാകെട്ടെ, അതുകൊണ്ട് സഗീര്‍ മാറി നില്‍ക്കുന്നത് പോലെ ആരെങ്കിലും മാറി നില്‍ക്കുന്നുണ്ടെങ്കില്‍ ഇനിയും ബ്ലോഗില്‍ വരണം രചനകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.

പാര്‍ത്ഥന്‍ said...

നല്ല അവലോകനം.
പ്രിന്റ് മീഡിയയിൽ വരുന്ന കവിതയെ ഈ ചോദ്യം ചെയ്യലുകൾ തൊട്ടുനോക്കാത്തത് എന്തുകൊണ്ടാണ്. അതെല്ലാം മനസ്സിലാകുന്നുണ്ട് എന്നാണോ വിശ്വസിക്കേണ്ടത്.

പ്രക്ഷുബ്ധരായ വർഗ്ഗമാണ് മലയാളികൾ.

നന്ദന said...

മനുഷ്യന്‍ അറിയാത്തതിനെ എതിര്‍ക്കും ..അവന്‍റെ ജന്മവാസനയാണ് .. ചിലര്‍ക്ക് ചെറിയ കുട്ടികളുടെ മനസ്സാണ് ..അത് ചെയ്യരുത് എന്നുപറഞ്ഞാല്‍ അതെ ചെയ്യൂ ..എഴുത്തുകാരോട് എനിക്ക്
പറയാനുള്ളത് എല്ലാ എതിര്‍പ്പുകളെയും തൃനവല്ക്കരിച്ചുകൊണ്ട് നിര്‍ബാധം എഴുത്ത് തുടരണം ..ഒരാളെങ്കിലും സൃഷ്ടി വായിച്ചാല്‍ ..എഴുത്തുകാരന്‍ കൃതാര്‍ത്ഥനായി.
എല്ലാവര്‍ക്കും ഒപ്പം ബ്ലോഗര്‍ക്കും
നന്‍മകള്‍ നേരുന്നു
നന്ദന

ഞാന്‍ ആചാര്യന്‍ said...

കൃതികള്‍ ചര്‍ച്ച ചെയ്യപ്പെടുക സ്വാഭാവികമാണ്. എന്നാല്‍ ബ്ലോഗ് വേദിയാകുമ്പോള്‍ ആ ചര്‍ച്ചയ്ക്ക് മൂര്‍ച്ച കൂടിക്കൂടി രചയിതാവിനെ ഗില്ലറ്റിനില്‍ കിടന്ന് പിടയാന്‍ വിടുന്നതിനോടാണ് വിയോജിപ്പ് തോന്നുന്നത്. എപ്പോഴാണ് ഒരു സ്വര്‍ണ മത്സ്യം വരിക, ഒരു പൊന്മുട്ട പ്രത്യക്ഷപ്പെടുക എന്ന് പറയാനാവില്ലല്ലോ. മാസ്റ്റര്‍ പീസുകള്‍ ഉരുത്തിരിയാനായി കാലമെത്ര കാക്കണമെന്നും. പ്രതികരിച്ച, വായിച്ച എല്ലാവരോടും ആദരവ്..

ഗീത said...

ആചാര്യന്റെ ഈ ലേഖനം അതീവ പ്രസക്തം.
ചാറ്റല്‍, നന്ദന എന്നിവര്‍ പറഞ്ഞതിനോടും വളരെയധികം യോജിക്കുന്നു.

പാര്‍ത്ഥന്‍ പറഞ്ഞപോലെ
“പ്രക്ഷുബ്ധരായ വർഗ്ഗമാണ് മലയാളികൾ”,എന്നതു മാത്രമല്ലഅവരുടെ മുഖമുദ്ര.
ഏതൊന്നിനേയും എങ്ങനെ വളര്‍ത്താം എന്നതിനേക്കാള്‍ എങ്ങനെ തളര്‍ത്താം എന്ന ചിന്തയാണ് മലയാളിയുടെ മനസ്സില്‍ ആദ്യം മുള പൊട്ടുന്നത്.

എഴുത്തുകാര്‍ വാടിപ്പോകാതെ പിടിച്ചു നില്‍ക്കതന്നെ വേണം.

തേജസ്വിനി said...

കാപ്പിലാന്‍ പറഞ്ഞതുപോലെ ബ്ലോഗര്‍മാര്‍ വായിച്ചിരിക്കേണ്ട ലേഖനം.

രാജേഷ്‌ ചിത്തിര said...

ഇതിലെ ഇങ്ങനെയും ഒരാള്‍ വന്നു പോയി ...
പ്രസക്തമായ ഈ പോസ്റ്റും വായിച്ച്............
:)

അഡ്മിഷന്‍ ആരംഭിച്ചു.കോഴ്സുകള്‍.. ഗഥാ ബ്ലോഗിനിയിറിങ്. ഗവിത ബ്ലോഗിനിയറിങ്. ബാച്ചിലര്‍ ഓഫ് കമന്റിങ്. ഭാഷാവൈകല്യം(റിസര്‍ച്ച്). മിലിട്ടറി എഞ്ജിനിയറിങ്ങ്.അലോപ്പൊതി.ആയുര്‍വേദം.തിരുമ്മല്‍(മസാജ്).ചൊറിയല്‍.

ക്ലാസ്സിലെ കുട്ടികള്‍