വൈസ് പ്രിന്‍സിപ്പാള്‍ കാപ്പിലാനന്ദ സ്വാമികളുടെ ഓഫീസ്.
സമയം രാവിലെ 11 മണി.
തൂവെള്ള ഷര്‍ട്ടും പാന്റും ധരിച്ച ഒരാള്‍ കടന്നു വരുന്നു.
സര്‍, മേ ഐ കമിന്‍?
വൈ. പ്രി. കമിന്‍ പ്ലീസ്.
ആള്‍ അകത്തേക്കു വരുന്നു.
വൈ. പ്രി.( മുന്നിലെ കസേര ചൂണ്ടി) : പ്ലീസ് ടേക്ക് യുവര്‍ സീറ്റ്.
വന്ന ആള്‍ ഒന്നു പരുങ്ങുന്നു. എന്നിട്ട് കസേരയുടെ പിന്നിലേക്കു പോയി അതെടുത്തു പൊക്കാനെന്നപോലെ കസേരക്കയ്യില്‍ പിടിക്കുന്നു.
അയാളുടെ പ്രവൃത്തി കണ്ട് എന്തോ പന്തികേട് തോന്നിയിട്ട്, വൈ.പ്രി. വേഗത്തില്‍ പറയുന്നു : ഇരിക്കൂ ദയവായി.
വന്നയാള്‍ മുഖത്ത് ആശ്വാസം നിറഞ്ഞ വലിയൊരു ചിരിയുമായി, കസേരയില്‍ വന്നിരിക്കുന്നു.
ആള്‍ : സര്‍, ഞാന്‍ ജോലിയന്വേഷിച്ചു വന്നതാണ്.
വൈ : എന്തു ജോലി?
ആള്‍: ഇവിടെ ബ്ലോഗ്ഗേര്‍സ് കോളേജില്‍ അദ്ധ്യാപകരെ ആവശ്യമുണ്ടെന്നു പരസ്യം കണ്ടു...
വൈ: എന്താ പേര്?
ആള്‍ : സര്‍, എന്റെ പേര് വ്യാജ് ജോര്‍ജ്ജ് തങ്ങള്‍.
വൈ. പ്രി (ആത്മഗതം) : ഇപ്പോഴത്തെ തന്തമാരും തള്ളമാരും മക്കള്‍ക്കിടാന്‍ കണ്ടുപിടിക്കുന്ന ഓരോരോ പേരുകളേ !
മനസ്സില്‍ തോന്നിയ അമ്പരപ്പു പുറത്തു കാട്ടാതെ, വൈ : ക്വാളിഫിക്കേഷന്‍സ്?
വ്യാജ് : സര്‍, ഞാന്‍ രസതന്ത്രത്തില്‍ ബി.എസ്സ്‌സി, എം. എസ്സ്‌സി, എച്ച്.പിഡി ഒക്കെ എടുത്തിട്ടുണ്ട്.
വൈ : ആ അവസാനം പറഞ്ഞ ഡിഗ്രി എന്താ?
വ്യാജ് : എച്ച്.പിഡി
വൈ : എച്ച് പി ഡിയോ? അങ്ങനൊരു ഡിഗ്രി ഇതുവരെ കേട്ടിട്ടില്ലല്ലോ.
വൈ. പ്രി.നു സംശയമാവുന്നു, ഇനി താനറിയാതെ ഇങ്ങനെ വല്ല ഡിഗ്രിയുമുണ്ടോ?
(ഉറക്കെ) പി.എച്ച് ഡി എന്നു കേട്ടിട്ടുണ്ട്. പക്ഷേ എച്ച്.പിഡി എന്നൊരു ഡിഗ്രി... (അര്‍ദ്ധോക്തിയില്‍ നിറുത്തുന്നു)
വ്യാജ് ഉടനെ ചാടിക്കയറി : ഓ, സര്‍ സോറി, അതു തന്നെ, അതു തന്നെ. നാവു പിഴച്ചു പോയതാ. വെരി സോറി, സര്‍.
ചമ്മിയ മുഖത്ത് വലിയൊരു ചിരി നിറച്ചു നില്‍ക്കുന്നു വ്യാജ്.
കെമിസ്ട്രി പഠിപ്പിക്കാന്‍ ഇതുവരെ ഒരദ്ധ്യാപകനെ കിട്ടാതിരിക്കയായിരുന്നു. ഇപ്പോഴിതാ ഒരാള്‍ വന്നിരിക്കുന്നു. ആശ്വാസമായി.
വൈ.പ്രി. ശരി സര്‍ട്ടിഫിക്കറ്റുകള്‍ കാണിക്കൂ.
വ്യാജ് കൈയ്യിലിരിക്കുന്ന ഫയലില്‍ നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ പുറത്തെടുക്കുന്നു. വൈ. പ്രി. അതു പരിശോധിക്കുന്നു.
വ്യാജ് നെറ്റിയില്‍ പൊടിയുന്ന വിയര്‍പ്പുകണങ്ങള്‍ തുടച്ചു കൊണ്ടിരിക്കുന്നു.
വൈ. പ്രി. ശരി, സര്‍ട്ടിഫിക്കറ്റുകളുടെ ട്രൂകോപ്പികള്‍ ഇവിടെ ഏല്‍പ്പിച്ചു പോകൂ. നാളെ നിയമനകമ്മിറ്റി കൂടും. അതിനു ശേഷം വിവരം അറിയിക്കാം.
വ്യാജ് : വളരെ നന്ദി സര്‍.
വ്യാജ് വൈ. പ്രി.നെ തൊഴുത് മടങ്ങുന്നു.
** ** **
ഒരാഴ്ച കഴിഞ്ഞ്:
ക്ലാസ്സിലേക്ക് വൈസ് പ്രിന്‍സിപ്പാള്‍ വ്യാജ്‌നേയും കൂട്ടി വരുന്നു. കുട്ടികള്‍ എഴുന്നേല്‍ക്കുന്നു.
വൈ. പ്രി. ഗുഡ് മോര്‍ണിങ്ങ് എവരിബഡി. പ്ലീസ് സിറ്റ് ഡൗണ്‍.
കുട്ടികള്‍ ഇരിക്കുന്നു.
വൈ.പ്രി. ഡിയര്‍ സ്റ്റുഡന്റ്‌സ്, ഇത് ഡോ. വ്യാജ് ജോര്‍ജ്ജ് തങ്ങള്‍. നിങ്ങളുടെ പുതിയ അദ്ധ്യാപകന്‍. കെമിസ്ട്രിയാണ് ഇദ്ദേഹത്തിന്റെ സബ്ജക്റ്റ്.
വ്യാജ് കുട്ടികളെ നോക്കി പുഞ്ചിരിക്കുന്നു. പെണ്‍കുട്ടികളുടെ ഭാഗത്തേക്കു നോക്കുമ്പോള്‍ ചിരിയുടെ പ്രകാശം പതിന്മടങ്ങ് വര്‍ദ്ധിക്കുന്നു.
വൈ. പ്രി. വ്യാജിന് നേരേ തിരിഞ്ഞ് : ഓക്കേ ദെന്‍. യു ബിഗിന്‍ യുവര്‍ ക്ലാസ്സസ് റൈറ്റ് എവേ. ഐ വില്‍ ഗോ നൗ.
കുട്ടികളോടായി : സ്റ്റുഡന്റ്‌സ്, ലിസണ്‍ ടു ഹിം.
വൈ. പ്രി. പോകുന്നു.
വ്യാജ് : ഗുഡ് മോര്‍ണിങ്ങ് സ്റ്റുഡന്റ്‌സ്.
കുട്ടികള്‍ : ഗുഡ് മോര്‍ണിങ്ങ് സര്‍.
വ്യാജ് : ഓക്കേ. നമുക്കാദ്യം തമ്മില്‍ പരിചയപ്പെടാം.
ഓരോരോ കുട്ടികളായി പേരു പറഞ്ഞു പരിചയപ്പെടുത്തുന്നു. പെണ്‍കുട്ടികള്‍ പേരു പറയുമ്പോള്‍ വ്യാജിന് ചെവി തീരെ കേള്‍ക്കാത്തതു പോലെ.
എന്താ കേട്ടില്ലല്ലോ ഒന്നു കൂടി പറയൂ
എന്നിങ്ങനെ പറഞ്ഞ് അവരെക്കൊണ്ട് ഒന്നില്‍ കൂടുതല്‍ തവണ പേരു പറയിപ്പിക്കുന്നു.
പരിചയപ്പെടുത്തല്‍ കഴിഞ്ഞു.
വ്യാജ് : കുട്ടികളേ നിങ്ങളെയൊക്കെ പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. നിങ്ങളെപ്പോലെ അതിസമര്‍ത്ഥരായ കുട്ടികളെ പഠിപ്പിക്കാന്‍ അവസരം കിട്ടിയത് എന്റെ ഭാഗ്യം തന്നെ.
വാഴക്കോടന്‍ : അതിന് ഞങ്ങള്‍ സമര്‍ത്ഥരാണെന്ന് സാറിനെങ്ങനെ മനസ്സിലായി? സാറിന്നാദ്യമല്ലേ?
വ്യാ : ഈ കോളേജിലൊക്കെ പഠിക്കാന്‍ അവസരം കിട്ടുന്നത് സമര്‍ത്ഥരായ കുട്ടികള്‍ക്കല്ലേ? അതു പ്രത്യേകം പറഞ്ഞുതരേണ്ടതുണ്ടോ?
വാഴ : കോളേജില്‍ അഡ്മിഷന്‍ കിട്ടീന്നു വച്ച് എല്ലാരുമങ്ങ് സമര്‍ത്ഥരാണെന്ന് കരുതല്ലേ സാറേ. എന്നെപ്പോലെ മൂന്നാലുപേരേയുള്ളൂ ഇവിടെ സമര്‍ത്ഥരായി. ബാക്കിയൊക്കെ ബുദ്ദൂസുകളാ സാറേ, ദേ ഈ ചങ്കരനും കനലുമൊക്കെ മഹാ മൊണ്ണകളാ. ചങ്കരന് തെങ്ങു കേറ്റമാ പണി. കോളേജീ വരണേനു മുന്‍പും, കോളേജു വിട്ടു കഴിഞ്ഞാലും പാവത്തിനു തെങ്ങേല്‍ കേറണം. പഠിക്കാനൊന്നും പറ്റത്തില്ലന്നേയ്. കനലിനാണെങ്കില്‍ അവന്റപ്പന്റെ ചായക്കടേല്‍ തീയൂതല്‍. തൊണ്ടും ചെരട്ടേം വച്ച് തീയൂതിയൂതി കനലാക്കുന്ന പണി ചെയ്യണോണ്ടാ അവനീ വട്ടപ്പേരു വന്നതു തന്നെ, സാര്‍.
കനലിന്റെ മുഖം ദേഷ്യം കൊണ്ട് തീക്കനല്‍ പോലെ ചുമന്നു തുടുക്കുന്നു.
കനല്‍ : സാര്‍, ഈ വാഴക്കാടന്‍ സമര്‍ത്ഥനായതോണ്ടൊന്നുമല്ല അവന് അഡ്മിഷന്‍ കിട്ടിയത്. കാപ്പിലാനന്ദ സ്വാമികള്‍ക്ക് കോളേജ് തുടങ്ങാനായി, ഇവന്റെ കുവൈറ്റിലെ അളിയന്‍ ലക്ഷങ്ങള്‍ കോഴകൊടുത്തിട്ടുണ്ട്. അതിന്റെ പേരിലാ അവന് അഡ്മിഷന്‍ തരപ്പെട്ടത്. എന്നിട്ടിപ്പം...
കനല്‍ വാഴക്കോടന്റെ മൂക്കിനു നേരെ മുഷ്ടി ചുരുട്ടിക്കൊണ്ടു ചെല്ലുന്നു.
വ്യാജ് പെട്ടെന്നു തന്നെ കനലിനെ തടയുന്നു.
വ്യാജ് : ഹേ, ഹേ, സമാധാനിക്കൂ. ഇതൊന്നും പാടില്ല. എന്തായാലും ഒരു കാര്യം ഉറപ്പ്. നിങ്ങളെല്ലാവരും തന്നെ എന്നേക്കാള്‍ സമര്‍ത്ഥരാണ്.
ആചാര്യന്‍ : അതെന്താ സാറേ അങ്ങനെ പറയണത്? സാറു കോളേജീ പൂയിട്ടില്ലേ?
വ്യാജ് പെട്ടെന്നു പരുങ്ങുന്നു. പിന്നെ ഒരു വലിയ ചിരി മുഖത്തണിഞ്ഞ് : ഹ ഹ ഹ... അതു കൊള്ളാം ഞാന്‍ കോളേജില്‍ പോയിട്ടില്ലേന്ന് ! നല്ല സംശയം തന്നെ.
ആ, ശരി, ഇനി നമുക്ക് പാഠങ്ങള്‍ പഠിച്ചു തുടങ്ങാം.
കുട്ടികളേ, ഞാന്‍ നിങ്ങളെ പഠിപ്പിക്കാന്‍ പോകുന്നത് രസതന്ത്രമാണ്.
നാസ് സൂറയുടെ ചെവിയില്‍ : ഇങ്ങേരിതെന്താ മലയാളത്തിന്റെ വക്താവാണോ?
വ്യാജ് ഇതു കണ്ടെങ്കിലും നാസിനേയും സൂറയേയും നോക്കി ഒരു പഞ്ചാരപ്പാല്‍പ്പുഞ്ചിരി തുകുക മാത്രം ചെയ്യുന്നു.
ക്ലാസ്സ് തുടരുന്നു:
വ്യാ : കുട്ടികളേ, ഈ രസതന്ത്രം രസതന്ത്രം എന്നു പറഞ്ഞാലെന്താണ്? രസിക്കാനുള്ള തന്ത്രം അല്ലെങ്കില്‍ രസിപ്പിക്കാനുള്ള തന്ത്രം.
കുട്ടികള്‍ തമ്മില്‍ തമ്മില്‍ നോക്കുന്നു.
വ്യാജ് : ഈ വാക്കിന് ഇനിയുമൊരര്‍ത്ഥം കൂടിയുണ്ട്. അതായത്, നമ്മുടെയെല്ലാം നാവിനെ രസിപ്പിക്കുന്നതാണല്ലോ ഭക്ഷണം. അങ്ങനെ നാവിനെ രസിപ്പിക്കുന്ന ഒരു ഭക്ഷ്യവിഭവമാണ് രസം. കുട്ടികളേ, നിങ്ങള്‍ കേട്ടിട്ടില്ലേ രസത്തെ കുറിച്ച്? സദ്യയ്ക്കും മറ്റും പായസമൊക്കെ കഴിഞ്ഞ് അവസാനം മോരു വിളമ്പുന്നതിനും തൊട്ടു മുന്‍പായി വിളമ്പുന്ന കറി? ബ്രൗണ്‍ നിറത്തില്‍? സദ്യ ഉണ്ടിട്ടില്ലാത്തവര്‍ തീര്‍ച്ചയായും പരസ്യത്തില്‍ കണ്ടുകാണും. ബിരിയാണി കഴിച്ചു കഴിഞ്ഞാല്‍ ഗ്യാസ് ഇളകാതിരിക്കാനായി നല്ല സ്റ്റൈലില്‍ കഴിക്കേണ്ടുന്ന പാനീയം. കണ്ടിട്ടില്ലേ?
കുട്ടികള്‍ ഒന്നടങ്കം : കണ്ടിട്ടുണ്ട് സാര്‍, കണ്ടിട്ടുണ്ട്.
വാഴ : സാര്‍ ഞാന്‍ കുടിച്ചിട്ടും ഉണ്ട്.
കുട്ടികള്‍ എല്ലാവരും തമ്മില്‍ തമ്മില്‍ ഓരോന്നു പറഞ്ഞ് ചിരിക്കുന്നു. ക്ലാസ്സ് ബഹളമയമാകുന്നു.
വ്യാജ് ഡസ്കില്‍ തട്ടുന്നു. കുട്ടികള്‍ ചിരി അമര്‍ത്തി നിശബ്ദരാകാന്‍ ശ്രമിക്കുന്നു.
വ്യാജ് : ഇങ്ങനെ നാവിനെ രസിപ്പിക്കുന്ന ഒരു ഭക്ഷ്യപദാര്‍ത്ഥമായ 'രസം' ഉണ്ടാക്കുന്ന തന്ത്രമാണ് കുട്ടികളേ രസതന്ത്രം.
കുട്ടികള്‍ ആര്‍ത്തു ചിരിക്കുന്നു. ഡസ്കുകളില്‍ ആഞ്ഞിടിക്കുന്നതിന്റെ ശബ്ദം.
ആകെ ബഹളമയം.
ക്ലാസ്സ് നിയന്ത്രണാതീതമാകുന്നു. .
വാഴക്കോടന്‍ ഉടന്‍ തന്നെ ഒരു നിമിഷകവിത ചമച്ച്, ഡസ്കില്‍ താളം കൊട്ടി, പെണ്‍കുട്ടികളുടെ വശത്തേയ്ക്കു നോക്കി ഇടയ്ക്കിടെ കണ്ണിറുക്കി കാണിച്ചുകൊണ്ട് പാടുവാനും തുടങ്ങുന്നു.
രസമുണ്ടല്ലോ രസമുണ്ടല്ലോ
രസതന്ത്രത്തിന്‍ പുതിയ ക്ലാസ്സ്
രസമുണ്ടാക്കി തന്നു ഞങ്ങളെ
രസിപ്പിച്ചിടൂ സോദരിയേ.....
എല്ലാം കണ്ട് തന്റെ ക്ലാസ്സ് ഇത്രത്തോളം കുട്ടികള്‍ക്ക് രസിക്കുന്നല്ലോ എന്ന അഭിമാനം സ്ഫുരിക്കുന്ന മുഖവുമായി മേശയില്‍ ചാരി നില്‍ക്കുന്നു, വ്യാജ് ജോര്‍ജ്ജ് തങ്ങള്‍ എന്ന അദ്ധ്യാപകന്‍.
കാപ്പില്‍ കുമാര്‍, വരാന്തയിലൂടെ നടന്നു വരുന്നു. വ്യാജിന്റെ ക്ലാസ്സ് മുറിയുടെ അടുത്തെത്തുമ്പോള്‍, അകത്തു നിന്നുയരുന്ന ആരവം ശ്രദ്ധയില്‍ പെടുന്നു. കാപ്പില്‍ കുമാര്‍ ക്ലാസ്സിനകത്തേക്ക് എത്തിനോക്കുന്നു. കുട്ടികള്‍ ബഹളം വച്ച് ചിരിക്കുകയും അതാസ്വദിച്ചെന്നപോലെ അദ്ധ്യാപകന്‍ മേശമേല്‍ ചാരി നില്‍ക്കുകയും ചെയ്യുന്ന രംഗം കണ്ട് അമ്പരക്കുന്നു.
ഇങ്ങനെയാണോ ഒരദ്ധ്യാപകന്‍ ക്ലാസ്സ് മാനേജ് ചെയ്യുന്നത്?
അദ്ദേഹം അദ്ധ്യാപകനെ രൂക്ഷമായി ഒന്നു നോക്കി.
മുഖം കണ്ടിട്ടു നല്ല പരിചയം തോന്നുന്നു. എവിടൊക്കെയോ വച്ചു ഇയാളെ കണ്ടിട്ടുള്ളപോലെ. പെട്ടെന്നാണ് കാപ്പില്‍ കുമാറിന്റെ മനസ്സില്‍ ഒരു കൊള്ളിയാന്‍ മിന്നിയത്.
ഇയാള്‍? ഇയാള്‍ തന്റെ നാട്ടിലെ ചാണുവിലാസം ഹോട്ടല്‍ ആന്റ് ടീഷോപ്പിലെ ഇലയെടുപ്പുകാരനല്ലേ? ഇലയെടുപ്പാണു പണിയെങ്കിലും പളപളാ മിന്നുന്ന കളസവും കോട്ടുമൊക്കെയിട്ട് മുറിഇംഗ്ലീഷുമായി നാട്ടില്‍ വിലസുന്ന ജോര്‍ജ്ജുകുട്ടി?
കാപ്പില്‍ കുമാറിനെ കണ്ടു കുട്ടികള്‍ നിശബ്ദരായതും, അയാള്‍ തന്നെ നിരീക്ഷിക്കുന്നതുമൊക്കെ മനസ്സിലാക്കിയ വ്യാജ് കുട്ടികളോടായി : ശരി കുട്ടികളേ ഇന്നത്തെ ക്ലാസ്സ് കഴിഞ്ഞു. ഇത് എന്റെ ആദ്യത്തെ ക്ലാസ്സായതു കൊണ്ടാ നിങ്ങളെ ഇങ്ങനെ ചിരിക്കാനും കളിക്കാനുമൊക്കെ അനുവദിച്ചത്. അടുത്ത ദിവസം തൊട്ട് ക്ലാസ്സില്‍ നല്ല ഡിസിപ്ലിന്‍ ഉണ്ടായിരിക്കണം.
ഇതും പറഞ്ഞ്, തന്നെത്തന്നെ നോക്കിനില്‍ക്കുന്ന കാപ്പില്‍ കുമറിന്റെ തീക്ഷ്ണ ദൃഷ്ടികളെ തീരെ അവഗണിച്ച് ഡോ. വ്യാജ് ജോര്‍ജ്ജ് തങ്ങള്‍ എന്ന 'അദ്ധ്യാപകന്‍' കാറ്റുപോലെ പുറത്തേയ്ക്കു പാഞ്ഞുപോകുന്നു.
11 comments:
ഈ പോസ്റ്റില്‍ നിന്ന് വിജ്ഞാനപ്രദമായ യാതൊന്നും കിട്ടുന്നില്ലല്ലോ എന്ന് ഒറ്റനോട്ടത്തിനു തോന്നിയേക്കാം. എന്നാലും ഒരു പാഠം ഇതില്‍ നിന്നും നമുക്ക് ഉള്‍ക്കൊള്ളാനുണ്ട്. അതെന്തെന്നാല്‍:
ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് നല്ല നിരീക്ഷണപാടവം ഉണ്ടായിരിക്കണം. കണ്ണും കാതും തുറന്നുവച്ച്, സൂചനകളില്‍ നിന്നു കാര്യങ്ങള്‍ മനസ്സിലാക്കി എടുക്കണം. ഇവിടെ വ്യാജിന്റെ പെരുമാറ്റം പല സന്ദര്‍ഭങ്ങളിലും സംശയമുളവാക്കുന്നതായിരുന്നു. ഉദാഹരണമായി, *ടേക്ക് യുവര്‍ സീറ്റ് എന്നു പറഞ്ഞപ്പോള്‍ അയാളുടെ പ്രതികരണം. ക്വാളിഫിക്കേഷന്‍ - ഡിഗ്രിയുടെ പേര് - പറഞ്ഞപ്പോള്‍ വന്ന നാവു പിഴയ്ക്കല്‍. സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചു കൊണ്ടിരുന്നപ്പോള്‍ വ്യാജ് അമിതമായി വിയര്‍ത്തു കൊണ്ടിരുന്നുന്നത്. ഇതൊക്കെ കാര്യങ്ങള്‍ നിരീക്ഷിച്ചു മനസ്സിലാക്കുന്ന ഒരാളില്‍ സംശയത്തിന്റെ വിത്തുകള്‍ പാകേണ്ടതല്ലേ?
ഇതൊന്നുമില്ലാതെ, അയാള്‍ പറഞ്ഞതൊക്കെ കണ്ണടച്ചു വിശ്വസിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ ഒറിജിനലാണോ എന്നു ഉറപ്പുവരുത്താതെ നിയമനം നല്‍കാന്‍ പാടുണ്ടായിരുന്നോ?
കുട്ടികളേ, ഈ ചോദ്യത്തിന് ഉത്തരം എഴുതൂ.
* ഇതൊരു പഴയ തമാശയാണെങ്കിലും, ഒരു ക്ലാര്‍ക്ക് പോസ്റ്റിന്റെ ഇന്റര്‍വ്യൂവിനു പോയ ഒരു ബി.എ.ക്കാരന്‍ പയ്യന്‍, ഇന്റര്‍വ്യൂവര്‍ ടേക് യുവര്‍ സീറ്റ് എന്നു പറഞ്ഞപ്പോള്‍ യഥാര്‍ത്ഥത്തില്‍ കസേര എടുത്തു പൊക്കിയത് നടന്ന സംഭവമാണ്.
അതെയതെ..... രസം എപ്പോ കുടിക്കണമെന്ന മഹത്തായ അറിവും കിട്ടി.... മോരിന്റെ പുറകെ കുടിച്ചാ വയറ്റീന്നു പോവോ മാഷേ?
അതെ, ബിരാനീന്റെ കൂടെയും രസം.
അതാണ് ഞമ്മടെ ഇപ്പോഴത്തെ സ്റ്റൈല്‍.
തമാശ പഴയതാണെങ്കിലും പുതുമയുള്ള അവതരണം.
സാര്‍ സാര്‍ രസ തന്ത്രം സാര്‍...
ഒരു സംശയം....
H2Oല്‍ പെണ്ണേത് ആണേത് സാര്‍....
ആ ഡോക്കിട്ടറെ എവിടെയോ എന്തരോ കണ്ട പരിചയം!!
രസതന്ത്രത്തിന് ഇങ്ങനെയും ഒരു അർത്ഥമുണ്ടെന്ന് പഠിപ്പിച്ച ഡോ. വ്യാജ് ജോർജ്ജ് തങ്ങൾ സിന്ദാബാദ്....
തങ്ങള്‍ സാറേ ....ബ്ലോഗ്ഗേര്‍സ് കോളേജിലും രസം .....അതാണോ ഇങ്ങടെ ഇപ്പോഴത്തെ സ്റ്റൈല്‍ ??
കണ്ടാ കണ്ടാ വ്യാജന്മാര്‍ പൊങ്ങുന്നത് കണ്ടാ! കോളെജില് ഇനി സമരം തുടങ്ങണാ? ഈ നിലക്കാണെങ്കില്‍ നമ്മടെ കുന്ജീവി അസ്സലായിട്ട് ക്ലാസ്സെടുക്കും കേട്ടാ! ഞാനൊന്ന് വിളിച്ചു നോക്കാം! കുഞ്ഞീവി ഇപ്പൊ ഭയങ്കര ബിസിയാ! ഒരു ഗസ്റ്റ് ലക്ശര്‍ നടത്താന്‍ ചിലപ്പോള്‍ വരുമായിരിക്കും!
കാപ്പിലോ നമ്മക്ക് പുതിയ വിശേഷണമൊക്കെ തന്നല്ലോ!നിമിഷ കവി ,രസം പോലെ ഇഷ്ടായിട്ടോ!
സര്‍,
പനിയായ കാരണം (അമ്മ പറഞ്ഞു ക്ലാസ്സീ പോണ്ടാന്ന്) വരാന്‍ പറ്റീല്യ.
അപ്പഴക്കും വ്യാജന്‍ സാറമ്മാരെ ജോലിക്കെടുത്തോ? ഇങ്ങന്യാച്ചാല്‍ ടി സി വാങ്ങി പോകും.
പകലണ്ണോ, പനിമാറാന്‍ മറ്റവനില്‍ ഒരു സ്പൂണ്‍ കുരുമുളക് പൊടിയിട്ട് ഇങ്ങ് തന്നേ.. വെള്ളം വേണ്ടാട്ടാ..
രാമചന്ദ്ര ഡേയ് നിനക്കിനി ഇല്ല.. നീ ഇപ്പഴേ ഓവറാ....
Post a Comment