ആലപ്പുഴ ഡിസ്ട്രിക്ടിലെ കാപ്പിലെന്ന സ്ഥലത്തു വച്ചു നടക്കുന്ന, കാപ്പിലാന്റെ നിഴല്‍ചിത്രങ്ങള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനകര്‍മ്മത്തില്‍ പങ്കെടുക്കാനായി ഞാനും മോളും മോളുടെ അഛനും കൂടി മേയ് 24 രാവിലെ ഏഴുമണിയോടു കൂടി തിരിച്ചു. കൊല്ലത്ത് എത്തിയപ്പോള്‍ ഒരു ഹോട്ടലില്‍ കയറി കാപ്പികുടിച്ചു. വവ്വാക്കവ് എന്ന സ്ഥലത്തെത്തിയപ്പോള്‍ ഒരു ഫോണ്‍വിളി. നോക്കിയപ്പോള്‍ കാപ്പിലാനാണ്, അങ്ങ് അമേരിക്കയില്‍ നിന്ന്. ഉറങ്ങാതെ ആകാംക്ഷയോടെ കാത്തിരിക്കയാണ് തന്റെ കടിഞ്ഞൂല്‍ പുസ്തകസന്തതിയുടെ പ്രകാശനമുഹൂര്‍ത്തത്തെ. ഉറങ്ങിയില്ലേ എന്നു ചോദിച്ചപ്പോള്‍ എങ്ങനെ ഉറങ്ങാന്‍ പറ്റും എന്നു മറുപടി.
ഏകദേശം പത്ത് മണി ആകാറായപ്പോള്‍ കൃഷ്ണപുരം എന്ന സ്ഥലത്തെത്തി. അവിടെ നിന്ന് വലതുവശത്തേക്കു തിരിയുന്നതിനു പകരം അറിയാതെ കുറച്ചു ദൂരം മുന്‍പോട്ടു പോയി. വഴിമാറിപ്പോയി എന്നു മനസ്സിലായപ്പോള്‍ എതിരേ വന്ന ഒരു സ്ത്രീയോട് ചോദിച്ചു, കാപ്പില്‍ എങ്ങോട്ടെന്ന്. നമ്മള് വലത്തോട്ട് തിരിയേണ്ട സ്ഥലവും കടന്ന് മുന്‍പോട്ടു പോന്നു എന്നും കുറച്ചു മുന്‍പായി വലത്തോട്ടു തിരിയണം എന്നും അവര്‍ പറഞ്ഞു. എന്നിട്ട് അവര്‍ സന്തോഷത്തോടെ പറഞ്ഞു ഞാനും കാപ്പില്‍കാരിയാണ്. അങ്ങനെ വഴി ചോദിച്ചു ചോദിച്ച് നമ്മള് കാപ്പിലെത്തി. ഇടയ്ക്ക് ഒരു ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് ധാരാളം പേര് വേപ്പിലയും മറ്റുമായി പോകുന്നത് കണ്ടു. വഴിനീളെ വേപ്പിലതണ്ടുകള്‍ വില്‍പ്പനയ്ക്ക് വച്ചേയ്ക്കുന്നതും ആളുകള്‍ അവ വാങ്ങി സഞ്ചിയിലാക്കി കൊണ്ടു പോകുന്നതും കണ്ടു.
അങ്ങനെ ഞങ്ങള്‍ കാപ്പില്‍ മാര്‍ത്തോമ്മാ പള്ളിയില്‍ എത്തി. പള്ളിയങ്കണത്തില്‍ വണ്ടി പാര്‍ക്ക് ചെയ്തശേഷം ഞാന്‍ ഇറങ്ങി, അങ്ങു അമേരിക്കയില്‍ താമസിക്കുന്ന ലാല്‍ പി. തോമസ്സിന്റെ വീടേതാണ് എന്നു ചോദിക്കാമെന്നു വച്ച് ഗേറ്റിനടുത്തേക്ക് നടക്കുമ്പോള്‍ പിന്നില്‍ നിന്നൊരു ശബ്ദം - ലാലിന്റെ കാര്യത്തിനായി വന്നതാണോ? തിരിഞ്ഞു നോക്കുമ്പോള്‍ നീല ഷര്‍ട്ട് ഇട്ട ഒരു ചെറുപ്പക്കാരന്. എങ്ങനെ മനസ്സിലായി ആവോ നമ്മള് അതിനു വന്നതാണെന്ന്. ആ ചെറുപ്പക്കാരന് കാപ്പുവിന്റെ ഒരു കസിന് ബ്രദര്‍ ആയിരുന്നു. പേര് രാജു. രാജു ഞങ്ങളെ രാജുവിന്റെ മാരുതിവാനില്‍ കൂട്ടിക്കൊണ്ടു പോയി, തൊട്ടടുത്തു തന്നെയുള്ള കാപ്പുവിന്റെ വീട്ടിലേക്ക്.
കാപ്പുവിന്റെ വീട്ടിലെത്തി വണ്ടിയില്‍ നിന്നിറങ്ങിയതും ഒരാള്‍ മുറ്റത്തുനിന്ന് അതിഥികളെ ഹൃദയംഗമമായി സ്വീകരിക്കുന്നുണ്ട് - കാപ്പുവിന്റെ വീട്ടിലെ റോസി എന്ന നായ. ഞങ്ങളെയൊക്കെ ആദ്യമായി കാണുകയാണെങ്കിലും അവള്‍ക്ക് പണ്ടുമുതലേ പരിചയമുള്ളപോലെ വലാട്ടി സ്നേഹം പ്രകടിപ്പിക്കുന്നു. എന്റെ മോള് റോസിയെ പോയി തലോടുകയും കൊഞ്ചിക്കുകയുമൊക്കെ ചെയ്തിട്ടേ വീട്ടിനകത്തേക്കു കയറിയുള്ളു. നേരത്തെ എത്തിയിരുന്ന ശ്രീ.തോമസ് നീലാര്‍മഠം ഹൃദ്യമായപുഞ്ചിരിയുമായി ഇറങ്ങി വന്നു. അദ്ദേഹവും കുടുംബസമേതമാണ് എത്തിയിരുന്നത്. ഭാര്യയേയും രണ്ടാണ്മക്കളേയും നമുക്ക് പരിചയപ്പെടുത്തി. പുസ്തകപരിചയം നടത്താനായി എത്തിയിരുന്ന ശ്രീ. ജോസഫ് തേക്കിന്‍കാടിനേയും പരിചയപ്പെടുത്തി. വീണ്ടും അതിഥികള്‍ എത്തിക്കൊണ്ടിരുന്നു. ഒരു പുരുഷനും രണ്ടു സ്ത്രീകളും. നോക്കിയപ്പോള്‍ മുഖം പരിചയമുള്ളതു പോലെ. ഓര്‍ത്തുനോക്കിയപ്പോള്‍ മനസ്സിലായി കാപ്പിലാന്റെ ഭാര്യ സുനിതയുടെ അമ്മയും അഛനും. [ഇവരുടെ ഫോട്ടോ എന്റെ കമ്പ്യൂട്ടറില്‍ ഉണ്ടേ.] കൂടെവന്ന മറ്റൊരു ലേഡി സുനിതയുടെ അഛന്റെ സഹോദരന്റെ ഭാര്യ അമ്മിണി ടീച്ചര്‍. ടീച്ചര്‍ തിരുവനന്തപുരത്താണ് താമസം. സ്ഥലമൊക്കെ പറഞ്ഞപ്പോള്‍ എനിക്ക് നല്ലവണ്ണം അറിയാവുന്നിടം, പോരെങ്കില്‍ എന്റെ കൂട്ടുകാരില്‍ ചിലരെ ടീച്ചര്‍ക്കും അറിയാം.. കാപ്പിലാന്റെ ചേച്ചിയും അനിയത്തിയും വന്നു ഇവരെ കെട്ടിപ്പിടിച്ച് ആശ്ലേഷിച്ച് സ്നേഹം പങ്കിടുന്നത് കണ്ടു. പിന്നെ എല്ലാവരും അന്യോന്യം പരിചയപ്പെട്ടു. കാപ്പുവിന്റെ ഏട്ടന് അച്ചന്‍കുഞ്ഞ്, ലിസി, സഹോദരങ്ങളുടെയൊക്കെ കുഞ്ഞുങ്ങള്‍ എല്ലാവരേയും പരിചയപ്പെട്ടു.
എന്റെ കണ്ണുകള്‍ പരതിയത് ബ്ലോഗിലൂടെ അറിഞ്ഞിട്ടുള്ള കാപ്പുവിന്റെ സ്നേഹമയിയായ അമ്മച്ചിയെ ആണ്. അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത് അമ്മച്ചി പള്ളിയില്‍ ആണെന്ന്. കാപ്പിലാന്റെ വീടിന്റെ തൊട്ടടുത്ത പറമ്പില്‍ തന്നെയാണ് പള്ളിയും. പള്ളിയിലെ സര്‍വീസ് കഴിയുവോളം ഞങ്ങള്‍ കാപ്പുവിന്റെ വീട്ടില്‍ തന്നെ വിശ്രമിച്ചു.
പതിനൊന്നര ആകാറായപ്പോള്‍ ഞങ്ങള്‍ എല്ലാവരും പള്ളിയിലേക്ക് തിരിച്ചു. അവിടെ വച്ചാണ് ഞാന്‍ കാപ്പുവിന്റെ അമ്മയെ ആദ്യമായി കാണുന്നത്. അവിടെ നടക്കാന്‍ പോകുന്ന തന്റെ മകന്റെ പുസ്തകപ്രകാശനചടങ്ങ് ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കയായിരുന്നു ആ അമ്മ.
പ്രാര്‍ത്ഥനയൊക്കെ കഴിഞ്ഞെങ്കിലും പള്ളിയില്‍ നിന്ന് ആരും പിരിഞ്ഞു പോയിരുന്നില്ല. പള്ളിയങ്കണത്തും അകത്തുമായി ധാരാളം പേര് ഉണ്ടായിരുന്നു. വികാരിയച്ചന്റെ അദ്ധ്യക്ഷതയില്‍ ചടങ്ങ് ആരംഭിച്ചു. പള്ളിയിലെ സംഗീതദിനമായിരുന്നതിനാല്‍ ഗായകസംഘത്തിന്റെ ഗാനാലാപനം കൂടി ഇടയ്ക്ക് ഉള്‍പ്പെടുത്താം എന്ന് അദ്ദേഹം പറഞ്ഞു. അതനുസരിച്ച് ഗായകസംഘം ആലപിച്ച മനോഹരമായ ഒരു പ്രാര്‍ത്ഥനാഗീതത്തോടു കൂടിയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ശ്രീ. നീലാര്‍മഠം പ്രൗഡഗംഭീരമായ ഒരു സ്വാഗതപ്രസംഗം നടത്തി. അതിനു ശേഷം വികാരിയച്ചന്റെ അദ്ധ്യക്ഷ പ്രസംഗം. വീണ്ടും ഒരു ഗാനാലാപനത്തിനു ശേഷം ശ്രീ. ജോസഫ് തേക്കിന് കാട് പുസ്തകപരിചയം നടത്തി. ഒരു മധുരഗാനാലാപനം കൂടി കഴിഞ്ഞ് വികാരിയച്ചന്, മനോഹരമായ വര്‍ണ്ണക്കടലാസ്സില്‍ പൊതിഞ്ഞ പുസ്തകത്തിന്റെ ഒരു പ്രതി എനിക്കു തന്ന് പ്രകാശനകര്‍മ്മം നിര്‍വഹിച്ചു. ചടങ്ങിന് ആശംസകളര്‍പ്പിക്കാനായി എത്തിയിരുന്നത്, കാപ്പിലാന്റെ ഗുരുനാഥനും കൂടിയായ ശ്രീ. ഡി.കെ യേശുദാസന് ആയിരുന്നു. നന്ദിപറഞ്ഞത് കാപ്പിലാന്റെ ഇളയപ്പനും.
ചടങ്ങിലുടനീളം കാപ്പുവിന്റെ അമ്മച്ചിയുടെ അഭിമാനവും സന്തോഷവുമൊക്കെ സ്ഫുരിക്കുന്ന മുഖം എനിക്കു കാണാമായിരുന്നു. ഒരമ്മയ്ക്ക് ജീവിതത്തില്‍ കിട്ടാവുന്ന മഹനീയ നിമിഷങ്ങളിലൊന്നല്ലേ ഇത്.
ചടങ്ങു കഴിഞ്ഞ് ലഘുഭക്ഷണ വിതരണം ഉണ്ടായിരുന്നു. ചായയും പഫ്സും. പുറത്തിറങ്ങിയപ്പോള്‍ കാപ്പുവിന്റെ ഒരു പഴയ ഫ്രണ്ട് ആണെന്നുപറഞ്ഞ് ഒരു ലേഡി വന്നു പരിചയപ്പെട്ടു. പേര് ബീന(സൂസന്). ബീന പറഞ്ഞു: ലാല്‍ പണ്ടേ തന്നെ തമാശ പറഞ്ഞ് ഞങ്ങളെയൊക്കെ ചിരിപ്പിക്കുന്നതില്‍ മുന്‍പന്തിയിലായിരുന്നു. തമാശ പറഞ്ഞ് മറ്റുള്ളവരെ ചിരിപ്പിച്ചിട്ട് പുള്ളിക്കാരനൊട്ടു ചിരിക്കത്തുമില്ല - ബീനയുടെ പരാതി. ശ്രീ യേസുദാസനും കാപ്പുവിനെ ഓര്‍ക്കുന്നത് തമാശക്കാരനും കുറുമ്പനും വികൃതിയുമൊക്കെയായൊരു പൂര്‍വ്വകാലവിദ്യാര്‍ത്ഥിയായാണ്. അങ്ങനെ, അങ്ങകലെയാണെങ്കിലും നാട്ടുകാരില്‍ പലരുടേയും മനസ്സുകളില്‍ കാപ്പു ഇന്നും ജീവിക്കുന്നു പ്രിയപ്പെട്ടവനായി.
ചടങ്ങു കഴിഞ്ഞ് ഞങ്ങള്‍ കാപ്പുവിന്റെ വീട്ടിലേക്ക് പോയി. അവിടെ വിഭവസമൃദ്ധമായ ഗംഭീര സദ്യ ഒരുക്കിയിരുന്നു. ചിക്കന്‍, മല്‍സ്യം എല്ലാമുണ്ട്. കൂട്ടത്തില്‍ നമുക്കു വേണ്ടി സ്പെഷ്യലായി ഒന്നാംതരം വെജിറ്റേറിയന്‍ വിഭവങ്ങളും (കിച്ചടി, ഇഞ്ചി, കടുമാങ്ങ, അവിയല്‍, തോരന്‍ തുടങ്ങിയവ.) മൃഷ്ടാന്നം കഴിച്ചു എല്ലാവരും.
എന്റെ അടുത്തിരുന്നു ഉണ്ടു കൊണ്ടിരുന്ന കൃഷ്ണേട്ടനെ നോക്കി അമ്മച്ചി കഴുത്തില്‍ താലി എന്ന ആംഗ്യം കാണിച്ചു എന്നോടു ചോദിച്ചു. ഞാന്‍ അതേന്നു തലയാട്ടിയപ്പോള്‍ അമ്മച്ചി തോളൊന്നു വെട്ടിച്ച് വായ് പൊത്തി ചിരിച്ച ആ നിഷ്കളങ്ക ഭാവം കാണണമായിരുന്നു -കൊച്ചു പെണ്‍കുട്ടിയെ പോലെ. അമ്മച്ചിയുടെ ആ ആംഗ്യം കണ്ട് എല്ലാവരും ചിരിച്ചു പോയി. പിന്നെ എന്റെ മൂത്ത മോള് എവിടെ എന്നു ചോദിച്ചു. അവള് സിംലയിലാണ് എന്നു പറഞ്ഞപ്പോള്‍ അമ്മച്ചി കേട്ടത് 'സിനിമയിലാണ്' എന്നാണ്. ഓ സിനിമയിലോ എന്നമ്മച്ചി തിരിച്ചു ചോദിച്ചു. അതുകേട്ട് എന്റെ മോള് പൊട്ടിച്ചിരിച്ചു. സിനിമയില്‍ ചേരാനുള്ള വല്ല ഗ്ലാമറും നമുക്കുണ്ടോ എന്നു വിചാരിച്ചാണ് അവള് ചിരിച്ചത്. പിന്നെ അമ്മച്ചിക്ക് സിംല എന്നു പറഞ്ഞു മനസ്സിലാക്കിക്കൊടുത്തു. അപ്പോള്‍ അമ്മച്ചി 'വയസ്സായില്ലേ മക്കളേ ചെവിയൊന്നും പോര' എന്ന് മോളോട് പറഞ്ഞു ചിരിച്ചു. പാവം അമ്മച്ചിക്ക് വിഷമമായോ എന്തോ.
ഊണ് കഴിഞ്ഞ് സുനിതയുടെ അമ്മയും അമ്മിണിടീച്ചറുമായി ഏറെ നേരം സംസാരിച്ചു. മേഴ്സിയും ബേബിയും എല്ലാം വളരെ സൗഹൃദ ഭാവമുള്ളവര്‍. എല്ലാവരുമായും മാനസീകമായി വളരെ അടുത്തതുപോലെ ഏതാനും മണിക്കൂറുകള്‍കൊണ്ട്. പോരാന്‍ നേരം അമ്മച്ചിയുടെ കൈയില്‍ ഒരു കാര്യം പിടിപ്പിച്ചു കൊടുത്തു അന്നേരം ആ മുഖത്ത് വല്ലാത്തൊരു നിര്‍വൃതിഭാവം തെളിഞ്ഞു.
ഒരു കാര്യം കൂടി. അവിടത്തെ റോസി എന്ന നായയുടെ സ്നേഹവും കൂടി ആവോളം ആസ്വദിച്ചിട്ടേ കാപ്പില്‍ നിന്നു തിരിച്ചുള്ളു.
ബ്ലോഗില്‍ തുടങ്ങിയ സൗഹൃദം അങ്ങനെ കുടുംബങ്ങള്‍ തമ്മിലുള്ള സൗഹൃദമായി മാറി.
ഇനി കായംകുളത്തു ചെല്ലുമ്പോള്‍ അവിടൊരു ബന്ധുവീടുണ്ട് നമുക്ക്. കാപ്പുവിനും കുടുംബത്തിനും ഈ തിരോന്തരത്തും ഒരു ബന്ധുവീടുണ്ട്.
(എറണാകുളത്തും ഒരു ബന്ധുവുണ്ടെനിക്ക് - നീരു).
ഗീത.
15 comments:
((((((((ഠേ))))))))
ആദ്യം തേങ്ങ്യാ.....
ഹിഹിഹിഹിഹിഹിഹിഹിഹി
ഗീതാമ്മേ;
അപ്പോ ഈ കാപ്പിരിചേട്ടന് ചെറുപ്പത്തിലും ഒരു തല്ലുകൊള്ളിയായിരുന്നു അല്ലേ!!
ഈ വിവരണം കൂടിയായപ്പോള്‍ നിഴല്‍ചിത്രങ്ങളുടെ പ്രകശനകര്മ്മ രംഗങ്ങള്‍ കൂടുതലായി ജനമനസ്സിലെത്തിക്കുവാന് കഴിഞ്ഞു.
ആശംസകള്‍ ഗീതാമ്മക്കും, കാപ്പിച്ചേട്ടനും..
നിഴൽച്ചിത്രങ്ങളുടെ പ്രകാശന ചടങ്ങ് അങ്ങ് കാപ്പിൽ നടന്നത് ഞങ്ങടെ കൺ മുന്നിൽ നടന്നതു പോലെ.നല്ല വിവരണം ഗീതച്ചേച്ചീ.
എന്നാലും മോളു സിനിമയിലാ ല്ലേ !!
ഗീതയുടെ വിവരണം കലക്കി. കപ്പിലാന്റെ അമ്മയുടെ ചിരി വിവരണത്തില്‍ ശരിക്കും തെളിഞ്ഞു.പക്ഷെ എനിക്ക് പുസ്തകം കിട്ടിയില്ല കേട്ടൊ കാപ്പിലാന്. ഞാനന്വേഷിച്ചത് തൃശൂരാണ്. .
മിസ്ടര്‍ കാപ്പില്സ്..... ബീയിംഗ് ആന്‍ അയല്‍വാസി ആയിരുന്നിട്ടും യു ഡിഡിന്ട് കാള്‍ മി ഫോര്‍ യുവര്‍ പുസ്തക പ്രകാശനം.. !!
(മനസ്സിലായില്ല അല്ലെ ...ഇയ്യാളുടെ അയല്‍വാസിയും ദരിദ്രവാസിയുമായ ഈ ഞ്യാന്‍ കായംകുളം രാജ്യത്തിന്റെ അടുത്തുണ്ടായിരുന്നിട്ടും ഇങ്ങേരുടെ പുസ്തക പ്രകാശനം എന്ന സംഭവത്തിനു എന്നെ വിളിച്ചില്ലല്ലോ എന്നാ ഇംഗ്ലീഷില്‍ ചോദിച്ചത്...)
വെറുതെ കവി ആണെന്ന് പറഞ്ഞു നടന്നാല്‍ പോരാ അല്പം ഇംഗ്ലീഷ് ഒക്കെ പഠിയ്ക്കാന്‍ നോക്ക്....
വായിച്ചുകഴിഞ്ഞപ്പോള്‍ അതില്‍ പങ്കെടുത്ത പോലെയായി. അത്ര ലളിതമായി വിശദമായി എഴുതിയിരിക്കുന്നു. ഇങ്ങനെ എത്ര സൌഹൃദങ്ങള്‍ നമുക്കു് - ഈ ബൂലോഗവാസികള്ക്കു്.
:)
സൌഹൃദമേ ഉലകം . ...
:-)
വിവരണം കലക്കി :)
ഇതൊക്കെ വായിക്കുന്നതില്‍ സന്തോഷം തോന്നുന്നു...നന്ദി...
വളരെ ഹൃദ്യമായ യാത്രാവിവരണം. പ്രകാശന ചടങ്ങിന്റെ മറ്റൊരു ആംഗിളില്‍ നിന്നുള്ള വീക്ഷണം രസമായി.. 'തൊടുപുഴ മീറ്റ് & നിഴല്ചിത്രങ്ങല്' എല്ലാം ചേര്‍ത്ത് ഇതിനോടകം 20 പോസ്റ്റുകള്‍ വന്നു കഴിഞ്ഞു
:)
ഇത്രയും നന്നായി യാത്ര വിവരണം എഴുതുവാന്‍ ഉള്ള കഴിവ് അംഗീകരിക്കുന്നു .... അവിടേ എത്തിയ പ്രതീതീ ഉണ്ടാക്കി .. നന്മകള് നേരുന്നു
ബൂലോകത്ത് നിന്ന് കുറച്ചുകാലം
ഭൂലോകത്തേക്ക് മാറി
വായനയില്‍ നന്നെ പിറകിലായി
ഗീതേ നല്ല വിവരണം
നിഴല്‍ചിത്രങ്ങള്‍ക്ക് ആശംസകള്‍
Post a Comment