Dec 4, 2009

ഉച്ചാടനം ഒരു വായന

പ്രചുര പ്രചാരം നേടിയ മലയാള ബ്ലോഗ്‌ മഹാകവികള്‍ക്കിടയിലെ ഇത്രേം ഉള്ള ഒരു കുഞ്ഞ് നക്ഷത്രമാണ് ശ്രീ .ആചാര്യന്‍ . ആചാര്യനെ പറ്റി ഞാന്‍ വല്ലതും പറഞ്ഞാല്‍ അതൊരു അധിക പ്രസംഗം ആകില്ലേ എന്ന ശങ്ക എന്നെ തളര്‍ത്തുന്നു . ഞാന്‍ അദ്ദേഹത്തെ പറ്റി വിശേഷിപ്പിക്കാന്‍ അശക്തനാണ് . ഒരു കവി മാത്രമല്ല ആചാര്യന്‍ . കഥാകൃത്ത് , ചിത്രകാരന്‍ , നല്ലൊരു കൃഷിക്കാരന്‍ എന്നീ നിലയിലും ഖ്യാതി ബൂലോകത്തിന് അകത്തും പുറത്തും നേടിയിട്ടുണ്ട് . എന്‍റെ വ്യക്തി പരമായ അടുപ്പം വെച്ച്‌ പറയുമ്പോള്‍ ഞാന്‍ വിശേഷിപ്പിക്കുന്നത് കൂടെ നിന്നു കാലില്‍ ചവിട്ടാന്‍ അറിയാത്തവന്‍ എന്നാണ് .അതില്‍ കൂടുതലായ ഒരു വിശേഷണം എന്തുകൊണ്ടും ആചാര്യന് ഇണങ്ങില്ല .

ശ്രീ ആചാര്യന്‍ ഈയിടെ എഴുതിയ കവിതയാണ് " ഉച്ചാടനം " . പല കവികളുടെയും കവിതകള്‍ നിരൂപിച്ച് നിങ്ങളുടെ എല്ലാം പ്രശംസയും പ്രശസ്തിയും ബ്ലോഗ്‌ അവാര്‍ഡും ഞാന്‍ വാങ്ങിക്കൂട്ടി എന്നറിയാമല്ലോ . എന്നാല്‍ ഇങ്ങനെ ഒരു കവിത വന്നപ്പോള്‍ എന്തുകൊണ്ട് നിരൂപിച്ചുകൂടാ എന്ന ഭാരിച്ച ചിന്ത എന്നെ കഴിഞ്ഞ രണ്ട് ദിവസമായി അലട്ടിയതിന്റെ അനന്തര ഫലമാണ് നിങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുവാന്‍ പോകുന്നത് . നിങ്ങളുടെ വിധി . നിങ്ങള്‍തന്നെ അനുഭവിച്ചു തീര്‍ക്കുക .
ഉച്ചാടനം എന്ന കവിത മറ്റ് പല കവിതകളില്‍ നിന്നും വളരെ വ്യത്യസ്തമായി എനിക്ക് തോന്നുന്നു . ചിലപ്പോള്‍ എന്‍റെ മാത്രം തോന്നലുകള്‍ ആകാം . നിങ്ങളെല്ലാം എന്നെക്കാള്‍ എത്രയോ ഉയരങ്ങളില്‍ ചിന്തിക്കുന്നവരാണ് . എങ്കിലും ആ നക്ഷത്ര ശോഭയില്‍ നിന്ന് ഒരു മിന്നാമിനുങ്ങിന്റെ ഇത്തിരി വെട്ടമോ അല്ലെങ്കില്‍ ആ പാറക്കെട്ടില്‍ നിന്നും ഒരു തുള്ളി വെള്ളമോ നിങ്ങള്‍ക്ക് തരുവാന്‍ എനിക്കായാല്‍ ഞാന്‍ കൃതാര്‍ഥനായി . സര്‍വ്വ ദൈവങ്ങളെയും സാക്ഷിയാക്കി ഞാന്‍ എന്‍റെ കര്‍ത്തവ്യം പൂര്‍ണ്ണമാക്കട്ടെ.

ഈ കവിതയില്‍ ഒരു കടലോളം അല്ലെങ്കില്‍ ഒരു കുന്നോളം കാര്യങ്ങള്‍ പറയുവാനായിട്ടുണ്ട്. എല്ലാ കാര്യങ്ങളും പറയുവാന്‍ എനിക്ക് കഴിവില്ല എങ്കിലും വായനക്കാരുടെ മനസിലേക്ക് ചില കാര്യങ്ങളുടെ കരടുകള്‍ എങ്കിലും തള്ളിക്കയറ്റുവാന്‍ കഴിഞ്ഞാല്‍ ഞാന്‍ സന്തോഷിക്കും . കവിയോട് ഒരു വാക്ക് പറയുവാന്‍ ഉള്ളത് പണ്ടാരമടങ്ങാന്‍ വേണ്ടി ,മറ്റുള്ളവര്‍ക്ക് ജ്വോലി ഉണ്ടാക്കാന്‍ വേണ്ടി മേലാല്‍ ഇതുപോലുള്ള കവിതകള്‍ എഴുതരുത് എന്നാണ് .കവി ചിന്തിക്കുന്നതാവില്ല വായനക്കാരന്‍ ചിന്തിക്കുന്നത് . പിന്നെ വായനക്കാര്‍ കാട് കയറുന്നു എന്ന് പറയരുത് .

ഇനി കവിതയിലേക്ക് വരാം .ഈ കവിത തിരസ്കരിക്കപ്പെട്ടവന്റെ കവിത എന്ന് വിളിക്കാം കാരണം പിന്നീട് പറയാം . ആദ്യം കവിതയുടെ തലേക്കെട്ടില്‍ കയറി പിടിച്ചതിന് ശേഷം താഴേക്ക് നമുക്ക് വസ്ത്രാക്ഷേപം നടത്താം . ഉച്ചാടനം എന്നാല്‍ ഉച്ചക്കുള്ള നടനമോ നാട്യമോ ആയിരിക്കാം . അല്ലെങ്കില്‍ ഉച്ചക്കിറുക്ക് എന്നും വിളിക്കാം .ഉച്ചക്ക് ഓഫീസില്‍ ആഹാരം കഴിച്ചതിന് ശേഷം കവി ലേശം ഉറങ്ങിപ്പോയി . ഉച്ച ഭക്ഷണം കഴിച്ചാല്‍ ആരായാലും ലേശം ഉറങ്ങിപ്പോകും .അതിനെ തെറ്റായി കാണാന്‍ കഴിയില്ല .അങ്ങനെ ഉച്ചമയക്കത്തില്‍ സ്വപ്നത്തില്‍ കാണുന്ന വിവിധ രംഗങ്ങളാണ് ഈ കവിതയില്‍ ആകമാനം ദര്‍ശിക്കുവാന്‍ കഴിയുക .

പതിവ് പോലെ വിവിധ ഭാഗങ്ങളായി ഈ കവിതയെ തിരിക്കാം എങ്കിലും , ചില പ്രധാന ഭാഗങ്ങള്‍ മാത്രം ചൂണ്ടിക്കാണിച്ചു കൊണ്ട് ഞാന്‍ എന്‍റെ കടമ ഞാന്‍ പൂര്‍ത്തിയാക്കുകയാണ് . എല്ലാ വരികളും ഇവിടെ കൊണ്ടുവരുവാനോ ,വിശദീകരിക്കുവാനോ കഴിയാത്തതില്‍ യാതൊരു ഖേദമില്ല ,കാരണം അത്തരത്തില്‍ ഉള്ള ഒരു കവിതയല്ല ഇത് . വായനക്കാരുടെ ചിന്താ മണ്ഡലങ്ങളും കടന്ന് ഈ കവിത വളരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്‌ . ഒരോ വാക്കുകളും വരികളും സമൂഹത്തിന്റെ നേര്‍ക്കുള്ള ചാട്ടവാറടികളായി തോന്നുന്നു . ഇത്തരത്തില്‍ ഉള്ള കവിതകള്‍ രചിക്കുവാന്‍ ബ്ലോഗില്‍ ഇന്ന് കവികള്‍ വളരെ വിരലില്‍ എണ്ണാവുന്നവര്‍ മാത്രം . വെറുതെയല്ല ആചാര്യ , നിങ്ങള്‍ തിരസ്കരിക്കപ്പെട്ടവനായി തീര്‍ന്നത് . ബ്ലോഗിലെ കവികളെ പോലെ കവിതകള്‍ എഴുതാന്‍ ആദ്യം പഠിക്ക് . എന്നിട്ട് കാര്യങ്ങള്‍ തീരുമാനിക്കാം .

ക്രിസ്തുവിനും മുന്‍പുള്ള കുരുക്ഷേത്ര യുദ്ധം മുതല്‍ തുടങ്ങി ക്രിസ്തുവിന്റെ പരസ്യ ശുശ്രൂഷ വഴി കറങ്ങി തിരിഞ്ഞ് ഇന്നത്തെ സമൂഹവും ബ്ലോഗും കവിതയും മറ്റുമായി ചുറ്റി പിണഞ്ഞു കിടക്കുന്ന ഈ കുരുക്കഴിക്കുവാന്‍ ചില്ലറ പ്രയാസങ്ങള്‍ അല്ല അനുഭവിച്ചത് . ഈ കവിത കൂടുതല്‍ പഠിച്ചാല്‍ ഒരു പക്ഷേ എനിക്ക് ഡോക്ടറേറ്റ് വരെ കിട്ടാന്‍ സാധ്യത . പിന്നെ നിങ്ങള്‍ ഡോക്ടര്‍ കാപ്പി , ഡോക്ടര്‍ ,കാപ്പി എന്നൊക്കെ വിളിക്കേണ്ട ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുവാന്‍ വേണ്ടി മാത്രം ആ ഭാഗങ്ങള്‍ ഞാന്‍ ഒഴിവാക്കുന്നു . വേണമെങ്കില്‍ നിങ്ങള്‍ക്ക് ഒന്ന് ട്രൈ ചെയ്യാം .


കവിതയുടെ ആദ്യ പതിനൊന്ന് വരികള്‍ , ക്രിസ്തുവിന്റെ പരസ്യ ശുശ്രൂഷാ കാലത്ത് പുറം ജാതിക്കാരി പെണ്ണിന്റെ അടുക്കല്‍ യേശു വെള്ളത്തിനായി വരുന്ന രംഗം ഓര്‍ത്ത് പോയി . കുമാരനാശാന്റെ ചണ്ടാല ഭിഷുകി ഈ സമയം വായിക്കുന്നത് നന്നാകും . എന്നാല്‍ അടിമകള്‍ ഉടമകളായ ഈ സമയത്ത് ക്രിസ്ത്യാനികള്‍ തന്നെ യേശുവിനോട് പറയുകയാണ്‌ " കടക്ക് പുറത്ത് " . നിന്‍റെ ഒരു നോട്ടം പോലും യെങ്ങള്‍ക്ക് വേണ്ട . കാലം മാറി എങ്കിലും അടിമകളുടെ സംസാര രീതികള്‍ അത് തന്നെ എന്ന് കവി ചൂണ്ടിക്കാട്ടുന്നു . നീ ജീവന്റെ പാറയാണ്‌ , നദിയാണ് , വെളിച്ചമാണ് എന്നെല്ലാം ഞങ്ങള്‍ക്കറിയാം പക്ഷേ നിന്നെ ഞങ്ങള്‍ക്ക് വേണ്ട . വേഗം പട്ടണത്തിന് പുറത്ത് പോകുക . നീ പാറയാണ്‌ എങ്കില്‍ നോക്കുക അതേ പാറകള്‍ കൊണ്ട് ഞങ്ങള്‍ കൊട്ടാരം പണിയുന്നു . നീ തേജസെങ്കില്‍ അതേപോലെ നൂറ് തേജസുകള്‍ സൃഷ്ടിക്കുവാന്‍ ഞങ്ങളുടെ സയന്‍സ് വളര്‍ന്നിരിക്കുന്നു . നിന്നെ പറ്റി ഓര്‍ക്കുന്നവരെ പോലും ഞങ്ങള്‍ ജീവന്റെ നദിക്കും അക്കരെ കടത്തും .അതുകൊണ്ട് വേഗം പൊയ്ക്കൊള്ളുക.നിന്നെ അവസാന ദിവസം ഞങ്ങള്‍ക്ക് ഒറ്റുകൊടുക്കേണ്ടി വന്നാല്‍ പോലും ഒരു യൂദാസിനെ പോലെ ഞങ്ങള്‍ നിന്നെ ചുംബിക്കില്ല .നിന്നെ ഏതെല്ലാം വിധത്തില്‍ ദ്രോഹിക്കേണ്ടി വന്നാലും ഞങ്ങള്‍ക്ക് യാതൊരു ദുഖവും ആ കാര്യത്തില്‍ ഇല്ല . നീ ദുഖിക്കുന്നത് കണ്ട് ഇപ്പോള്‍ ഞങ്ങള്‍ ചെയ്യുന്നത് പോലെ ദുഖവെള്ളിയാഴ്ചകളില്‍ കയ്പ്പ് വെള്ളം കുടിക്കാം . എന്നാലും നിനക്ക് മാപ്പ് തരില്ല . ഞങ്ങളെ വഴി തെറ്റിച്ചതിന് നീ മാപ്പ് പറഞ്ഞാല്‍ നിന്നെ സമുദ്രത്തോളം കൊണ്ടുപോയി അതില്‍ മുക്കിക്കളയാം .അത്രത്തോളം നിന്നെ ഞങ്ങള്‍ വെറുത്തിരിക്കുന്നു .ഇങ്ങനെയൊക്കെ നീ ദുഖിക്കുന്നത് കണ്ട് ഞങ്ങളുടെ തലമുറകള്‍ നശിച്ചു പോയാലും ഞങ്ങള്‍ക്ക് അതില്‍ ലേശവും ഭയമില്ല .
 
ഇത്രയെല്ലാം കാര്യങ്ങള്‍ പറഞ്ഞിട്ട് കവി അടുത്തു കാണുന്നത് ബ്ലോഗിലെ കവി എന്ന തന്റെ ഭാവിയെ കുറിച്ചാണ് .അതാണ്‌ കവി ഉടനെ തന്നെ ശ്ലഥ കാകളി വൃത്തത്തില്‍ രണ്ടക്ഷരം കുറഞ്ഞീടുകില്‍ അത് മഞ്ചേരി ആയിടും എന്ന് പറയുന്നത് . ബ്ലോഗില്‍ അദ്ദേഹത്തിന് കവി എന്ന ജീവിതത്തിന് ഭീക്ഷണിയായിട്ടുള്ളത് മഞ്ചേരിക്കാരായ കവികളാണ് . അവര്‍ ജാഗ്രതൈ .




അങ്ങനെ ആ മഞ്ചേരിക്കാരെ രഥത്തില്‍ കെട്ടിയിട്ട് ഓടിക്കും . രഥത്തിന്റെ കാര്യം ഓര്‍ക്കുമ്പോള്‍ കവിയുടെ സ്വപനത്തില്‍ കടന്ന് വരുന്ന അടുത്ത രംഗം കുരുക്ഷേത്ര യുദ്ധമാണ് . എന്നിട്ട് കവി സ്വയം കര്‍ണ്ണന്‍ ആയി മാറുകയാണ് . വില്ലാളി വീരനായ കര്‍ണ്ണന്‍ . കുന്തി ദേവിയുടെ സീമന്ത പുത്രന്‍ .പഞ്ച പാണ്ഡവര്‍ കട്ടില്‍ കാലു പോലെ ആറ് പേര്‍ എന്ന ആ പഴയ കാര്യം വീണ്ടും കവി ഓര്‍മ്മിക്കുന്നു . വില്ലാളി വീരനായ അര്‍ജ്ജ്ജുനനെക്കാള്‍ ഒരു പടി മുന്നിലായിരുന്നു കര്‍ണ്ണന്‍ .സൂര്യ ദേവന്റെ പുത്രന്‍ .അര്‍ജ്ജുനന്‍ വില്ല് കുലച്ച് അമ്പെയ്യ്തു കിട്ടിയ ദ്രൌപതിയെ എന്തുകൊണ്ട് കര്‍ണ്ണനും ഭാര്യയായി ലഭിച്ചില്ല . കിട്ടിയതെല്ലാം തുല്യമായി വീതിക്കുവാന്‍ പറഞ്ഞ കുന്തി ദേവിക്കും പിഴച്ചുവോ ? അല്ലെങ്കില്‍ കര്‍ണ്ണന്‍ ദ്രൌപതിയെ ശപിച്ചുവോ ? ദ്രൗപതി അല്ലെങ്കില്‍ പാഞ്ചാലി കര്‍ണ്ണന്റെയും ഭാര്യയാകുവാന് കൊതിച്ചുവോ ? എന്തുകൊണ്ട് കര്‍ണ്ണന് ദുര്‍വിധികള്‍ നേരിടേണ്ടി വന്നു ? ആരാണ് ചതിച്ചത് ? ഒടുവില്‍ കവച കുണ്ഡലങ്ങള്‍ നഷ്ടപ്പെട്ടവനായി യുദ്ധഭൂമിയില്‍ മരിച്ചു പോകുവാന്‍ ഇടയായത് എന്തുകൊണ്ട് ? പല ചോദ്യങ്ങള്‍ കവി വായനക്കാര്‍ക്കായി എറിഞ്ഞ് തരുന്നു .‍


ധൃതരാഷ്ട്രരുടെ മീഡിയ സെന്റര് ആയിരുന്ന സജ്ജയനെപ്പോലെ ഇന്നത്തെ ബ്ലോഗിലെ പത്രങ്ങള്‍ പോലും മഹാകവികള്‍ക്ക് വേണ്ടിയാണ് .വീണ്ടും ചില കാര്യങ്ങള്‍ ബ്ലോഗിലെ അധ:കൃതരായ ആളുകള്‍ക്ക് എതിരായി ചെയ്യും എന്ന് പറഞ്ഞതിന് ശേഷം , കവി മഹാകവികളോടും ബ്ലോഗിലെ പ്രമാണിമാരായ ആളുകളോടും ചോദിക്കുകയാണ് . അല്ലയോ പ്രമാണിമാരെ , വിശുദ്ധന്മാരെ നിങ്ങള്‍ ഇങ്ങനെയൊക്കെ കളികള്‍ കളിച്ചതിന് ശേഷം രാജകീയ കിരീടം അതായത് ഈ വര്‍ഷത്തെ ബ്ലോഗ്‌ അവാര്‍ഡിന് വേണ്ടി കൈ നീട്ടുമ്പോള്‍ നിങ്ങളുടെ കയ്യില്‍ മിന്നല്‍ എല്ക്കുമോ എന്ന വര്‍ണ്ണ്യത്തില്‍ ആശങ്ക കൊണ്ട് കവി ഉച്ചാടനം എന്ന കവിത അവസാനിപ്പിക്കുന്നു .ഇനിയും ധാരാളം കാര്യങ്ങള്‍ പറയുവാന്‍ ഉണ്ടെങ്കിലും നിങ്ങളുടെ ക്ഷമയെ ഞാന്‍ പരീക്ഷിക്കുന്നില്ല .

കവിതയുടെ ആദ്യവും അവസാന ഭാഗങ്ങളിലും നമുക്ക് രണ്ട് സ്ത്രീകളെയും കാണാം . ഒന്ന് പുറം ജാതിക്കാരിയായ സ്ത്രീ , മറ്റൊന്ന് പാഞ്ചാലി . ഇവര്‍ തമ്മില്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു . പുറം ജാതിക്കാരിയായ സ്ത്രീക്കും അഞ്ചു ഭര്‍ത്താക്കന്മാര്‍ ഉണ്ടായിരുന്നു . ഇപ്പോഴുള്ള ആള്‍ ശരിക്കും അവളുടെ ഭര്‍ത്താവല്ല . പാഞ്ചാലിക്കും ഭര്‍ത്താക്കന്മാര്‍ അഞ്ചു പേര്‍ . കര്‍ണ്ണനെ മനസ് കൊണ്ടെങ്കിലും പാഞ്ചാലി വരിച്ചുവോ ? അറിയില്ല . ഇവര്‍ തമ്മില്‍ എന്തെങ്കിലും ബന്ധങ്ങള്‍ ? എന്തെല്ലാം ചോദ്യങ്ങളാണ് കവി നമുക്ക് നമ്മുടെ ചിന്തക്ക് വേണ്ടി നല്‍കുന്നത് .

മറ്റൊരു കാര്യം കുരു വംശ ജരായ പാണ്ടവരും കൌരവരും കുരുക്ഷേത്ര യുദ്ധം നടത്തുവാന്‍ കാരണമായി തന്നെ പണ്ഡിതര്‍ ചൂണ്ടിക്കാട്ടുന്നത് , സ്ഥലജല വിഭ്രാന്തി മൂലം താഴെ
വീണ ദുര്യോധനനെ കണ്ട് പാഞ്ചാലി ഒന്ന് ചിരിച്ച് പോയി എന്ന തെറ്റ് മൂലമാണ് എന്നത്രേ . ബ്ലോഗ്‌ വംശജരായ ബ്ലോഗ്‌ പുല്ലന്മാര്‍ എന്ത് പുല്ലു കാരണമാണ് തമ്മില്‍ തല്ല് ‍ നടത്തുന്നത് എന്നും കവി ചോദിക്കുന്നു . ശത്രു പക്ഷത്തും മിത്രത്തിന്റെ പക്ഷത്തും സ്വന്തമാളുകള്‍ ഏതോ പുല്ലിനു വേണ്ടി ചതുരംഗ കളങ്ങള്‍ ഒരുക്കി തമ്മില്‍ തല്ലുന്നു. ഇത് ഇപ്പോഴെങ്ങും തുടങ്ങിയതല്ല എന്ന് വായനക്കാരെ ബോധ്യപ്പെടുതുവാനാണ് കവി ബോധപൂര്‍വ്വം കുരുക്ഷേത്രത്തിലേക്ക് ഒരു യാത്ര പോകുന്നത് .


വളരെ മനോഹരമായ ഒരു കവിതാ വായനയാണ് എനിക്ക് ഈ കവിത സമ്മാനിച്ചത്‌ . പലപ്പോഴും കാടുകള്‍ കയറി ഞാന്‍ പോയെങ്കിലും ഇന്നത്തെ സമൂഹത്തിന്റെ പച്ചയായ ആവിഷ്കാരമായി ഈ കവിത തീരുന്നു എന്നത് നിശ്ചയമായും പറയാവുന്ന കാര്യമാണ് . ഇത്തരം ധാരാളം കവിതകള്‍ എഴുതുവാന്‍ നമ്മുടെ എല്ലാം പ്രിയപ്പെട്ടവനായ ആചാര്യന് കഴിയട്ടെ എന്ന് ആശംസിച്ചു കൊണ്ട് നിര്‍ത്തുന്നു .

ജയഹോ


ഉച്ചാടനം കവിത ഇവിടെ വായിക്കാം

7 comments:

mukthaRionism said...

വളരെ മനോഹരമായ ഒരു കവിതാ വായന

രാജേഷ്‌ ചിത്തിര said...

കവിതയും നിരൂപണവും വായിച്ചു.......:)

sunil panikker said...

കൊള്ളാം നല്ല വിലയിരുത്തൽ,
അപ്പൊ മലയാള ബ്ലോഗ്‌ സാഹിത്യത്തിലെ സുപ്രസിദ്ധ നിരൂപകനായി നിറഞ്ഞു നിൽക്കുക..
അല്ല കാപ്പൂ, ഈ നിരൂപണം കണ്ട്‌ ഇനി ആചാര്യൻ ഞെട്ടുമോ..? എന്തരോ എന്തോ..!

ഞാന്‍ ആചാര്യന്‍ said...

നിരൂപണം വായിച്ച് തലകറങ്ങിയിരിക്കുകയാണ്. ശ്രീനിവാസനെ പെണ്ണുകാണിക്കാന്‍ കൊണ്ടൂപോയ ഒടുവില്‍ പറയുന്നതുപോലെ 'ഇത്രക്ക് വിചാരിച്ചില്ല'

:D

ബ്ലോഗിന് ഒരു എം. കൃഷ്ണന്‍നായരെ കിട്ടുമെങ്കില്‍ സാധനങ്ങള്‍ ഇനിയും പടച്ച് വിടാന്‍ ഞാന്‍ തയ്യാറാണ്

OT: തമാശയായിട്ടാണെങ്കില്പ്പോലും കാപ്പിലാന്‍ എന്നെപ്പറ്റി ഇവിടെ എഴുതിയ പല വാക്കുകള്‍ക്കും ഞാന്‍ അര്‍ഹനല്ല

പ്രയാണ്‍ said...

:)

jayanEvoor said...

ഈശോയെ!
ഇതെന്നതാ കാപ്പിലാനേ!?
ആനന്ദതുന്തുലിതഗാത്രനായി, അന്തരാത്മാവില്‍ നിന്നനര്‍ഗളം വിനിര്‍ഗളിക്കുന്ന ജാജ്വല്യമാനവും, ഉപപ്ലുതവും, ഗര്‍ഹണീയവുമായ ശ്ലഥ ചിത്രങ്ങളുടെ സമ്മിശ്രണം!
എനിക്കിഷ്ടമായി.
അഭിനന്ദനങ്ങള്‍!

Sabu Kottotty said...

മഞ്ചേരിക്കാരെ വിട്ടുപിടി....

അഡ്മിഷന്‍ ആരംഭിച്ചു.കോഴ്സുകള്‍.. ഗഥാ ബ്ലോഗിനിയിറിങ്. ഗവിത ബ്ലോഗിനിയറിങ്. ബാച്ചിലര്‍ ഓഫ് കമന്റിങ്. ഭാഷാവൈകല്യം(റിസര്‍ച്ച്). മിലിട്ടറി എഞ്ജിനിയറിങ്ങ്.അലോപ്പൊതി.ആയുര്‍വേദം.തിരുമ്മല്‍(മസാജ്).ചൊറിയല്‍.

ക്ലാസ്സിലെ കുട്ടികള്‍